കനത്ത മഴയിലും ഉരുൾപൊട്ടലിലും വിറച്ച് കേരളം: 7 മരണം, 9 ജില്ലകളിൽ റെഡ് അലേർട്ട്; നാളത്തെ സെറ്റ് പരീക്ഷ മാറ്റിവെച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയും ഉരുൾപൊട്ടലും വിതച്ച നാശഷ്ടങ്ങളിൽ 7 പേർക്ക് ജീവൻ നഷ്ടപ്പെട്ടു. മരിച്ചവരിൽ മൂന്ന് കുട്ടികളും ഉൾപ്പെടുന്നു. കോട്ടയം ജില്ലയിൽ മൂന്നും, ഇടുക്കി, മലപ്പുറം ജില്ലകളിൽ രണ്ടുപേർ വീതവുമാണ് മരണപ്പെട്ടത്.
പൂഞ്ഞാറിലുണ്ടായ ഉരുൾപൊട്ടലിൽ അമ്മ റജിനയ്ക്കും മകൻ ജോസഫിനും ജീവൻ നഷ്ടമായി. വാകത്താനം ചക്കൻ ചിറയിൽ വെള്ളക്കെട്ടിൽ വീണ് 11 വയസ്സുകാരനും മരിച്ചു. ഇടുക്കി അടൂർ മലയിലുണ്ടായ ഉരുൾപ്പൊട്ടലിൽ സുമതിയും വാഗമണ്ണിൽ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണ് പ്രഭാകരൻ നായരുമാണ് മരിച്ചത്. വണ്ടൂർ തിരുവാലിയിൽ രണ്ടര വയസുകാരനും കൊണ്ടോട്ടിയിൽ നാല് വയസുകാരനും ഒഴുക്കിൽപ്പെട്ട് മരിച്ചു. ദുരന്തസാഹചര്യം കണക്കിലെടുത്ത് ഇന്ന് സംസ്ഥാനത്തെ 9 ജില്ലകളിൽ റെഡ് അലേർട്ടും ബാക്കി ജില്ലകളിൽ ഓറഞ്ച് അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
കനത്ത മഴയും വിവിധിടങ്ങളിലെ ജാഗ്രതാ നിർദേശങ്ങളും കാരണം നാളെ നടത്താനിരുന്ന സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ് (സെറ്റ്) പരീക്ഷ മാറ്റിവെച്ചതായി അധികൃതർ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
വിവിധ ജില്ലകളിലെ അവസ്ഥ:
കോഴിക്കോട്: കൂടരഞ്ഞിയിൽ കുത്തിയൊലിച്ചെത്തിയ ചെളിവെള്ളത്തെ തുടർന്ന് ആളുകളെ മാറ്റിപ്പാർപ്പിച്ചു തുടങ്ങി. വിലങ്ങാട് മേഖലയിലും മലയോരങ്ങളിലും കനത്ത മഴ തുടരുകയാണ്. പാനോം വനമേഖലയിൽ ഉരുൾപൊട്ടിയതായി സംശയമുണ്ട്; വൻമരങ്ങൾ പുഴയിലൂടെ ഒഴുകിയെത്തുന്നുണ്ട്. വിലങ്ങാട് ടൗൺ പാലം പൂർണ്ണമായും വെള്ളത്തിനടിയിലായി. ഈങ്ങാപ്പുഴ, മുക്കം എന്നിവിടങ്ങളിലും വെള്ളം കയറി. അപകടമേഖലകളിലുള്ളവരെ ക്യാമ്പുകളിലേക്ക് മാറ്റി. താമരശ്ശേരി ചുരത്തിൽ നിസ്സാര തോതിൽ മണ്ണിടിച്ചിലുണ്ടായിട്ടുണ്ട്.
കോട്ടയം: ശക്തമായ വെള്ളപ്പാച്ചിലിൽ ഈരാറ്റുപേട്ട നഗരത്തിൽ വ്യാപാര സ്ഥാപനങ്ങളിലും വീടുകളിലും വെള്ളം കയറി വ്യാപാരികൾക്ക് കോടിക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായി. ഉച്ചയ്ക്ക് ശേഷം വെള്ളം ഇറങ്ങിയെങ്കിലും ടൗണിൽ ചെളി അടിഞ്ഞുകൂടിയ നിലയിലാണ്.
എറണാകുളം, പത്തനംതിട്ട: പെരിയാറിലെ ജലനിരപ്പുയർന്നതിനെ തുടർന്ന് ആലുവ ശിവക്ഷേത്രവും മണപ്പുറവും പൂർണ്ണമായി മുങ്ങി. അതേസമയം, റാന്നി ടൗണിൽ പൂർണ്ണമായി കയറിയ വെള്ളം ഇപ്പോൾ ഇറങ്ങിത്തുടങ്ങിയിട്ടുണ്ട്. പമ്പയും അച്ചൻകോവിലാറും കരകവിഞ്ഞത് ഇവിടെയും കനത്ത നാശനഷ്ടമുണ്ടാക്കി.