27/07/2026
[fontresizer_tawhidurrahmandear_widget]

50 കമ്പൂട്ടറുകൾ, ലക്ഷ്യം വിദേശികൾ; തിരുവനന്തപുരത്ത് ലോൺ ആപ്പ് തട്ടിപ്പ് സംഘം പിടിയിൽ

 50 കമ്പൂട്ടറുകൾ, ലക്ഷ്യം വിദേശികൾ; തിരുവനന്തപുരത്ത് ലോൺ ആപ്പ് തട്ടിപ്പ് സംഘം പിടിയിൽ

തിരുവനന്തപുരം: കോടികളുടെ ഓൺലൈൻ ലോൺ ആപ്പ് തട്ടിപ്പ് നടത്തിയിരുന്ന വൻ അന്താരാഷ്ട്ര സംഘത്തെ തിരുവനന്തപുരത്തുനിന്ന് പൊലീസ് പിടികൂടി. കോവളം കേന്ദ്രീകരിച്ച് വ്യാജ വായ്പ ആപ്പ് കമ്പനി നടത്തിയിരുന്ന 18 ഉത്തരേന്ത്യൻ സ്വദേശികളാണ് പിടിയിലായത്. ഇവരിൽനിന്ന് 50ഓളം കമ്പ്യൂട്ടറുകളും മറ്റ് ഡിജിറ്റൽ ഉപകരണങ്ങളും പൊലീസ് പിടിച്ചെടുത്തു.

വിദേശികളെ, പ്രത്യേകിച്ച് അമേരിക്കൻ പൗരന്മാരെ ലക്ഷ്യമിട്ടാണ് സംഘം തട്ടിപ്പ് നടത്തിയിരുന്നതെന്ന് പൊലീസ് വ്യക്തമാക്കി. ലഹരിവിൽപന നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് ‘ഓപ്പറേഷൻ തൂഫാൻ’ പദ്ധതിയുടെ ഭാഗമായി പൊലീസ് നടത്തിയ പരിശോധനയിലാണ് അപ്രതീക്ഷിതമായി തട്ടിപ്പ് സംഘം വലയിലായത്. സംഘത്തിലെ പ്രധാനികളിലൊരാളെ വിമാനത്താവളത്തിൽ നിന്നാണ് പിടികൂടിയത്.

വ്യാജ ഓൺലൈൻ ആപ്പുകൾ നിർമിച്ച് ഉയർന്ന പലിശയ്ക്ക് വായ്പ നൽകിയ ശേഷം ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങളും ചിത്രങ്ങളും ചോർത്തി ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കുകയായിരുന്നു ഇവരുടെ രീതി. സംഘത്തിന് പിന്നിൽ പ്രവർത്തിച്ച കൂടുതൽ ആളുകളെ കണ്ടെത്താനായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. പിടിയിലായവരെ കേന്ദ്രീകരിച്ച് സൈബർ പൊലീസും അന്വേഷണം തുടങ്ങി.

Also read: