21/07/2026
[fontresizer_tawhidurrahmandear_widget]

‘ഇഷാൻ കിഷന്റെ വരവോടെ ഞാൻ പിന്തള്ളപ്പെട്ടു’; ലോകകപ്പ് ടീമിൽ നിന്ന് തഴയപ്പെട്ടതിനെക്കുറിച്ച് തുറന്ന് പറഞ്ഞ് സഞ്ജു സാംസൺ

 ‘ഇഷാൻ കിഷന്റെ വരവോടെ ഞാൻ പിന്തള്ളപ്പെട്ടു’; ലോകകപ്പ് ടീമിൽ നിന്ന് തഴയപ്പെട്ടതിനെക്കുറിച്ച് തുറന്ന് പറഞ്ഞ് സഞ്ജു സാംസൺ

മുംബൈ: 2026 ടി20 ലോകകപ്പിനുള്ള ഇന്ത്യൻ പ്ലെയിങ് ഇലവനിൽ അവസരം നഷ്ടപ്പെടാൻ കാരണമായ സാഹചര്യങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞ് വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസൺ. ജിയോസ്റ്റാറിന് നൽകിയ അഭിമുഖത്തിലാണ് സഞ്ജു തന്റെ കരിയറിലെ ആ നിർണായക ഘട്ടത്തെക്കുറിച്ച് വ്യക്തമാക്കിയത്. ന്യൂസിലൻഡിനെതിരായ പരമ്പരയിലെ മോശം പ്രകടനവും, തുടർന്ന് ടീമിലെത്തിയ ഇഷാൻ കിഷന്റെ തകർപ്പൻ ഫോമും തന്റെ ലോകകപ്പ് പ്രതീക്ഷകളെ എങ്ങനെ ബാധിച്ചുവെന്ന് താരം വിവരിച്ചു.

ന്യൂസിലൻഡിനെതിരായ അഞ്ച് മത്സരങ്ങളുള്ള പരമ്പരയിൽ 24, 6, 6, 10, 0 എന്നിങ്ങനെയായിരുന്നു സഞ്ജുവിന്റെ സ്കോറുകൾ. ഈ ഘട്ടത്തിൽ ടീമിലേക്ക് തിരിച്ചെത്തിയ ഇഷാൻ കിഷൻ മികച്ച പ്രകടനം പുറത്തെടുത്തതോടെ താൻ പിന്തള്ളപ്പെട്ടതായി മനസ്സിലായെന്ന് സഞ്ജു പറഞ്ഞു. “അതിന് ശേഷം ഇഷാൻ വന്നു, അദ്ദേഹത്തിന്റെ കഥ തീർത്തും വ്യത്യസ്തമായിരുന്നു. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ജാർഖണ്ഡിനെ ഒറ്റയ്ക്ക് ജയിപ്പിച്ചാണ് അദ്ദേഹം ഇന്ത്യൻ ടീമിലെത്തിയത്. അവിടെ അദ്ദേഹം വേറൊരു ലെവലിലാണ് ബാറ്റ് ചെയ്തത്. ഇഷാൻ എനിക്ക് മുകളിലേക്ക് ഉയർന്നുവരുന്നത് എനിക്ക് വ്യക്തമായി കാണാൻ കഴിയുമായിരുന്നു,” സഞ്ജു വ്യക്തമാക്കി. ആ സമയത്ത് ഫോമിലുള്ള ഒരു താരത്തെയായിരുന്നു ടീമിന് ആവശ്യമുണ്ടായിരുന്നതെന്നും, തന്റെ ലോകകപ്പ് സ്വപ്നങ്ങൾ അവസാനിച്ചതായി അപ്പോൾ മനസ്സിലായെന്നും താരം കൂട്ടിച്ചേർത്തു.

തന്റെ കരിയറിലെ ഏറ്റവും മികച്ച ഫോമിൽ ഏഴ് മത്സരങ്ങളിൽ നിന്ന് മൂന്ന് സെഞ്ച്വറികൾ നേടി നിൽക്കുമ്പോഴാണ് ഈ കടുത്ത തിരിച്ചടി ഉണ്ടായത്. ആളുകൾ തന്റെ സ്ഥാനം സുരക്ഷിതമാണെന്ന് കരുതിയെങ്കിലും താൻ ഒരിക്കലും അങ്ങനെ ചിന്തിച്ചിരുന്നില്ലെന്ന് സഞ്ജു വ്യക്തമാക്കി. ലോകകപ്പ് ലക്ഷ്യമാക്കി കഠിനാധ്വാനം ചെയ്തെങ്കിലും ന്യൂസിലൻഡ് പരമ്പരയിൽ കാര്യങ്ങൾ തനിക്ക് അനുകൂലമായില്ല.

ഈ തിരിച്ചടി തനിക്ക് ജീവിതത്തിൽ ഒരുപാട് കാര്യങ്ങൾ പഠിപ്പിച്ചു തന്നുവെന്നും സഞ്ജു വെളിപ്പെടുത്തി. “ഞാൻ അമിതമായി കഠിനാധ്വാനം ചെയ്യുകയായിരുന്നു എന്ന് എനിക്ക് മനസ്സിലായി. മണിക്കൂറുകളോളം പരിശീലനം നടത്തുന്നതിനേക്കാൾ പ്രധാനം സന്തോഷത്തോടെയും മാനസികമായി നല്ലൊരു അവസ്ഥയിലുമായിരിക്കുകയാണെന്ന് എന്റെ ഭാര്യ പറഞ്ഞതാണ് ശരിയെന്ന് എനിക്ക് ബോധ്യപ്പെട്ടു. ന്യൂസിലൻഡ് പരമ്പര എനിക്ക് പഠിപ്പിച്ചു തന്നത് ഈ വലിയ പാഠമാണ്,” സഞ്ജു പറഞ്ഞു.

Also read: