23/10/2026
[fontresizer_tawhidurrahmandear_widget]

‘അമുസ്‌ലിം പ്രതിനിധികളില്ല’: സംസ്ഥാന വഖഫ് ബോർഡ് പുനഃസംഘടന നിയമവിരുദ്ധമെന്ന് രാജീവ് ചന്ദ്രശേഖർ

 ‘അമുസ്‌ലിം പ്രതിനിധികളില്ല’: സംസ്ഥാന വഖഫ് ബോർഡ് പുനഃസംഘടന നിയമവിരുദ്ധമെന്ന് രാജീവ് ചന്ദ്രശേഖർ

ന്യൂഡൽഹി: സംസ്ഥാന സർക്കാർ പുതുതായി രൂപവത്കരിച്ച വഖഫ് ബോർഡ് നിയമവിരുദ്ധമാണെന്ന് ബിജെപി നേതാവ് രാജീവ് ചന്ദ്രശേഖർ. ഭേദഗതി ചെയ്ത വഖഫ് നിയമപ്രകാരം ബോർഡിൽ രണ്ട് അമുസ്ലിം അംഗങ്ങൾ ഉണ്ടായിരിക്കണമെന്ന വ്യവസ്ഥ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹത്തിന്റെ ആരോപണം.

മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് എം.സി മായിൻ ഹാജി അധ്യക്ഷനായ ഒമ്പതംഗ ബോർഡിൽ അമുസ്ലിം പ്രതിനിധികളെ ഉൾപ്പെടുത്താത്തതിനെയാണ് രാജീവ് ചന്ദ്രശേഖർ ചോദ്യം ചെയ്തത്. എം.എൽ.എ കുറുക്കോളി മൊയ്തീൻ, മുസ്തഫൽ ഫൈസി, സിറാജ് ഡി. കാപ്സി, തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി, സജ്ന ഫിറോസ്, ജസീം സബാഹ്, ഡോ. അബ്ദുൽ മജീദ് സലാഹി, സി. മദീന ബീഗം എന്നിവരാണ് ബോർഡിലെ മറ്റ് അംഗങ്ങൾ.

മാർച്ചിൽ നിലവിൽവന്ന മുൻ വഖഫ് ബോർഡിന് നാലുവർഷത്തിലേറെ കാലാവധി ശേഷിക്കെയാണ് ഒക്ടോബർ 16-ന് യുഡിഎഫ് സർക്കാർ പുതിയ ബോർഡിനെ നിയമിച്ചത്. എൽഡിഎഫ് സർക്കാറിന്റെ കാലത്ത് കെ.എസ് ഹംസയുടെ നേതൃത്വത്തിൽ രൂപവത്കരിച്ച ബോർഡ് പിരിച്ചുവിട്ടായിരുന്നു ഈ നടപടി.

അതേസമയം, വഖഫ് നിയമഭേദഗതിയുമായി ബന്ധപ്പെട്ട കേസ് സുപ്രീംകോടതിയുടെ പരിഗണനയിലായതിനാലാണ് അമുസ്ലിം അംഗങ്ങളുടെ നിയമനം മാറ്റിവെച്ചതെന്നാണ് സർക്കാർ വൃത്തങ്ങളുടെ വിശദീകരണം. വിഷയത്തിൽ സുപ്രീംകോടതിയുടെ അന്തിമ വിധി അനുസരിച്ച് തുടർനടപടി സ്വീകരിക്കാനാണ് സർക്കാറിന്റെ തീരുമാനം. നിയമപ്രകാരമാണ് ബോർഡ് പുനഃസംഘടിപ്പിച്ചതെന്ന് വ്യക്തമാക്കിയ സർക്കാർ, പുനഃസംഘടന ചോദ്യം ചെയ്ത് മുൻ ബോർഡ് അധ്യക്ഷൻ കെ.എസ് ഹംസ സമർപ്പിച്ച ഹരജി നിലവിൽ ഹൈകോടതിയുടെ പരിഗണനയിലാണെന്നും കൂട്ടിച്ചേർത്തു.

Also read: