ചേരാനല്ലൂർ വാഹനാപകടം: മകൻ ഡ്രൈവിങ് പഠിച്ചത് യൂട്യൂബ് നോക്കിയാണെന്ന് ജഡ്ജിയുടെ മൊഴി
കൊച്ചി: ചേരാനല്ലൂരിൽ അമിതവേഗത്തിലെത്തിയ കാറിടിച്ച് തട്ടുകട ഉടമ മരിച്ച കേസിൽ, വാഹനം ഓടിച്ചിരുന്ന 17-കാരന്റെ പിതാവായ അഡീഷണൽ ജില്ലാ ജഡ്ജിയെ പോലീസ് ചോദ്യം ചെയ്തു. കൊച്ചി പോലീസ് ക്ലബ്ബിൽ വെച്ചായിരുന്നു ചോദ്യം ചെയ്യൽ. മകൻ ഡ്രൈവിങ് പഠിച്ചത് യൂട്യൂബ് നോക്കിയാണെന്നും, താൻ ഉറങ്ങിക്കിടക്കുമ്പോൾ പുലർച്ചെ അറിയാതെയാണ് ബെൻസ് കാർ എടുത്തതെന്നുമാണ് ജഡ്ജി അന്വേഷണ സംഘത്തിന് നൽകിയ മൊഴി. ഞായറാഴ്ചകളിൽ വൈകി മാത്രമാണ് താൻ ഉറക്കമുണരാറുള്ളതെന്നും മകന് ഡ്രൈവിങ് അറിയാമെന്ന കാര്യം അറിയില്ലായിരുന്നുവെന്നും ഇരിങ്ങാലക്കുട മോട്ടോർ ആക്സിഡന്റ് ക്ലെയിംസ് ട്രിബ്യൂണൽ ചുമതലയുള്ള ജഡ്ജി വ്യക്തമാക്കി.
അതിനിടെ, അമിതവേഗത്തിൽ വാഹനമോടിക്കുന്ന വീഡിയോകൾ സ്ഥിരമായി പങ്കുവെച്ചിരുന്ന വിദ്യാർത്ഥിയുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് തെളിവ് നശിപ്പിക്കുന്നതിന്റെ ഭാഗമായി ഡിലീറ്റ് ചെയ്തതായി പോലീസ് കണ്ടെത്തി. എന്നാൽ, അപകടത്തിന് തൊട്ടുമുൻപ് കാർ 104 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്നതിന്റെ എട്ട് സെക്കൻഡ് ദൈർഘ്യമുള്ള നിർണായക വീഡിയോ 17-കാരന്റെ ഫോണിൽ നിന്ന് അന്വേഷണസംഘം കണ്ടെടുത്തിട്ടുണ്ട്.
മരിച്ചയാളുടെ കുടുംബത്തിന്റെ വലിയ പ്രതിഷേധത്തിനൊടുവിലാണ് ജഡ്ജിക്കെതിരെ പോലീസ് കേസെടുത്തത്. മൂന്ന് വർഷം വരെ തടവും 25,000 രൂപ പിഴയും ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. നിലവിൽ ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന കേസിൽ, അപകടം വരുത്തിയ വാഹനത്തിന്റെ ആർ.സി റദ്ദാക്കുന്നതടക്കമുള്ള കർശന നടപടികളും പോലീസ് പരിഗണിക്കുന്നുണ്ട്.