കനത്ത മഴ: നാലു ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
തിരുവനന്തപുരം: കനത്ത മഴയെ തുടർന്ന് സംസ്‌ഥാനത്ത് നാളെ നാലു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ പ്രഫഷനൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ട്യൂഷൻ സെന്ററുകൾക്കും അവധി ബാധകമായിരിക്കും. എന്നാൽ മുൻനിശ്ചയിച്ച സർവകലാശാല പരീക്ഷകൾക്ക് മാറ്റമുണ്ടായിരിക്കില്ല.
കൂടാതെ കണ്ണൂർ ജില്ലയിലെ പയ്യന്നൂർ, ഇരിട്ടി, തളിപ്പറമ്പ് താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ കണ്ണൂർ ജില്ലയിൽ പ്രഫഷനൽ കോളജുകൾക്ക് ഈ അവധി ബാധകമല്ല. വയനാട്ടിൽ ദുരിതാശ്വാസ ക്യാംപുകൾ പ്രവർത്തിക്കുന്ന സ്‌കൂളുകൾക്ക് മാത്രമായിരിക്കും അവധി.
സംസ്ഥാനത്ത് മഴക്കെടുതി അതിരൂക്ഷമായി തുടരുകയാണ്. കനത്ത മഴയിൽ ഇതുവരെ 18 പേർക്കാണ് ജീവൻ നഷ്‌ടമായത്. കഴിഞ്ഞ മൂന്നു ദിവസത്തിനിടെ പത്തനംതിട്ടയിൽ സാധാരണ ലഭിക്കുന്നതിനേക്കാൾ അഞ്ചിരട്ടിയിലധികം മഴ പെയ്‌തതായി കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് വ്യക്തമാക്കുന്നു. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള 12 ജില്ലകളിൽ ഇന്നും അതിതീവ്ര മഴയ്ക്കും ശക്‌തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. കടൽ പ്രക്ഷുബ്ധമായതിനാൽ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരുകയാണ്.