നീറ്റിന് പിന്നാലെ മഹാരാഷ്ട്ര ടെറ്റ് ചോദ്യപേപ്പറിലും ചോർച്ച; പരീക്ഷ മാറ്റിവെച്ചു, 4 ലക്ഷത്തിലധികം ഉദ്യോഗാർത്ഥികൾ പ്രതിസന്ധിയിൽ
മുംബൈ: മഹാരാഷ്ട്ര അധ്യാപക യോഗ്യതാ പരീക്ഷാ ചോദ്യപേപ്പർ ചോർന്നെന്ന സംശയത്തെ തുടർന്ന് ജൂലൈ 28-ന് നടത്താനിരുന്ന പരീക്ഷ മാറ്റിവെച്ചു. താനെ ജില്ലയിലെ ഭീവണ്ടിയിൽ പോലീസ് നടത്തിയ റെയ്‌ഡിലാണ് പരീക്ഷാ ചോദ്യങ്ങളുമായി സാമ്യമുള്ള രേഖകൾ കണ്ടെത്തിയത്. ഇതോടെ പരീക്ഷ മാറ്റിവെക്കാൻ മഹാരാഷ്ട്ര സ്റ്റേറ്റ് കൗൺസിൽ ഓഫ് എക്സാമിനേഷൻ (എം.എസ്.സി.ഇ) തീരുമാനിക്കുകയായിരുന്നു. ഏകദേശം 4.28 ലക്ഷം ഉദ്യോഗാർത്ഥികളെയാണ് പരീക്ഷ മാറ്റിവെച്ച നടപടി ബാധിച്ചിരിക്കുന്നത്.
പിടിച്ചെടുത്ത മെറ്റീരിയൽ യഥാർത്ഥ ടെറ്റ് ചോദ്യപേപ്പറാണോ അതോ മോക്ക് ടെസ്റ്റ് പേപ്പറാണോ എന്ന് വിദ്യാഭ്യാസ വകുപ്പ് പരിശോധിച്ചു വരികയാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. അതേസമയം, പോലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ പിടിച്ചെടുത്ത ചോദ്യങ്ങൾ യഥാർത്ഥ ടെറ്റ് ചോദ്യപേപ്പറുമായി പൊരുത്തപ്പെടുന്നതാണെന്ന സൂചന ലഭിച്ചതായാണ് റിപ്പോർട്ട്. സംഭവവുമായി ബന്ധപ്പെട്ട് നിരവധി പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും ചോർച്ചക്ക് പിന്നിലെ ശൃംഖലയെക്കുറിച്ച് അന്വേഷണം തുടരുകയാണെന്നും അധികൃതർ അറിയിച്ചു.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ജൂൺ 27-ന് രാവിലെ ഭീവണ്ടിയിൽ പോലീസ് റെയ്‌ഡ് നടത്തുകയായിരുന്നു. ഓപ്പറേഷനിൽ എം.എസ്.സി.ഇ ഉദ്യോഗസ്ഥരും പങ്കെടുത്തിരുന്നു. പ്രാഥമിക അന്വേഷണത്തിൽ യഥാർത്ഥ ടെറ്റ് ചോദ്യപേപ്പറുമായി സാമ്യം കണ്ടെത്തിയതിനെ തുടർന്ന് വിഷയം അടിയന്തരമായി പരിഗണിക്കുകയും തുടർ നടപടികൾ സ്വീകരിക്കുകയുമായിരുന്നു. ചോദ്യപേപ്പർ ചോർച്ചയിൽ ഭീവണ്ടി പോലീസ് സ്റ്റേഷനിൽ നിലവിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
പരീക്ഷയുടെ വിശ്വാസ്യത ഉറപ്പാക്കുന്നതിനും സമഗ്ര അന്വേഷണം നടത്തുന്നതിനുമായി പരീക്ഷ മാറ്റിവെച്ചതാണെന്ന് എം.എസ്.സി.ഇ വ്യക്തമാക്കി. പുതുക്കിയ പരീക്ഷാ തീയതി പിന്നീട് പ്രഖ്യാപിക്കുമെന്നും, പരീക്ഷാർത്ഥികൾക്ക് ആവശ്യമായ തുടർ നിർദ്ദേശങ്ങൾ ഔദ്യോഗികമായി അറിയിക്കുമെന്നും കൗൺസിൽ അറിയിച്ചു.
രാജ്യത്ത് സമീപകാലത്ത് വിവിധ മത്സര പരീക്ഷകളുമായി ബന്ധപ്പെട്ട ചോദ്യപേപ്പർ ചോർച്ച വിവാദങ്ങൾ ഉയരുന്നതിനിടെയാണ് മഹാരാഷ്ട്ര ടെറ്റിലും സമാന ആരോപണം വരുന്നത്. നീറ്റ് പരീക്ഷ ചോദ്യപേപ്പർ ചോർന്നത് രാജ്യത്ത് വലിയ കോളിളക്കം സൃഷ്ടിക്കുകയാണ്. നീറ്റ് പരീക്ഷ ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് മേയ് മൂന്നിന് നടത്തിയ പരീക്ഷ റദ്ദാക്കുകയും എൻ.ടി.എ ജൂൺ 21-ന് നീറ്റ് യു.ജി പുനഃപരീക്ഷ നടത്തുകയും ചെയ്തിരുന്നു. രാജ്യത്ത് 10 വർഷത്തിനിടെ ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് നിരവധി സംഭവങ്ങൾ റിപ്പോർട്ട് ചെയ്തതായി പ്രതിപക്ഷം ആരോപിച്ചിരുന്നു. ഡൽഹിയിലെ ജന്ദർ മന്ദറിൽ കോക്രോച്ച് ജനത പാർട്ടി ഉൾപ്പെടെ വിവിധ സംഘടനകൾ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജി ആവശ്യപ്പെട്ട് പ്രതിഷേധം തുടരുകയാണ്.