‘അനുഭവക്കുറവ് മൂലം പിഴവുകൾ ഉണ്ടായി, തിരുത്തുന്നതിനുള്ള നടപടികൾ ആരംഭിച്ചുകഴിഞ്ഞു’; അമ്മ അംഗങ്ങൾക്ക് തുറന്ന കത്തുമായി ശ്വേത മേനോൻ
കൊച്ചി: താരസംഘടനയായ ‘അമ്മ’യിൽ അടുത്തിടെയുണ്ടായ വിവാദങ്ങളിലും അഭിപ്രായവ്യത്യാസങ്ങളിലും നിലപാട് വ്യക്തമാക്കി പ്രസിഡന്റ് ശ്വേത മേനോന്റെ നേതൃത്വത്തിലുള്ള ഭരണസമിതി. അനുഭവക്കുറവ് മൂലം കമ്മിറ്റിയുടെ ഭാഗത്തുനിന്ന് ചില പിഴവുകൾ സംഭവിച്ചിട്ടുണ്ടെന്നും അത് ആത്മപരിശോധനയിലൂടെ തിരിച്ചറിഞ്ഞ് തിരുത്തുന്നതിനുള്ള നടപടികൾ ആരംഭിച്ചതായും വ്യക്തമാക്കി ഭരണസമിതി അംഗങ്ങൾക്ക് തുറന്ന കത്തെഴുതി.
കഴിഞ്ഞ ജൂൺ 21-ന് നടന്ന വാർഷിക ജനറൽ ബോഡി യോഗത്തിലുണ്ടായ ചർച്ചകളും തുടർസംഭവങ്ങളും അംഗങ്ങളിൽ വിഷമവും ആശങ്കയും ഉണ്ടാക്കിയിട്ടുണ്ടാകാമെന്ന് കത്തിൽ പറയുന്നു. കൂടുതൽ പക്വതയോടെയും ഉത്തരവാദിത്തത്തോടെയും മുന്നോട്ടുപോകാനാണ് കമ്മിറ്റി തീരുമാനിച്ചിരിക്കുന്നത്. നിലവിലെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ ഉത്തരവാദിത്തങ്ങൾ തുടർന്നും നിർവഹിക്കുന്നുണ്ടെന്നും ജൂൺ 21 മുതൽ സംഘടനയുടെ ദൈനംദിന പ്രവർത്തനങ്ങൾക്ക് യാതൊരു തടസ്സവും നേരിട്ടിട്ടില്ലെന്നും കത്തിലൂടെ ശ്വേത മേനോൻ അറിയിച്ചു.
അംഗങ്ങളുടെ കൈനീട്ടം, സഞ്ജീവനി പദ്ധതി, മെഡിക്കൽ ഇൻഷുറൻസ് ആനുകൂല്യങ്ങൾ ഉൾപ്പെടെയുള്ള എല്ലാ സേവനങ്ങളും സംഘടന മുടക്കമില്ലാതെ മുന്നോട്ട് കൊണ്ടുപോകുന്നുണ്ട്. ഭാവിയിലും ഈ സേവനങ്ങൾ അതേ ആത്മാർഥതയോടെ തുടരും. അംഗങ്ങളുടെ ക്ഷേമവും സുരക്ഷയും സംഘടനയുടെ ഐക്യവുമാണ് തങ്ങളുടെ ഏറ്റവും വലിയ മുൻഗണനയെന്നും തുടർന്നും എല്ലാവരുടെയും പിന്തുണ പ്രതീക്ഷിക്കുന്നതായും ശ്വേത മേനോൻ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി.