28/10/2026
[fontresizer_tawhidurrahmandear_widget]

‘യുവാക്കളെ ജെൻ സി, ജെൻ ആൽഫ എന്നിങ്ങനെ വിഭജിക്കേണ്ടതില്ല’: നിതിൻ നബിൻ

 ‘യുവാക്കളെ ജെൻ സി, ജെൻ ആൽഫ എന്നിങ്ങനെ വിഭജിക്കേണ്ടതില്ല’: നിതിൻ നബിൻ

പനാജി: യുവജനങ്ങളെ ‘ജെൻ സി’, ‘ജെൻ ആൽഫ’ എന്നിങ്ങനെ പാശ്ചാത്യ ജനസംഖ്യാപരമായ വർഗ്ഗീകരണങ്ങളിലൂടെ വ്യത്യസ്ത തലമുറകളായി തരംതിരിക്കുകയോ വിഭജിക്കുകയോ ചെയ്യേണ്ടതില്ലെന്ന് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ. കഠിനാധ്വാനത്തിലൂടെയും സ്ഥിരോത്സാഹത്തിലൂടെയും മാറ്റങ്ങൾ കൊണ്ടുവരാൻ ആഗ്രഹിക്കുന്ന ആരെയും യുവാക്കളായി കണക്കാക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. ഗോവയിലെ പനാജിയിൽ ബിജെപി സംഘടിപ്പിച്ച ‘യുവ സംവാദ്’ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

യുവത്വത്തെ കേവലം വയസ്സിന്റെ പരിധിയിൽ ഒതുക്കരുതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ജീവിതത്തിൽ മുന്നേറാനും മാറ്റങ്ങൾ സൃഷ്ടിക്കാനുമുള്ള ആഗ്രഹമുള്ളിടത്തോളം കാലം ഒരാൾ യുവാവായിത്തന്നെ തുടരും. അതിന് പ്രായം 15 ആണോ 45 ആണോ എന്നത് പ്രസക്തമല്ല. സ്വന്തം ഭാവി കെട്ടിപ്പടുക്കുന്നതിനൊപ്പം രാജ്യത്തിന്റെയും സംസ്ഥാനത്തിന്റെയും പുരോഗതിക്കായി സംഭാവന നൽകുക എന്ന പൊതു ലക്ഷ്യമാണ് ഇന്നത്തെ യുവാക്കൾക്കുള്ളതെന്നും അതിനാൽ അവരെ പല തട്ടുകളാക്കി മാറ്റരുതെന്നും അദ്ദേഹം പറഞ്ഞു.

യുവാക്കളുടെ ഐഡന്റിറ്റി അവരുടെ ചിന്തകളിലും കഴിവുകളിലുമാണ് അടങ്ങിയിരിക്കുന്നത്. അതിനാൽ ആൽഫ, ബീറ്റാ, ഗാമാ എന്നിങ്ങനെ വിഭജിക്കുന്ന രാഷ്ട്രീയം അനാവശ്യമാണ്. രാജ്യവ്യാപകമായി പ്രതിപക്ഷ പാർട്ടികൾ യുവജനങ്ങളെ കേന്ദ്രീകരിച്ച് പരിപാടികൾ നടത്തുന്ന പശ്ചാത്തലത്തിലാണ് ബി.ജെ.പി നേരിട്ടുള്ള ഇത്തരം സംവാദങ്ങൾ സജീവമാക്കുന്നത്. പാശ്ചാത്യ പദങ്ങൾ ഒഴിവാക്കി, ഇന്ത്യൻ സംസ്കാരത്തിന് അനുയോജ്യമായ ‘യുവ’, ‘ഛാത്ര’ തുടങ്ങിയ പദങ്ങൾക്ക് പ്രാധാന്യം നൽകാനാണ് പാർട്ടി ലക്ഷ്യമിടുന്നത്.

Also read: