റോഡിലെ വെള്ളക്കെട്ടിൽ ബോട്ടിറക്കി; 50,000 രൂപ പിഴ ചുമത്തി ട്രാഫിക് പൊലീസ്
ഗുരുഗ്രാം: നഗരത്തിലെ കനത്ത വെള്ളക്കെട്ടിൽ ബോട്ടിറക്കി വേറിട്ട പരസ്യപ്രചാരണം നടത്തിയ പ്രമുഖ സെക്കൻഡ് ഹാൻഡ് കാർ വിൽപന കമ്പനിയായ ‘കാർസ് 24’ന് ഗുരുഗ്രാം ട്രാഫിക് പൊലീസ് 50,000 രൂപ പിഴ ചുമത്തി. നിബന്ധനകളും ഗതാഗത നിയമങ്ങളും ലംഘിച്ചതിനാണ് നടപടി. ട്രാഫിക് പൊലീസിന്റെ പിഴ ലഭിച്ച വിവരം കമ്പനിയുടെ ബ്രാൻഡ് ആൻഡ് കമ്യൂണിക്കേഷൻ ബിൽഡറായ പ്രാചി ശർമ തന്നെയാണ് ലിങ്ക്ഡ്ഇൻ പോസ്റ്റിലൂടെ പരസ്യമാക്കിയത്.
കനത്ത മഴയെ തുടർന്ന് റോഡുകളിൽ രൂക്ഷമായ വെള്ളക്കെട്ട് രൂപപ്പെട്ടതോടെയാണ് കമ്പനിയുടെ പേര് പതിച്ച നീല ബോട്ട് റോഡിലിറക്കാൻ കമ്പനി തീരുമാനിച്ചത്. മഴക്കാലത്തെ ദുരിതത്തെ ഒരു തമാശയായി ചിത്രീകരിക്കാനും പരസ്യപ്രചാരണത്തിനുമായാണ് ഇത് ചെയ്തതെങ്കിലും, റോഡിലൂടെ നടന്നുപോകാൻ ബുദ്ധിമുട്ടിയ നിരവധി യാത്രക്കാർ റോഡ് മുറിച്ചുകടക്കാൻ ഈ ബോട്ടിനെ ആശ്രയിക്കുകയായിരുന്നു. ട്രാഫിക് പൊലീസ് ചുമത്തിയ 50,000 രൂപയുടെ പിഴയടയ്ക്കുമെന്നും നഗരത്തിലെ വെള്ളക്കെട്ടിനെക്കുറിച്ചുള്ള ഗൗരവകരമായ ചർച്ചകളിലേക്ക് ഇത് വിരൽചൂണ്ടുന്നുവെന്നും കമ്പനി വക്താവ് വ്യക്തമാക്കി.