‘അൻസിബ 4 പേരെ മതംമാറ്റാൻ ശ്രമിച്ചെന്ന് ശ്വേത പറഞ്ഞു; ഞാൻ എതിർത്തപ്പോൾ സിനിമയിലുണ്ടാവില്ലെന്ന് ഭീഷണിപ്പെടുത്തി’; മാലാ പാർവതി
കൊച്ചി: അൻസിബ നാല് പേരെ മതം മാറ്റാൻ ശ്രമിച്ചെന്ന് ശ്വേത മേനോൻ പറഞ്ഞെന്നും താൻ എതിർത്തപ്പോൾ സിനിമയിൽ ഉണ്ടാവില്ലെന്ന് ഭീഷണിപ്പെടുത്തിയതായും നടി മാലാ പാർവതി വെളിപ്പെടുത്തി. താര സംഘടനയായ ‘അമ്മ’യിലെ ആഭ്യന്തര തർക്കങ്ങളും പ്രതിസന്ധികളും അതീവ ഗുരുതരമായ ഘട്ടത്തിലേക്ക് നീങ്ങുന്നതിനിടെയാണ് ഗുരുതരമായ ആരോപണങ്ങളുമായി മുതിർന്ന നടിമാർ രംഗത്തെത്തിയത്. കൊച്ചിയിൽ വാർത്താസമ്മേളനം നടത്തി മാലാ പാർവതി, അൻസിബ ഹസ്സൻ, ഉഷ ഹസീന, മായ വിശ്വനാഥ് എന്നിവരാണ് ശ്വേതയ്‌ക്കെതിരെ രംഗത്തുവന്നത്. സംഘടനയ്ക്കുള്ളിൽ വർഗീയ ചേരിതിരിവ് ഉണ്ടാക്കാനും വിയോജിപ്പുകൾ പ്രകടിപ്പിക്കുന്നവരെ ഭീഷണിപ്പെടുത്തി ഒതുക്കാനും ശ്വേതാ മേനോൻ ബോധപൂർവ്വമായ ശ്രമങ്ങൾ നടത്തിയെന്നാണ് നടിമാർ ആരോപിക്കുന്നത്.
‘അമ്മ’യുടെ ജനറൽ ബോഡി യോഗത്തിൽ സാമ്പത്തിക ക്രമക്കേടുകളെക്കുറിച്ചും സ്‌പോൺസർഷിപ്പുകളെക്കുറിച്ചും അൻസിബ കൃത്യമായ തെളിവുകളോടെ ചോദ്യങ്ങൾ ഉന്നയിച്ചതിനെത്തുടർന്നാണ് സംഘടനയിലെ തർക്കങ്ങൾ പരസ്യമായത്. ഇതിന് പിന്നാലെ അൻസിബയെ ഒരു വർഗീയവാദിയായും ജിഹാദിയായും ചിത്രീകരിക്കാനും ഒറ്റപ്പെടുത്താനും നേതൃത്വത്തിന്റെ ഭാഗത്തുനിന്ന് ആസൂത്രിതമായ ശ്രമങ്ങൾ നടന്നതായി മാലാ പാർവതി ആരോപിച്ചു.
സംഘടനയുടെ ജനറൽ ബോഡിയിൽ തങ്ങളുടെ അഭിപ്രായങ്ങൾ തുറന്നുപറയുന്നതിൽ നിന്നും നടിമാരെ വിലക്കിയതായും ഇവർ ആരോപിക്കുന്നു. ശ്വേതാ മേനോനും രമേശ് പിഷാരടിയും തമ്മിലുള്ള ഒരു സ്വകാര്യ ഫോൺ സംഭാഷണം അടുത്തിടെ പുറത്തുവന്നിരുന്നു. ഈ ഓഡിയോ ക്ലിപ്പ് പ്രത്യേക അജണ്ടയോടെയാണ് പുറത്തുവിട്ടതെന്നും ഇത്തരത്തിൽ സ്വകാര്യ സംഭാഷണങ്ങൾ ചോർത്തുന്നത് ക്രിമിനൽ കുറ്റമാണെന്നും നടിമാർ ചൂണ്ടിക്കാണിച്ചു. ഈ വിവാദങ്ങൾക്ക് പിന്നാലെ ‘അമ്മ’യുടെ അഡ്‌ഹോക്ക് കമ്മിറ്റി കൺവീനർ സ്ഥാനത്തുനിന്ന് രമേശ് പിഷാരടി രാജിവെക്കുകയും ചെയ്തു.
ശ്വേതാ മേനോൻ അധികാര മോഹത്തിന് വേണ്ടിയാണ് സംഘടനയെ ഈ രീതിയിലുള്ള തകർച്ചയിലേക്ക് എത്തിച്ചതെന്ന് നടി ഉഷ ഹസീനയും കുറ്റപ്പെടുത്തി. ശ്വേത നേതൃത്വത്തിൽ തുടരുകയാണെങ്കിൽ തങ്ങൾക്കൊന്നും ഈ സംഘടനയിൽ സ്ഥാനമുണ്ടാകില്ലെന്നും അവർ മുന്നറിയിപ്പ് നൽകി. കഴിഞ്ഞ മാസം നടന്ന ജനറൽ ബോഡി യോഗത്തിൽ കണക്കുകളിലെ വ്യക്തതക്കുറവിനെച്ചൊല്ലി അൻസിബ ചോദ്യങ്ങൾ ഉന്നയിച്ചതോടെ തർക്കങ്ങൾ ഉണ്ടാവുകുയം തുടർന്ന് പ്രസിഡന്റായിരുന്ന ശ്വേതാ മേനോൻ ഉൾപ്പെടെയുള്ള 17 അംഗ ഭരണസമിതി കൂട്ടത്തോടെ രാജിവെക്കുകയുമായിരുന്നു. അതിനുശേഷവും നടിമാർക്കെതിരെ സൈബർ ആക്രമണങ്ങളും അപകീർത്തിപ്പെടുത്തലുകളും തുടരുന്ന സാഹചര്യത്തിലാണ് ഇവർ നിയമനടപടികളിലേക്കും പരസ്യ പ്രതികരണങ്ങളിലേക്കും കടന്നത്.