‘ബാബുരാജും സിദ്ദിഖും പറഞ്ഞത് മറ്റൊരു സ്ത്രീയും കേട്ടുനിൽക്കില്ല, അമ്മ ജനറൽ ബോഡി യോഗത്തിൽ അശ്ലീല പരാമർശങ്ങളുണ്ടായി’- ശ്വേതാ മേനോൻ
കൊച്ചി: താരസംഘടനയായ ‘അമ്മ’യുടെ ജനറൽ ബോഡി യോഗത്തിൽ അശ്ലീല പരാമർശങ്ങൾ ഉണ്ടായതായും സ്ത്രീകളുടെ ശബ്ദം അടിച്ചമർത്തപ്പെടുന്നതായും നടി ശ്വേതാ മേനോൻ. സംഘടനയിലെ നിലവിലെ വിവാദങ്ങളുമായി ബന്ധപ്പെട്ട് അഡ്ഹോക് കമ്മിറ്റി ചുമതലക്കാരൻ രമേഷ് പിഷാരടിയുമായി ശ്വേത നടത്തിയ ഫോൺ സംഭാഷണത്തിലാണ് ഗുരുതര ആരോപണങ്ങൾ ഉള്ളത്.
ജനറൽ ബോഡിയിൽ നടന്ന കാര്യങ്ങൾ ഞെട്ടിപ്പിക്കുന്നതാണെന്ന് ശ്വേത പറയുന്നു. മോഹൻലാൽ ഉണ്ടായിരുന്നപ്പോൾ ഒരു നിയമവും സ്ത്രീകൾ അധികാരത്തിൽ വന്നപ്പോൾ മറ്റൊരു നിയമവുമാണോയെന്ന് ശ്വേത ചോദിക്കുന്നു. യോഗത്തിൽ കൊല്ലം തുളസി തന്നെ പിന്തുണച്ചപ്പോൾ സിദ്ദിഖ് മൈക്ക് പിടിച്ചുവാങ്ങിയെന്നും അനൂപ് ചന്ദ്രൻ തല്ലാൻ ഓങ്ങിയെന്നും ശ്വേത ആരോപിച്ചു. ബാബുരാജും സിദ്ദിഖും പറഞ്ഞ കാര്യങ്ങൾ വേറെ ഏത് സ്ത്രീയാണെങ്കിലും കേട്ടുനിൽക്കില്ല. ജനറൽ ബോഡിയിൽ നടന്ന മുഴുവൻ സംഭവങ്ങളുടെയും വ്യക്തതയുള്ള വീഡിയോ തന്റെ കയ്യിലുണ്ടെന്നും ശ്വേത വ്യക്തമാക്കുന്നുണ്ട്.
സംഘടനയുടെ അധ്യക്ഷ സ്ഥാനത്തുനിന്ന് താൻ രാജിവെച്ചെന്ന് പറഞ്ഞിട്ടേയുള്ളൂവെന്നും ആർക്കും എഴുതിക്കൊടുത്തിട്ടില്ലെന്നും ശ്വേത വെളിപ്പെടുത്തി. എഴുതിക്കൊടുത്താൽ മാത്രമേ രാജി ഔദ്യോഗികമാകൂ. കൂടാതെ, ബാബുരാജിന്റെ കമ്മിറ്റിയിലെ കണക്കുകളിൽ വലിയ ക്രമക്കേടുകളുണ്ടെന്നും അത് പരിശോധിക്കണമെന്നും ശ്വേത ആവശ്യപ്പെടുന്നുണ്ട്.
എന്നാൽ, കണക്കുകൾ പരിശോധിക്കുമ്പോൾ തെറ്റൊന്നും കണ്ടില്ലെങ്കിലേ നിരപരാധിത്വം തെളിയൂ എന്നാണ് പിഷാരടിയുടെ മറുപടി. എല്ലാ കണക്കുകളും അഡ്ഹോക് കമ്മിറ്റി പരിശോധിക്കുമെന്നും പിഷാരടി ഉറപ്പുനൽകുന്നു. അഡ്ഹോക് കമ്മിറ്റി അംഗങ്ങളായ സാദിഖും സുരേഷ് കൃഷ്ണയും ബാബുരാജിന്റെ ആളുകളായതിനാൽ വിശ്വാസമില്ലെന്ന് ശ്വേത ആശങ്കപ്പെടുമ്പോൾ, താൻ കമ്മിറ്റിയിൽ ഉള്ളപ്പോൾ അതിനൊന്നും പ്രസക്തിയില്ലെന്ന് പിഷാരടി വ്യക്തമാക്കുന്നുണ്ട്. അമ്മ അസോസിയേഷന് വേണ്ടിയാണ് ഇത്രയും ദിവസം മിണ്ടാതിരുന്നതെന്നും ശ്വേത ഫോൺ സംഭാഷണത്തിൽ പറയുന്നു.