37 വർഷം നീണ്ട സച്ചിന്റെ റെക്കോർഡിന് അന്ത്യം; ഇന്ത്യൻ ടീമിലേക്ക് 15-കാരൻ വൈഭവിൻ്റെ മാസ്സ് എൻട്രി; ടി20 ടീമിനെ നയിക്കാൻ ശ്രേയസ് അയ്യർ, സൂര്യകുമാർ പുറത്ത്, സഞ്ജു ടീമിൽ
മുംബൈ: വരാനിരിക്കുന്ന അയർലൻഡ്, ഇംഗ്ലണ്ട് പര്യടനങ്ങൾക്കും ഏഷ്യൻ ഗെയിംസിനുമുള്ള ഇന്ത്യൻ ടി20 ക്രിക്കറ്റ് ടീമിനെ ബി.സി.സി.ഐ പ്രഖ്യാപിച്ചു. വമ്പൻ മാറ്റങ്ങളോടെയാണ് പുതിയ ടീമിനെ തെരഞ്ഞെടുത്തിരിക്കുന്നത്. സമീപകാലത്ത് ഫോം കണ്ടെത്താൻ വിഷമിക്കുന്ന സൂര്യകുമാർ യാദവിനെ ടീമിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കിയപ്പോൾ, ശ്രേയസ് അയ്യർ പുതിയ ക്യാപ്റ്റനായി സ്ഥാനമേറ്റു. തിലക് വർമ്മയാണ് വൈസ് ക്യാപ്റ്റൻ. മലയാളി താരം സഞ്ജു സാംസൺ 16 അംഗ ടീമിൽ ഇടംപിടിച്ചിട്ടുണ്ട്. മുംബൈയിൽ നടന്ന സെലക്ഷൻ കമ്മിറ്റി യോഗത്തിന് ശേഷം ബി.സി.സി.ഐ ചീഫ് സെലക്ടർ അജിത് അഗാർക്കറും സെക്രട്ടറി ദേവ്ജിത് സൈകിയയുമാണ് ടീമിനെ പ്രഖ്യാപിച്ചത്. ഈ പ്രഖ്യാപനത്തിലെ ഏറ്റവും വലിയ ആകർഷണം ഇന്ത്യൻ യുവ ബാറ്റിങ് സെൻസേഷൻ പതിനഞ്ചുകാരൻ വൈഭവ് സൂര്യവംശി ആദ്യമായി സീനിയർ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതാണ്.
ഇതോടെ ഇന്ത്യൻ ദേശീയ ക്രിക്കറ്റ് ടീമിൽ ഇടംനേടുന്ന ഏറ്റവും പ്രായംകുറഞ്ഞ താരമെന്ന ചരിത്ര റെക്കോർഡ് വൈഭവിന്റെ പേരിലായി. വെറും 15 വർഷവും 71 ദിവസവും പ്രായമുള്ളപ്പോഴാണ് താരം ടീമിലെത്തുന്നത്. 1989 നവംബർ 15-ന് 16 വയസും 205 ദിവസവും പ്രായമുള്ളപ്പോൾ ഇന്ത്യൻ ഇതിഹാസം സച്ചിൻ തെണ്ടുൽക്കർ സ്ഥാപിച്ച 37 വർഷം പഴക്കമുള്ള റെക്കോർഡാണ് ഇതോടെ വൈഭവ് തിരുത്തിയെഴുതിയത്. കഴിഞ്ഞ ഐ.പി.എൽ സീസണിലെ അവിശ്വസനീയ പ്രകടനമാണ് വൈഭവിന് തുണയായത്. 16 മത്സരങ്ങളിൽ നിന്ന് 776 റൺസ് അടിച്ചുകൂട്ടി ടൂർണമെന്റിന്റെ താരമായി തെരഞ്ഞെടുക്കപ്പെട്ട വൈഭവ് തന്നെയാണ് ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരത്തിനുള്ള ഓറഞ്ച് ക്യാപ്പും സ്വന്തമാക്കിയത്. കൂടാതെ, ഒരു ഐ.പി.എൽ സീസണിൽ ഏറ്റവും കൂടുതൽ സിക്സറുകൾ എന്ന ക്രിസ് ഗെയിലിന്റെ 14 വർഷം പഴക്കമുള്ള റെക്കോർഡും താരം തകർത്തിരുന്നു. 72 സിക്സറുകളാണ് 15-കാരന്റെ ബാറ്റിൽ നിന്ന് പിറന്നത്. ബുംറ, കമ്മിൻസ്, റബാദ, സിറാജ്, ബോൾട്ട് തുടങ്ങിയ ലോകോത്തര ബൗളർമാർക്കെതിരെ മികച്ച പ്രകടനമാണ് താരം കാഴ്ചവെച്ചത്. നിലവിൽ ജൂൺ 9 മുതൽ 21 വരെ ശ്രീലങ്കയിൽ നടക്കുന്ന ഇന്ത്യ എ ടീം ഉൾപ്പെടുന്ന ത്രിരാഷ്ട്ര പരമ്പരയിൽ കളിക്കുന്ന വൈഭവ് ജൂൺ 26, 28 തീയതികളിൽ നടക്കുന്ന അയർലൻഡ് പരമ്പരയിലും തുടർന്ന് ജൂലായിലെ ഇംഗ്ലണ്ട് പരമ്പരയിലും ഏഷ്യൻ ഗെയിംസിലും കളിക്കും.
ഐ.പി.എല്ലിലെ മികച്ച പ്രകടനത്തിന്റെ പിൻബലത്തിലാണ് ഒരു ഇടവേളയ്ക്ക് ശേഷം ശ്രേയസ് അയ്യർ ഇന്ത്യൻ ടി20 ടീമിന്റെ നായകസ്ഥാനത്തേക്ക് തിരിച്ചെത്തുന്നത്. ഏഷ്യൻ ഗെയിംസിനുള്ള ടീമിൽ സൂപ്പർ താരം ജസ്പ്രീത് ബുംറ ഇടംനേടിയപ്പോൾ, പ്രിൻസ് യാദവിനെ ടീമിൽ ഉൾപ്പെടുത്തിയിട്ടില്ല.
അതേസമയം, മോശം ഫോം തുടരുന്നതാണ് സൂര്യകുമാർ യാദവിന് തിരിച്ചടിയായത്. 2024-ൽ രോഹിത് ശർമ്മയുടെ വിരമിക്കലിന് പിന്നാലെ ടി20 ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുത്ത സൂര്യകുമാറിന് കഴിഞ്ഞ രണ്ട് വർഷമായി ബാറ്റിങ്ങിൽ ഫോം കണ്ടെത്താനായിരുന്നില്ല. കഴിഞ്ഞ മാർച്ചിൽ ഇന്ത്യ മൂന്നാം ടി20 ലോകകപ്പ് നേടിയപ്പോഴും അദ്ദേഹത്തിന്റെ വ്യക്തിഗത ബാറ്റിങ് പ്രകടനം കടുത്ത വിമർശനങ്ങൾക്ക് വിധേയമായിരുന്നു. 2026 ഐ.പി.എൽ സീസണിലും നിരാശപ്പെടുത്തിയ സൂര്യകുമാർ 13 ഇന്നിങ്സുകളിൽ നിന്ന് 20.76 ശരാശരിയിൽ വെറും 270 റൺസ് മാത്രമാണ് നേടിയത്. ഇതേ തുടർന്നാണ് അടുത്തിടെ അദ്ദേഹത്തെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് നീക്കിയതും ഇപ്പോൾ ടീമിൽ നിന്ന് തന്നെ പൂർണ്ണമായും ഒഴിവാക്കിയതും.