‘ചിക്കൻ സെന്ററിലെ ഫുഡ് വ്‌ളോഗിൽ ശിവ് ചൗകും ക്ഷേത്രവും ഉൾപ്പെട്ടു’;മതവികാരം വ്രണപ്പെടത്തിയെന്നപരാതിയിൽ വ്‌ളോഗർ അറസ്റ്റിൽ
മുസഫർ നഗർ: ഉത്തർപ്രദേശിലെ മുസഫർ നഗറിലെ ചിക്കൻ സെന്റർ പ്രമോഷൻ വീഡിയോയിൽ ‘ശിവ് ചൗകും’ ക്ഷേത്രവും ഉൾപ്പെടുത്തി മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയെ തുടർന്ന് വ്‌ളോഗർ അറസ്റ്റിൽ. തീവ്ര ഹിന്ദുത്വ സംഘനടകളുടെ പരാതിയിലാണ് ലദ്ദാവാല സ്വദേശിയായ അനസ് അഹമ്മദ് എന്ന വ്‌ളോഗറെ പോലീസ് പിടികൂടിയത്. മാംസാഹാരത്തിന്റെ പരസ്യത്തിനിടയിൽ ശിവ് ചൗകിന്റെ പ്രധാന ദൃശ്യങ്ങളും ക്ഷേത്രവും പ്രതിഷ്ഠയുടെ ചിത്രവും ദേശീയ പതാകയും ഉൾപ്പെടുത്തി മതവികാരം വൃണപ്പെടുത്തിയെന്ന് ആരോപിച്ച് സംഘപരിവാർ രംഗത്ത് വരികയായിരുന്നു.
വ്‌ളോഗ് വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ ഇവരുടെ പ്രതിഷേധവും ശക്തമായി. ഇതേത്തുടർന്ന് ഖലാപർ പോലീസ് സ്‌റ്റേഷനിൽ വ്‌ളോഗർക്കെതിരെ പരാതി നൽകുകയും വേഗം നടപടിയെടുത്തില്ലെങ്കിൽ വൻ പ്രക്ഷോഭം ഉണ്ടാകുമെന്ന് സംഘടനകൾ മുന്നറിയിപ്പ് നൽകുകയും ചെയ്ത പശ്ചാത്തലത്തിലാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. ജനരോഷത്തിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് ഖലാപർ സ്‌റ്റേഷൻ ഹൗസ് ഓഫീസർ ബബ്ലു കുമാർ സ്ഥിരീകരിച്ചു.
വിവാദം കടുത്തതോടെ അനസ് തന്റെ സോഷ്യൽ മീഡിയ പേജുകളിൽ നിന്ന് ഈ വീഡിയോ നീക്കം ചെയ്യുകയും, മത വികാരം വ്രണപ്പെടുത്തിയതിൽ ഖേദം പ്രകടിപ്പിച്ച് വീഡിയോകൾ അപ്‌ലോഡ് ചെയ്യുകയും ചെയ്തിരുന്നു. എങ്കിലും പ്രതിഷേധം ശക്തമായി തുടർന്നതിനാൽ പോലീസ് നിയമനടപടികളുമായി മുന്നോട്ട് പോവുകയും ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.