ഹോട്ടലിൽ താമസിച്ച് ആവശ്യക്കാർക്ക് ലഹരി ‘ഡോർ ഡെലിവറി’; കൊച്ചിയിൽ യുവതിയും യുവാവും പിടിയിൽ
കൊച്ചി: ഹോട്ടലിൽ മുറിയെടുത്ത് എംഡിഎംഎ വിൽപന നടത്തിവന്ന യുവതിയും യുവാവും എക്‌സൈസിന്റെ പിടിയിലായി. ആലപ്പുഴ സ്വദേശികളായ മുഹമ്മദ് ഷാഫി, സരിത എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ നിന്ന് 94 ഗ്രാമിലധികം എംഡിഎംഎ എക്‌സൈസ് പിടിച്ചെടുത്തു.
എറണാകുളം സൗത്തിലെ ക്യൂ ഹോട്ടലിൽ മുറിയെടുത്തായിരുന്നു പ്രതികൾ ലഹരിക്കച്ചവടം നടത്തിയിരുന്നത്. ബെംഗളൂരുവിൽ നിന്ന് വലിയ അളവിൽ എംഡിഎംഎ എത്തിച്ച്, ആവശ്യക്കാർ പറയുന്ന സ്ഥലങ്ങളിലേക്ക് നേരിട്ട് ലഹരി കൈമാറുന്ന ‘ഡോർ ഡെലിവറി’ രീതിയായിരുന്നു ഇവർ പിന്തുടർന്നിരുന്നത്. രഹസ്യവിവരത്തെ തുടർന്ന് എക്‌സൈസ് സംഘം ഹോട്ടൽ മുറിയിൽ പരിശോധനയ്‌ക്കെത്തുമ്പോൾ മുഹമ്മദ് ഷാഫി മാത്രമാണ് ഉണ്ടായിരുന്നത്. ഇയാളിൽ നിന്ന് 65.27 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. ആലപ്പുഴയിൽ ലഭിച്ച ഓർഡർ അനുസരിച്ച് ലഹരി കൈമാറാൻ പോയിരുന്ന സരിത രാത്രിയോടെ ഹോട്ടലിൽ തിരിച്ചെത്തിയപ്പോഴാണ് പിടിയിലാകുന്നത്.
ചോദ്യം ചെയ്യലിൽ ആലപ്പുഴയിലെ വീട്ടിലും ലഹരിമരുന്ന് സൂക്ഷിച്ചിട്ടുണ്ടെന്ന് സരിത മൊഴി നൽകി. തുടർന്ന് നടത്തിയ പരിശോധനയിൽ അവിടെനിന്ന് 28.76 ഗ്രാം എംഡിഎംഎ കൂടി എക്‌സൈസ് പിടിച്ചെടുത്തു. ഒരു ഗ്രാമിന് 4,000 രൂപ നിരക്കിലായിരുന്നു ഇവർ വിൽപന നടത്തിയിരുന്നത്. ലഹരി വിറ്റ വകയിൽ ലഭിച്ച 17,770 രൂപയും ഇടപാടുകൾക്ക് ഉപയോഗിച്ചിരുന്ന മൊബൈൽ ഫോണുകളും ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തു. ഇവർക്ക് ലഹരി എത്തിച്ചുനൽകുന്ന പ്രധാന കണ്ണികളെ കേന്ദ്രീകരിച്ച് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.