കോഴിക്കോട്ടുകാർക്ക് ഗതാഗതക്കുരുക്കില്ലാത്ത ഓണം; ട്രാഫിക് പൈലറ്റ് പ്രോജക്ട് വൻ വിജയം, നിയന്ത്രണങ്ങൾ തുടരുമെന്ന് പൊലീസ്
കോഴിക്കോട്: കോഴിക്കോട് നഗരത്തിന് ഇത്തവണ ഗതാഗതകുരുക്കിൽ വീർപ്പുമുട്ടാത്ത ഓണക്കാലം. വാഹനക്കുരുക്ക് അഴിക്കാനായി സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തിൽ നടപ്പിലാക്കിയ പൈലറ്റ് പ്രോജക്ടാണ് നഗരത്തിന് വലിയ ആശ്വാസമായത്. പദ്ധതി വൻ വിജയമായതോടെ അനധികൃത പാർക്കിങ് നിരോധനവും ഡ്രൈവർ മാത്രമുള്ള കാറുകൾക്ക് നഗരാതിർത്തിക്കുള്ളിലെ നിരോധനവും ഓണക്കാലത്തിനുശേഷവും തുടർന്നു കൊണ്ടുപോകാനാണ് പോലീസിന്റെ തീരുമാനം.
സാധാരണ ദിവസങ്ങളിൽ പോലും കടുത്ത ഗതാഗതക്കുരുക്കിൽ മുങ്ങുന്നതായിരുന്നു കോഴിക്കോട്ടെ സ്ഥിതിഗതികൾ. ഇത് മുൻകൂട്ടി കണ്ടുകൊണ്ടായിരുന്നു ഓണക്കാലത്ത് പോലീസിന്റെ ശക്തമായ ഇടപെടൽ. ആരംഭത്തിൽ കൃത്യമായ മുന്നറിയിപ്പുകൾ നൽകിയ പോലീസ്, ഓണ അവധി തുടങ്ങിയ ശനിയാഴ്ച മുതൽ നഗരത്തിൽ അനധികൃത പാർക്കിങ് കർശനമായി നിരോധിച്ചു. വാഹനങ്ങൾ പാർക്ക് ചെയ്യാൻ സാധിക്കുന്ന സ്ഥലങ്ങൾ പോലീസ് തന്നെ മുൻകൂട്ടി കണ്ടെത്തി പൊതുജനങ്ങളെ അറിയിക്കുകയും ചെയ്തു. നിർദേശങ്ങൾ ലംഘിച്ചവർക്കെതിരെ കൃത്യമായ നടപടികളും സ്വീകരിച്ചു.
ഡ്രോൺ ഉപയോഗിച്ചുള്ള കർശനമായ നിരീക്ഷണവും വാഹനങ്ങൾ നിയന്ത്രിക്കുന്നതിനായി കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥരെ റോഡിൽ സജ്ജമാക്കിയതും നഗരത്തെ വലിയ കുരുക്കിൽ നിന്ന് രക്ഷിച്ചെടുത്തു. പൈലറ്റ് പ്രോജക്ടായി നടപ്പാക്കിയ ഈ പദ്ധതി വിജയിച്ചതോടെ, ഓണക്കാലത്തിനു ശേഷവും അനധികൃത പാർക്കിങ് നിരോധനമടക്കമുള്ള നടപടികൾ തുടരുമെന്ന് സിറ്റി പോലീസ് കമ്മീഷണർ എ.പി. ഷൗക്കത്തലി അറിയിച്ചു.
കഴിഞ്ഞ നാലു ദിവസത്തിനിടെ അനധികൃതമായി പാർക്ക് ചെയ്ത നൂറിനടുത്ത് വാഹനങ്ങൾക്കെതിരെയാണ് പോലീസ് നടപടിയെടുത്തത്. സിറ്റി പോലീസ് കമ്മീഷണറുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ ട്രാഫിക് എസിപി പി.സി. ചാക്കോയ്ക്കായിരുന്നു പദ്ധതിയുടെ ഏകോപന ചുമതല. കുരുക്കില്ലാത്ത കോഴിക്കോടിനായുള്ള ഈ നീക്കത്തിന് പൊതുജനങ്ങളും വലിയ പിന്തുണയാണ് നൽകിയത്.