06/08/2026
[fontresizer_tawhidurrahmandear_widget]

കൃത്രിമ പാൽ ഉണ്ടാക്കുന്നതിനായി ഷാംപൂ വരെ ഉപയോഗിക്കുന്നു; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി എഫ്.ഡി.എ കമ്മിഷണർ

 കൃത്രിമ പാൽ ഉണ്ടാക്കുന്നതിനായി ഷാംപൂ വരെ ഉപയോഗിക്കുന്നു; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി എഫ്.ഡി.എ കമ്മിഷണർ

മുംബൈ: പാലും പാലുല്പന്നങ്ങളുമില്ലാത്ത ഒരു ദിവസം നമുക്ക് സങ്കല്പിക്കാൻ കഴിയില്ല. അത്രത്തോളം പ്രാധാന്യമാണ് പാലിന് ഇന്ത്യൻ ഭക്ഷണ സംസ്കാരത്തിൽ ഉള്ളത്. പക്ഷെ നാം നിത്യവും ഉപയോഗിക്കുന്നത് യഥാർഥ പാൽ അല്ലെങ്കിലോ? മഹാരാഷ്ട്രയിൽ പടർന്നുപന്തലിച്ചിരിക്കുന്ന പാലിൽ മായം കലർത്തുന്ന മാഫിയ റാക്കറ്റിനെ കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങളാണ് മഹാരാഷ്ട്ര എഫ്‌ഡിഎ കമ്മിഷണർ തുക്കാറാം മുണ്ഡെ ഫുഡ്‌ഫാർമറിന് നൽകിയ പോഡ്‌കാസ്റ്റിൽ പങ്കുവച്ചിരിക്കുന്നത്. മഹാരാഷ്ട്രയിൽ നടത്തുന്ന കടുത്ത ഭക്ഷ്യസുരക്ഷാ പരിശോധനകളിലൂടെ ഇതിനകം ശ്രദ്ധേയനായ ഉദ്യോഗസ്ഥനാണ് മുണ്ഡെ. കൃത്രിമ പാലിന്റെ നിർമാണത്തെക്കുറിച്ചും, വിതരണശൃംഖലയിലേക്ക് ഇത് എത്തുന്നതിനെക്കുറിച്ചും മായം കലർത്തൽ തടയാൻ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ചുമെല്ലാം പോഡ്‌കാസ്റ്റിൽ വളരെ വിശദമായി അദ്ദേഹം സംസാരിക്കുന്നുണ്ട്.

സ്കിമ്മ്ഡ് മിൽക്ക് പൗഡർ, വിവിധ തരം കെമിക്കലുകൾ, കോസ്റ്റിക് സോഡ, എന്തിന് ഷാംപൂ വരെ സിന്തറ്റിക് മിൽക്കിന്റെ നിർമാണത്തിനായി മാഫിയകൾ ഉപയോഗിക്കുന്നുണ്ടെന്നാണ് മുണ്ഡെ വ്യക്തമാക്കുന്നത്. ഈ ചേരുവകൾ പ്രത്യേക അനുപാതത്തിൽ കലർത്തിയാണ് ആളുകളെ വഞ്ചിക്കുന്ന കൃത്രിമ പാൽ ഉണ്ടാക്കുന്നത്. നിർമാണത്തിന് വളരെ കുറഞ്ഞ ചെലവ് മാത്രമാണ് വരുന്നത്. പശുവിൻ പാലിന് സമാനമായ കൃത്രിമ പാൽ നിർമിക്കുന്നതിനായി ലിറ്ററിന് ഏകദേശം 15 രൂപയും എരുമപ്പാലിന് സമാനമായ പാൽ നിർമിക്കാൻ 30 രൂപയും മാത്രമേ ചെലവാകൂ എന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. വിപണിയിൽ ലിറ്ററിന് 40 രൂപ മുതൽ 50 രൂപ വരെയാണ് പശുവിൻ പാലിന് സാധാരണ ഈടാക്കാറുള്ളത്. അതിനാൽ യഥാർഥ പാലിലേക്ക് വലിയ അളവിൽ കൃത്രിമ പാൽ കൂട്ടിച്ചേർത്ത് വൻലാഭം കൊയ്യാൻ ഇവർക്ക് സാധിക്കുന്നു. ഇത് തികച്ചും നിയമവിരുദ്ധമാണെന്ന് മാത്രമല്ല നികൃഷ്‌ടമായ കുറ്റകൃത്യവുമാണെന്ന് മുണ്ഡെ ചൂണ്ടിക്കാണിക്കുന്നു.

പാൽശേഖരണ കേന്ദ്രങ്ങളിലും ശീതീകരണകേന്ദ്രങ്ങളിലും വച്ച് വിവിധ ഘട്ടങ്ങളിലായാണ് പ്രധാനമായും മായം കലർത്തൽ നടക്കുന്നത്. ഈ പാലാണ് പിന്നീട് പ്രമുഖ ഡയറികളിലേക്ക് വിതരണം ചെയ്യുന്നതിനും വിവിധ പാലുല്പന്നങ്ങൾ നിർമിക്കുന്നതിനും ഉപയോഗിക്കുന്നത്. ഇത്തരത്തിലുള്ള വ്യാജ റാക്കറ്റുകളുടെ ഉറവിടങ്ങൾ കണ്ടെത്താൻ സാധിച്ചാൽ മാത്രമേ മായം കലർത്തൽ പൂർണ്ണമായി തടയാൻ സാധിക്കൂവെന്ന് അദ്ദേഹം പറയുന്നു. പാൽ ശേഖരണ കേന്ദ്രങ്ങൾക്ക് ഏത് കർഷകനാണ് പാൽ നൽകിയതെന്നും, ആ കർഷകന് എത്ര പശുക്കൾ അല്ലെങ്കിൽ എരുമകൾ ഉണ്ട്, അവിടെനിന്ന് എത്ര പാൽ ശേഖരിച്ചു എന്നും കൃത്യമായി അറിയണം. ഈ വിവരങ്ങളുടെ രേഖകൾ സൂക്ഷിക്കേണ്ടത് നിയമപരമായി നിർബന്ധമാണ്. മഹാരാഷ്ട്രയിൽ കർശനമായി ഈ രേഖകൾ പരിശോധിച്ചുവരികയാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഡിജിറ്റൽ ട്രാക്കിംഗ് സംവിധാനങ്ങൾ ഉപയോഗിച്ച് സംശയാസ്‌പദമായ രീതിയിലുള്ള പാൽ വിതരണം വേഗത്തിൽ കണ്ടെത്താൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Also read: