മകളുടെ വിദ്യാഭ്യാസത്തിന് പണം കണ്ടെത്തണം; ചെരിപ്പില്ലാതെ സാരിയുടുത്ത് ഓടി 47കാരിയായ അമ്മ, മാരത്തണിൽ ഒന്നാമത്
മുംബൈ: മകളുടെ വിദ്യാഭ്യാസത്തിനായി പണം കണ്ടെത്താൻ ചെരിപ്പില്ലാതെ സാരിയുടുത്ത് മാരത്തണിൽ ഓടി ഒന്നാം സ്ഥാനം നേടി 47കാരിയായ അമ്മ. മഹാരാഷ്ട്രയിലെ ബീഡ് സ്വദേശിനി രമാബായി രൺവീറാണ് മകളുടെ പഠനത്തിനായി മാരത്തണിൽ ഓടി വിജയിച്ചത്. 3,000 രൂപ സമ്മാനത്തുക മകളുടെ പഠനത്തിനായി ഉപയോഗിക്കുമെന്ന് രമാബായി പറഞ്ഞു.
ബീഡ് ജില്ലയിലെ അംബാജോഗായിലാണ് സംഭവം. ഭാരതീയ ശിക്ഷൺ പ്രസാരക് സൻസ്ഥയുടെ ഖോലേശ്വർ എജുക്കേഷനൽ കോംപ്ലക്‌സിന്റെ അമൃത് മഹോത്സവാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ‘അമൃത് ദൗഡ്’ മാരത്തണിലാണ് രമാബായി പങ്കെടുത്തത്. നിരവധി യുവാക്കളും യുവതികളും പങ്കെടുത്ത മത്സരത്തിൽ അവരെയെല്ലാം പിന്നിലാക്കിയാണ് രമാബായി ഒന്നാമതെത്തിയത്.
അംബാജോഗായിലെ ഛത്രപതി ശിവജി മഹാരാജ് ചൗക്കിൽനിന്ന് ആരംഭിച്ച ഓട്ടം ഭാഗ്യനഗർ ചൗക്കിലാണ് അവസാനിച്ചത്. മത്സരത്തിൽ പങ്കെടുക്കാൻ രമാബായി എത്തിയത് സാരിയും ചെരിപ്പും ധരിച്ചായിരുന്നു. ഓട്ടം ആരംഭിച്ചപ്പോൾ ചെരിപ്പുകൾ വഴുതാൻ തുടങ്ങിയതോടെ ഓട്ടത്തിന്റെ വേഗം കുറഞ്ഞു. എന്നാൽ മത്സരം ഉപേക്ഷിക്കാൻ രമാബായി തയ്യാറായില്ല. ചെരിപ്പുകൾ ഊരി കൈയിൽ പിടിച്ച ശേഷം ഓട്ടം തുടർന്നു. റോഡിലെ കല്ലുകളും മറ്റും കാലിന് ബുദ്ധിമുട്ടുണ്ടാക്കിയിട്ടും അവർ ഓട്ടം നിർത്തിയില്ല. സാരി ശരിയാക്കിക്കൊണ്ട് ഓടുന്നതിനിടയിലും രമാബായി നിരവധി യുവ മത്സരാർഥികളെ മറികടന്നു.
ഒടുവിൽ ഫിനിഷിങ് പോയിന്റിൽ ആദ്യം എത്തിയത് രമാബായി തന്നെയായിരുന്നു. മത്സരത്തിൽ സ്പോർട്സ് ഷൂസും ട്രാക്ക് സ്യൂട്ടും ധരിച്ച നിരവധി യുവാക്കൾ പങ്കെടുത്തിരുന്നു. അവർക്കിടയിലാണ് സാരിയുടുത്ത്, ചെരിപ്പുപോലും ഉപേക്ഷിച്ച് രമാബായി ഒന്നാമതെത്തിയത്. കാണികളും സംഘാടകരും അവരുടെ പ്രകടനത്തെ കൈയടികളോടെയാണ് സ്വീകരിച്ചത്.