‘കുറ്റവാളിയെന്ന് വിളിക്കാൻ പറ്റില്ല, 17-കാരൻ്റെ വിവരം ചോർന്നതിൽ എന്ത് നടപടിയെടുത്തു?’; പ്രോസിക്യൂഷനെതിരേ കോടതി
കൊച്ചി: ചേരാനല്ലൂരിൽ അമിതവേഗത്തിലെത്തിയ ബെൻസ് കാറിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ച കേസിൽ പ്രോസിക്യൂഷനെതിരെ രൂക്ഷവിമർശനവുമായി കോടതി. കേസിൽ ഉൾപ്പെട്ട 17-കാരന്റെ വിവരങ്ങൾ ചോർന്നതിൽ എന്ത് നടപടിയെടുത്തുവെന്ന് വ്യക്തമാക്കാൻ സൈബർ പോലീസിന് എറണാകുളം അഡീഷണൽ സെഷൻസ് കോടതി നിർദേശം നൽകി. പ്രായപൂർത്തിയാകാത്ത കുട്ടിയെ ‘കുറ്റവാളി’ എന്ന് വിളിക്കാനാകില്ലെന്ന് വ്യക്തമാക്കിയ കോടതി, അന്വേഷണ ഉദ്യോഗസ്ഥരോട് തിങ്കളാഴ്ച നേരിട്ട് ഹാജരാകാനും കേസ് ഡയറി സമർപ്പിക്കാനും ആവശ്യപ്പെട്ടു.
17-കാരന്റെ ദൃശ്യങ്ങൾ പ്രചരിപ്പിച്ചവർക്കെതിരെ നടപടിയെടുത്ത് റിപ്പോർട്ട് സമർപ്പിക്കാൻ സൈബർ പോലീസിന് കോടതി നിർദേശം നൽകിയിട്ടുണ്ട്. 17-കാരന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് അന്വേഷണ സംഘം നൽകിയ ഹരജി പരിഗണിക്കുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റി.
നരഹത്യാക്കുറ്റത്തിൽ ജാമ്യാപേക്ഷ പരിഗണിക്കാൻ ജുവനൈൽ ജസ്റ്റിസ് ബോർഡിന് അധികാരമില്ലെന്നും, രേഖകൾ പരിശോധിക്കാതെയാണ് ജാമ്യം അനുവദിച്ചതെന്നും ചൂണ്ടിക്കാട്ടിയ പ്രോസിക്യൂഷൻ, 17-കാരനെ ഒബ്സർവേഷൻ ഹോമിലേക്ക് മാറ്റണമെന്ന് കോടതിയിൽ ആവശ്യപ്പെട്ടു.
തട്ടുകടയിലെ ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന ജയപാലകൃഷ്ണനാണ് അപകടത്തിൽ മരിച്ചത്. അമിതവേഗത്തിലെത്തിയ കാർ പിന്നിൽ ഇടിച്ചതിനെ തുടർന്ന് തെറിച്ചുവീണ ഇദ്ദേഹത്തിന്റെ സ്കൂട്ടർ പൂർണമായും തകർന്നിരുന്നു.