കനത്ത മഴ: വിനോദസഞ്ചാര കേന്ദ്രങ്ങൾക്ക് പൂട്ട്; ശബരിമല യാത്ര ഒഴിവാക്കാൻ നിർദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് പ്രകൃതിക്ഷോഭവും കനത്ത മഴയും തുടരുന്ന പശ്ചാത്തലത്തിൽ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിൽ സഞ്ചാരികൾക്ക് പൂർണ്ണ വിലക്കേർപ്പെടുത്തി. കോഴിക്കോട്, ഇടുക്കി, വയനാട് ജില്ലകളിലെ മുഴുവൻ ടൂറിസം കേന്ദ്രങ്ങളിലേക്കുമുള്ള പ്രവേശനം താൽക്കാലികമായി നിരോധിച്ചതായി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി വ്യക്തമാക്കി. കൂടാതെ തിരുവനന്തപുരത്തെ പൊന്മുടി, തൃശൂരിലെ അതിരപ്പിള്ളി, പാലക്കാടൻ മലയോര മേഖലയായ നെല്ലിയാമ്പതി എന്നിവിടങ്ങളിലും സഞ്ചാരികൾക്ക് നിയന്ത്രണമുണ്ട്.
ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, പത്തനംതിട്ട, കോട്ടയം, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിൽ അതീവ ജാഗ്രത നിർദേശമായ റെഡ് അലർട്ട് നിലനിൽക്കുന്നതിനാലാണ് ഈ കടുത്ത നടപടി. കോഴിക്കോട്ടെ കക്കയം, കരിയാത്തുംപാറ അടക്കമുള്ള മുഴുവൻ ഇക്കോ ടൂറിസം കേന്ദ്രങ്ങളിലും ജലാശയങ്ങളിലും സന്ദർശനം നിരോധിച്ചു.
വിവിധ ജില്ലകളിലെ പ്രധാന നിയന്ത്രണങ്ങൾ:
ഇടുക്കി: ജില്ലയിലേക്കുള്ള അനാവശ്യ യാത്രകൾ പൂർണ്ണമായും ഒഴിവാക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. നിലവിൽ ജില്ലയിലെത്തിയിട്ടുള്ള സഞ്ചാരികൾ സുരക്ഷിതമായ ഇടങ്ങളിൽ തന്നെ തുടരണം.
വയനാട്: എല്ലാവിധ സാഹസിക ടൂറിസം കേന്ദ്രങ്ങൾക്കും ട്രെക്കിങ്ങിനും ഹോംസ്റ്റേകൾക്കും താത്കാലിക നിരോധനമുണ്ട്.
തിരുവനന്തപുരം, കൊല്ലം: പൊന്മുടി ഇക്കോ ടൂറിസം കേന്ദ്രം, കല്ലാർ-പൊന്മുടി റോഡ്, പാലരുവി, കുംഭാവുരുട്ടി വെള്ളച്ചാട്ടങ്ങൾ എന്നിവ പൂർണ്ണമായി അടച്ചു.
കോട്ടയം: ഇലവീഴാപൂഞ്ചിറ, ഇല്ലിക്കൽകല്ല്, മാർമല അരുവി എന്നിവിടങ്ങളിലേക്ക് ഈ മാസം 4 വരെ പ്രവേശനമില്ല. ഈരാറ്റുപേട്ട-വാഗമൺ പാതയിൽ രാത്രിയാത്രയും തടഞ്ഞു.