ഗസ്സ ആക്രമണത്തിൽ കാൽ നഷ്ടമായ ഇസ്രയേലി സൈനികൻ പരസ്യത്തിൽ: അഡിഡാസിനെതിരെ പ്രതിഷേധവും ബഹിഷ്കരണാഹ്വാനവും
തെൽ അവീവ്: ഗസ്സയിലെ സൈനിക നടപടിയിൽ പങ്കെടുത്ത മുൻ ഇസ്രയേൽ സൈനികനെ പുതിയ പരസ്യ കാമ്പെയ്നിന്റെ ഭാഗമാക്കിയതിൽ പ്രമുഖ സ്പോർട്സ്വെയർ ബ്രാൻഡായ അഡിഡാസിനെതിരെ ആഗോളതലത്തിൽ വൻ പ്രതിഷേധവും ബഹിഷ്കരണാഹ്വാനവും.
ഇസ്രയേൽ വിപണി ലക്ഷ്യമിട്ട് അഡിഡാസ് ആരംഭിച്ച “സിംഗിൾ ഷൂ സർവീസ്” പദ്ധതിയുടെ പ്രചാരണത്തിനാണ് മുൻ സൈനികൻ ഷാലേവ് ബിറ്റണെ ഉൾപ്പെടുത്തിയത്. ഗസ്സ ആക്രമണത്തിനിടെ കാൽ നഷ്ടപ്പെട്ടയാളാണ് ഷാലേവ്. ഒറ്റക്കാൽ നഷ്ടപ്പെട്ടവർക്ക് ഒരു ജോഡി ഷൂസിന്റെ പകുതി വിലയ്ക്ക് ഒരൊറ്റ ഷൂ വാങ്ങാൻ സൗകര്യമൊരുക്കുന്നതാണ് പദ്ധതി. ഉൾക്കൊള്ളലിന്റെയും സാമൂഹിക ഉത്തരവാദിത്തത്തിന്റെയും ഭാഗമായി അവതരിപ്പിച്ച പരസ്യത്തിൽ ഇസ്രയേലി സൈനികനെത്തന്നെ അണിനിരത്തിയതാണ് മനുഷ്യാവകാശ പ്രവർത്തകരെയും ഫലസ്തീൻ അനുകൂല സംഘടനകളെയും ചൊടിപ്പിച്ചത്.
ഗസ്സയിലെ വംശഹത്യയിൽ പങ്കാളിയായ സൈനികനെ കാമ്പെയ്നിന്റെ മുഖമാക്കിയതിൽ സോഷ്യൽ മീഡിയയിലും രോഷം പുകയുകയാണ്. ഇസ്രയേൽ ആക്രമണത്തിൽ അവയവങ്ങൾ നഷ്ടപ്പെട്ട ഗസ്സയിലെ ഫലസ്തീനികൾക്കും ഇതേ ആനുകൂല്യം നൽകുമോ എന്ന് ഉപയോക്താക്കൾ ചോദ്യമുയർത്തുന്നു.
മുമ്പും ഫലസ്തീൻ വിഷയത്തിൽ അഡിഡാസ് വിവാദത്തിലായിട്ടുണ്ട്. 2024-ൽ ഇസ്രയേൽ അനുകൂല സംഘടനകളുടെ സമ്മർദത്തിന് വഴങ്ങി തങ്ങളുടെ ‘റെട്രോ എസ്എൽ 72’ കാമ്പെയ്നിൽ നിന്ന് ഫലസ്തീനിയൻ-അമേരിക്കൻ സൂപ്പർ മോഡൽ ബെല്ല ഹദീദിനെ അഡിഡാസ് ഒഴിവാക്കിയത് വലിയ പ്രക്ഷോഭങ്ങൾക്ക് വഴിവെച്ചിരുന്നു.