15/04/2026
[fontresizer_tawhidurrahmandear_widget]

‘ഇത്രയൊക്കെ സമ്പാദിച്ചിട്ടും അംബാനി നിർത്തുന്നുണ്ടോ? സന്തോഷം നിലനിർത്താൻ വേണ്ടിയാണ് കൂടുതൽ പണമുണ്ടാക്കുന്നത്’- മമ്മൂട്ടി

 ‘ഇത്രയൊക്കെ സമ്പാദിച്ചിട്ടും അംബാനി നിർത്തുന്നുണ്ടോ? സന്തോഷം നിലനിർത്താൻ വേണ്ടിയാണ് കൂടുതൽ പണമുണ്ടാക്കുന്നത്’- മമ്മൂട്ടി

അഞ്ച് പതിറ്റാണ്ടുകൾ പിന്നിട്ടിട്ടും അഭിനയത്തോടുള്ള തന്റെ അടങ്ങാത്ത അഭിനിവേശത്തിന്റെ രഹസ്യം വെളിപ്പെടുത്തി മെഗാസ്റ്റാർ മമ്മൂട്ടി. സുരക്ഷിതമായ ജീവിതത്തിന് ഇനി പണം ആവശ്യമില്ലെന്നും, എന്നാൽ കർമ്മരംഗത്ത് തുടരുന്നത് അതിൽ നിന്നും ലഭിക്കുന്ന സന്തോഷത്തിന് വേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു. ‘ദി ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യ’യ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരം തന്റെ നിലപാടുകൾ വ്യക്തമാക്കിയത്.

സമ്പന്നരും രാഷ്ട്രീയക്കാരും പ്രായം വകവെക്കാതെ ജോലിയിൽ തുടരുന്നത് എന്തിനാണെന്ന ചോദ്യത്തിന് മറുപടിയായാണ് മമ്മൂട്ടി മുകേഷ് അംബാനിയെ ഉദാഹരണമായി ചൂണ്ടിക്കാട്ടിയത്. “മുകേഷ് അംബാനി എന്തിനാണ് ഇത്രയധികം പണം സമ്പാദിക്കുന്നത്? അദ്ദേഹം സമ്പാദിക്കുന്ന മുഴുവൻ പണവും അദ്ദേഹത്തിന് മാത്രം ഉപയോഗിക്കാൻ കഴിയില്ല. അത് അവർക്ക് ലഭിക്കുന്ന സന്തോഷത്തിന് വേണ്ടിയാണ്. അതുപോലെ തന്നെയാണ് രാഷ്ട്രീയക്കാരും. എന്തുണ്ടെങ്കിലും മനുഷ്യന് കൂടുതൽ വേണമെന്ന തോന്നലുണ്ടാകും, അതിനെ നമുക്ക് ഒരുതരം അത്യാഗ്രഹം എന്ന് വിളിക്കാം,” മമ്മൂട്ടി പറഞ്ഞു.

പഴയകാല തമിഴ് നടൻ എം.ആർ രാധയുടെ അഭിനയത്തോടുള്ള സമർപ്പണത്തെയും അദ്ദേഹം അനുസ്മരിച്ചു. ശാരീരികമായി അതീവ ദുർബലനായിരുന്നിട്ടും, ക്യാമറയ്ക്ക് മുന്നിലെത്തിയാൽ ഒരു ‘പവർഹൗസ്’ ആയി മാറുന്ന രാധയുടെ രീതി അത്ഭുതകരമാണെന്ന് അദ്ദേഹം ഓർത്തെടുത്തു.

74-ാം വയസ്സിലും മലയാള സിനിമയിലെ വടവൃക്ഷമായി നിൽക്കുന്ന മമ്മൂട്ടി, തന്റെ അഭിനയത്തോടുള്ള താല്പര്യത്തെ ആർത്തി എന്നാണ് വിശേഷിപ്പിക്കാറുള്ളത്. പത്മഭൂഷണും മൂന്ന് ദേശീയ പുരസ്കാരങ്ങളും ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ നേടിയ താരം, ഇന്നും പുതിയ വെല്ലുവിളികൾ ഏറ്റെടുക്കാൻ തയ്യാറാണെന്ന് അഭിമുഖത്തിലൂടെ ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ്.

Also read: