കനത്ത മഴയില്‍ മഹാരാഷ്ട്രയിലെ എല്‍പിജി പ്ലാന്റില്‍ വെളളം കയറി; ഒഴുകിപ്പോയത് 3,000 സിലിണ്ടറുകള്‍, ജീവൻ പണയം വെച്ച് പിടിച്ചെടുക്കാൻ ജനങ്ങൾ
റായ്‌ഗഡ്: മഹാരാഷ്ട്രയിലും മറ്റ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും കനത്ത മഴ തുടരുന്നതിനിടയിൽ, പുഴയിലൂടെ ആയിരക്കണക്കിന് ഗ്യാസ് സിലിണ്ടറുകൾ കൂട്ടത്തോടെ ഒഴുകിപ്പോകുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. മഹാരാഷ്ട്രയിലെ റായ്‌ഗഡിലാണ് ഈ അപൂർവ്വ പ്രതിഭാസം അരങ്ങേറിയത്. മേഖലയിലുണ്ടായ ശക്തമായ വെള്ളപ്പൊക്കത്തിൽ ഇവിടുത്തെ എൽ.പി.ജി ബോട്ട്‌ലിങ് പ്ലാന്റിൽ വെള്ളം കയറുകയും, പ്ലാന്റിന്റെ മതിൽ തകരുകയുമായിരുന്നു. ഇതിനെത്തുടർന്നാണ് പ്ലാന്റിൽ സൂക്ഷിച്ചിരുന്ന മൂവായിരത്തോളം സിലിണ്ടറുകൾ ശക്തമായ വെള്ളപ്പാച്ചിലിൽ പാതൽഗംഗ നദിയിലേക്ക് ഒഴുകിയെത്തിയത്.
പാചകവാതക ക്ഷാമം രൂക്ഷമായ സമയത്ത് പുഴയിലൂടെ സിലിണ്ടറുകൾ കൂട്ടത്തോടെ ഒഴുകിവരുന്നത് കണ്ട നാട്ടുകാർ, അവ സ്വന്തമാക്കാനായി ജീവൻ പോലും പണയം വെച്ച് നദീതീരങ്ങളിൽ തടിച്ചുകൂടി. പലരും സിലിണ്ടറുകൾ പുഴയിൽ നിന്ന് വാരിക്കൂട്ടുന്നതിന്റെ ദൃശ്യങ്ങളും സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അതേസമയം, സിലിണ്ടറുകൾ എവിടെയെങ്കിലും കണ്ടെത്തിയാൽ ഉടൻ തന്നെ ഭരണകൂടത്തെ വിവരമറിയിക്കണമെന്ന് അധികൃതർ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. എന്നാൽ ഇതിൽ എത്ര സിലിണ്ടറുകൾ സുരക്ഷിതമായി തിരികെ ലഭിക്കുമെന്ന കാര്യത്തിൽ വ്യക്തതയില്ല.