‘രമേഷ് പിഷാരടിക്കും ദൈവതുല്യനായ മമ്മൂക്കയ്ക്കും ഒരായിരം നന്ദി’; ആ അഭിനന്ദനങ്ങളിലാണ് വേദന മറന്നതെന്ന് കണ്ണൻ സാഗർ
കൊച്ചി: ഹൃദയസംബന്ധമായ ശസ്ത്രക്രിയയ്ക്ക് ശേഷം സുഖം പ്രാപിച്ചുവരുന്ന നടൻ കണ്ണൻ സാഗർ തനിക്ക് തുണയായവർക്ക് നന്ദി പറഞ്ഞ് രംഗത്ത്. മമ്മൂട്ടി ഫൗണ്ടേഷന്റെയും നടൻ രമേഷ് പിഷാരടിയുടെയും സഹായം കൃത്യസമയത്ത് ലഭിച്ചതാണ് തനിക്ക് വലിയ ആശ്വാസമായതെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. ആലുവ രാജഗിരി ആശുപത്രിയിൽ വെച്ചായിരുന്നു കണ്ണൻ സാഗറിന്റെ ബൈപാസ് സർജറി നടന്നത്.
തന്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾ അറിഞ്ഞ് സഹായിക്കാൻ തയ്യാറായ രമേഷ് പിഷാരടിയോടും, ചികിത്സാ വേളയിൽ ധൈര്യം പകർന്ന് ഒപ്പമുണ്ടായിരുന്ന മമ്മൂട്ടി ഫൗണ്ടേഷൻ പ്രതിനിധി റോബർട്ട് ജിൻസിനോടും (PRO, Mammookka Foundation) അദ്ദേഹം കടപ്പാട് അറിയിച്ചു. “ദൈവതുല്യനായ മമ്മൂക്കയോട് ഒരായിരം നന്ദി” എന്നാണ് അദ്ദേഹം കുറിച്ചത്. സർജറിക്ക് ശേഷം തളർന്നിരുന്ന ഘട്ടത്തിൽ ഡോക്ടർമാരും സ്റ്റാഫുകളും നൽകിയ സ്നേഹവും പ്രോത്സാഹനവുമാണ് ജീവിതത്തിലേക്ക് തിരികെ വരാൻ കരുത്തായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സിനിമയിലെ സഹപ്രവർത്തകരായ സാജു കൊടിയൻ, കെ.എസ് പ്രസാദ് എന്നിവർ രക്തദാനത്തിനും മറ്റുമായി ഓടിനടന്നു. ‘ആട് 3’, ‘വാഴ 2’ തുടങ്ങിയ സിനിമകളിലെ പ്രകടനം കണ്ട് ആശുപത്രിയിലെ ഡോക്ടർമാരും ജീവനക്കാരും അഭിനന്ദിച്ചപ്പോൾ ശസ്ത്രക്രിയയുടെ വേദനകൾ താൻ മറന്നുപോയെന്നും അദ്ദേഹം വികാരാധീനനായി പറഞ്ഞു. എംഎഎ സംഘടനയിലെ പ്രവർത്തകർക്കും സുഹൃത്തുക്കൾക്കും രാജഗിരി ആശുപത്രിയിലെ ചികിത്സാ വിഭാഗത്തിനും നന്ദി അറിയിച്ചാണ് കണ്ണൻ സാഗർ കുറിപ്പ് അവസാനിപ്പിക്കുന്നത്. നിലവിൽ ഡിസ്ചാർജ് ആയി വീട്ടിലെത്തിയ താരം വിശ്രമത്തിലാണ്.