മലപ്പുറത്തെ മലവെള്ളപ്പാച്ചിലിൽ മരണം അഞ്ചായി; മൂന്നുപേരുടെ മൃതദേഹങ്ങൾ കൂടി കണ്ടെത്തി, തിരച്ചിൽ തുടരുന്നു
മലപ്പുറം: നിലമ്പൂർ അമരമ്പലം ടി.കെ. നഗറിലെ വിനോദസഞ്ചാരകേന്ദ്രത്തിൽ ഉണ്ടായ മലവെള്ളപ്പാച്ചിലിൽപ്പെട്ട മൂന്നുപേരുടെ മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു. ഇതോടെ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം അഞ്ചായി. രണ്ടുപേരുടെ മൃതദേഹങ്ങൾ കഴിഞ്ഞരാത്രി തന്നെ കണ്ടെത്തിയിരുന്നു. ഒരു സ്ത്രീയെ കൂടി കാണാതായിട്ടുണ്ട്. കൂടുതൽ പേർ ഒഴുക്കിൽപ്പെട്ടോ എന്ന കാര്യവും പരിശോധിക്കുന്നുണ്ട്. പ്രദേശത്ത് തിരച്ചിൽ ഊർജിതമായി തുടരുകയാണ്.
തിങ്കളാഴ്ച രാവിലെ നടത്തിയ തിരച്ചിലിലാണ് മൂന്നുപേരുടെ മൃതദേഹം കണ്ടെത്തിയത്. കരുവാരക്കുണ്ട് സ്വദേശി റഹീം, വണ്ടൂർ കോട്ടക്കുന്ന് സ്വദേശികളായ റഫീഖ്, സജ്ജാദ് എന്നിവരുടെ മൃതദേഹങ്ങളാണ് രാവിലെ കണ്ടെടുത്തത്. മൃതദേഹങ്ങൾ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മങ്ങാടൻ ബസ് ഉടമ കോട്ടക്കൽ മങ്ങാടൻ ഹമീദിന്റെ മകൻ അനസ് (31), തിരൂർ സ്വദേശി മുഹമ്മദ് കുട്ടി(63) എന്നിവരുടെ മൃതദേഹങ്ങളാണ് കഴിഞ്ഞദിവസം കണ്ടെത്തിയത്. ടി.കെ. നഗർ വെളുത്തേടത്ത് സഞ്ജയ്ദാസിന്റെ ഭാര്യ സജിതയെയാണ് കാണാതായത്.
ഞായറാഴ്ച വൈകീട്ട് അഞ്ചുമണിയോടെയാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. സംഭവസമയത്ത് പുഴയിലോ പരിസരത്തോ മഴയുണ്ടായിരുന്നില്ല. നിരവധി വിനോദസഞ്ചാരികൾ പുഴയിലുണ്ടായിരുന്ന സമയത്ത് അപ്രതീക്ഷിതമായി മലവെള്ളം കുത്തിയൊലിച്ചെത്തുകയായിരുന്നു. ക്രമാതീതമായി വെള്ളം ഉയർന്നത് ശ്രദ്ധയിൽപ്പെട്ടതോടെ വനം ഉദ്യോഗസ്ഥരും നാട്ടുകാരും നടത്തിയ അടിയന്തര ഇടപെടലിൽ കുറെപ്പേരുടെ ജീവൻ രക്ഷിക്കാനായി.
വെള്ളം പെട്ടെന്ന് ഇരച്ചെത്തിയതോടെ പലരും ഓടിരക്ഷപ്പെട്ടു. ഒഴുക്കിൽപ്പെട്ട ചിലർ മരക്കൊമ്പിലും പാറപ്പുറത്തും കയറി രക്ഷതേടി. നാട്ടുകാർ കയറിട്ട് ഇവരെ കരയിലെത്തിച്ചു. പൊലീസും അഗ്നിരക്ഷാസേനയും നാട്ടുകാരും ട്രോമാകെയർ പ്രവർത്തകരും സ്ഥലത്തെത്തി തിരച്ചിലിൽ മുഴുകി. ഇരുട്ടായതോടെ രക്ഷാപ്രവർത്തനവും തിരച്ചിലും ദുഷ്കരമായി. ഇവിടെ പുഴയുടെ തീരത്തോ സമീപപ്രദേശങ്ങളിലോ മഴയില്ലെങ്കിലും മുകൾഭാഗത്തെ മഴവെള്ളം നിമിഷങ്ങൾക്കകം പുഴയിൽ ഒഴുകിയെത്തും. ഞായറാഴ്ചയും സംഭവിച്ചത് ഇതുതന്നെയാണ്. പുഴയിൽ വെള്ളം ഉയരുന്നതിന്റെ സൂചന ലഭിക്കുന്നതിന് മുൻപുതന്നെ ഒഴുക്ക് ശക്തമായി. അപകടത്തിൽപ്പെടുന്നവരിൽ പ്രദേശവാസികൾ കുറവാണെന്നും പുറത്തുനിന്നെത്തുന്നവരാണ് കൂടുതലെന്നും നാട്ടുകാർ പറയുന്നു.