സൈനിക പശ്ചാത്തലവും സംവിധാനങ്ങളെ കുറിച്ചുള്ള അറിവും മുതലെടുത്തു; മുൻ എൻഎസ്ജി കമാന്റോയുടെ വീട്ടിൽ നിന്ന് 6 കിലോ ഒപ്പിയവും 1.65 കോടി രൂപയും പിടികൂടി
ജോധ്പൂർ: മുൻ എൻഎസ്ജി കമാന്റോയുടെ വീട്ടിൽ നിന്ന് 6 കിലോ ഒപ്പിയവും 1.65 കോടി രൂപയും പിടികൂടി. രാജസ്ഥാനിലെ ജോധ്പൂരിൽ പോലീസും ഡിസ്ട്രിക്റ്റ് സ്‌പെഷ്യൽ ടീമും സംയുക്തമായി നടത്തിയ പരിശോധനയിലാണ് മുൻ കമാന്റോ ഉൾപ്പെടെയുള്ളവർ അറസ്റ്റിലായത്. ജോധ്പൂർ ഈസ്റ്റ് ബനാട് പോലീസ് സ്‌റ്റേഷൻ പരിധിയിൽ താമസിക്കുന്ന രത്തൻ സിംഗ് എന്ന മുൻ സൈനികന്റെ വീട്ടിൽ പുലർച്ചെ 2:30 ഓടെയാണ് പോലീസ് സംഘം റെയ്ഡ് നടത്തിയത്. പോലീസിനെ കണ്ടയുടൻ ഇയാൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പോലീസ് സംഘം വീടുവളഞ്ഞ് ഇയാളെ സാഹസികമായി കീഴടക്കുകയായിരുന്നു.
ഇയാളുടെ ആഡംബര വീട്ടിൽ നടത്തിയ വിശദമായ പരിശോധനയിലാണ് ആറ് കിലോഗ്രാം ഒപ്പിയവും (കറുപ്പ്) ഒരുകോടി അറുപത്തിയഞ്ച് ലക്ഷം രൂപയും പോലീസ് പിടിച്ചെടുത്തത്. പണത്തിനും മയക്കുമരുന്നിനും പുറമെ പ്രതിയുടെ ഉടമസ്ഥതയിലുള്ള കാറും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മുൻപ് അസം റൈഫിൾസിൽ ജവാനായി സേവനമനുഷ്ഠിച്ചിരുന്ന രത്തൻ സിംഗ്, പിന്നീട് രാജ്യത്തെ പ്രമുഖ സുരക്ഷാ സേനയായ നാഷണൽ സെക്യൂരിറ്റി ഗാർഡിൽ കമാൻഡോയായും ജോലി നോക്കിയിരുന്നു. 2021ൽ അസം റൈഫിൾസിൽ നിന്ന് വിരമിച്ച ശേഷം ജോധ്പൂരിലേക്ക് മാറിയ ഇയാൾ കോൺട്രാക്ട് ജോലികൾക്കൊപ്പം രഹസ്യമായി വൻതോതിൽ മയക്കുമരുന്ന് കടത്തും നടത്തിവരികയായിരുന്നു.
സുരക്ഷാ സേനയിൽ ജോലി ചെയ്തിരുന്ന സമയത്ത് മണിപ്പൂരിലുള്ള ചിലരുമായി സ്ഥാപിച്ച ബന്ധമാണ് ഇയാളെ മയക്കുമരുന്ന് മാഫിയയുടെ ഭാഗമാക്കിയതെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമാകുന്നത്. പിടിച്ചെടുത്ത കോടിക്കണക്കിന് രൂപ തന്റെ മറ്റ് ബിസിനസ്സുകളിൽ നിന്നുള്ളതാണെന്ന് പ്രതി അവകാശപ്പെടുന്നുണ്ടെങ്കിലും ഇത് മയക്കുമരുന്ന് ഇടപാടിലൂടെ ലഭിച്ചതാണെന്നാണ് പോലീസിന്റെ നിഗമനം.