‘ആരാണ് രാജ്യദ്രോഹി, ഞാനോ? എന്നെക്കാൾ വലിയ ദേശീയവാദി വേറെയാരുണ്ട്?’ ബിജെപി വിമർശനത്തിന് മറുപടിയുമായി അണ്ണാമലൈ
ചെന്നൈ: ബിജെപിക്കുള്ളിൽ നിന്നുയർന്ന വിമർശനങ്ങൾക്കും ആക്ഷേപങ്ങൾക്കും മറുപടിയുമായി തമിഴ്നാട് ബിജെപി മുൻ പ്രസിഡന്റ് കെ. അണ്ണാമലൈ. തന്റെ ദേശീയതയെ ചോദ്യം ചെയ്യാൻ ആർക്കും അർഹതയില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം, “എന്നെക്കാൾ വലിയ ദേശീയവാദി വേറെയാരുണ്ട്?” എന്ന് തിരിച്ചടിച്ചു.
വിവിധ സംസ്ഥാനങ്ങളിൽ ജീവിച്ച് സേവനമനുഷ്ഠിച്ച അനുഭവങ്ങൾ ഉദ്ധരിച്ചായിരുന്നു അണ്ണാമലൈയുടെ മറുപടി. തമിഴ്നാട്ടിൽ ജനിച്ച താൻ ലഖ്നൗവിൽ പഠിക്കുകയും ആന്ധ്രപ്രദേശിലും ഡൽഹിയിലും ഐപിഎസ് പരിശീലനം പൂർത്തിയാക്കി കർണാടകയിൽ സേവനമനുഷ്ഠിക്കുകയും ചെയ്തുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 12 വർഷത്തിനിടെ ഇത്രയും സംസ്ഥാനങ്ങളിൽ പ്രവർത്തിച്ച മറ്റൊരു വ്യക്തി തമിഴ്നാട്ടിൽ ഇല്ലെന്നും, അതിനാൽ തന്നോട് ദേശീയതയെക്കുറിച്ച് പ്രസംഗിക്കേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സിജെപിയുടെ പ്രതിഷേധ രീതികളോട് യോജിപ്പില്ലെങ്കിലും ജനാധിപത്യപരമായ വിയോജിപ്പുകൾ രേഖപ്പെടുത്താനും പ്രതിഷേധിക്കാനുമുള്ള അവരുടെ അവകാശത്തെ പിന്തുണയ്ക്കുന്നുവെന്ന് അണ്ണാമലൈ നേരത്തെ വ്യക്തമാക്കിയിരുന്നു. പ്രതിഷേധ രീതികളോട് കേന്ദ്രസർക്കാരും ഡൽഹി പൊലീസും സ്വീകരിച്ച സമീപനത്തെയും അദ്ദേഹം വിമർശിച്ചു.
അതേസമയം, അണ്ണാമലൈയുടെ പേരെടുത്തു പറയാതെ ബിജെപി നേതാവ് വനതി ശ്രീനിവാസൻ അദ്ദേഹത്തിനെതിരെ രൂക്ഷവിമർശനം ഉന്നയിച്ചിരുന്നു. സിജെപിയെ പിന്തുണയ്ക്കുന്നവർ ദേശീയതയും ഹിന്ദുത്വവും ഉപേക്ഷിച്ചവരാണെന്നും, കോക്രോച്ച് പാർട്ടിയെ പിന്തുണയ്ക്കുന്നവർ തീർച്ചയായും ദേശവിരുദ്ധരാണെന്നുമായിരുന്നു വനതി ശ്രീനിവാസന്റെ പരാമർശം.
എന്നാൽ വിയോജിക്കാനുള്ള അവകാശത്തെ സംരക്ഷിക്കുന്നത് സിജെപിയെയോ അവരുടെ രാഷ്ട്രീയ അജണ്ടയെയോ പിന്തുണയ്ക്കലല്ലെന്നും അണ്ണാമലൈ കൂട്ടിച്ചേർത്തു.