പൊലീസ് യൂണിഫോമിൽ മതചടങ്ങുകളിൽ പങ്കെടുക്കരുതെന്ന് സർക്കുലർ: നടപടി മതസ്വാതന്ത്ര്യം തടയാനല്ലെന്ന് സർക്കാർ
കൊച്ചി: പൊലീസുകാർ ഔദ്യോഗിക വേഷത്തിൽ മതപരമായ ആചാരങ്ങളിൽ പങ്കാളികളാകുന്നത് വിലക്കിക്കൊണ്ടുള്ള പൊലീസ് മേധാവിയുടെ ഉത്തരവ് ആരുടെയും മതപരമായ അവകാശങ്ങൾ ഹനിക്കാനല്ലെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ജൂലൈ ഒന്നിന് പുറത്തിറക്കിയ സർക്കുലറിനെതിരെ നെയ്യാറ്റിൻകര സ്വദേശി പി.എസ് മഹേന്ദ്ര കുമാർ സമർപ്പിച്ച ഹരജിയിലാണ് സർക്കാർ തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്.
സർക്കാറിന്റെ വിശദീകരണം രേഖപ്പെടുത്തിയ ജസ്റ്റിസ് വി. രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി ജയകുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് ഹരജി തീർപ്പാക്കി. സർക്കുലറിൽ വ്യക്തത വരുത്തി പൊലീസ് നൽകിയ വിശദീകരണം അംഗീകരിച്ച കോടതി ഹരജിക്കാരന്റെ വാദങ്ങൾ തള്ളുകയായിരുന്നു.
ശബരിമല തിരുവാഭരണ ഘോഷയാത്ര, പത്മനാഭസ്വാമി ക്ഷേത്രത്തിലെ ആചാരങ്ങൾ എന്നിവയിൽ പൈതൃകത്തിന്റെ ഭാഗമായി കാലങ്ങളായി പൊലീസുകാർ യൂണിഫോമിൽ പങ്കെടുക്കാറുണ്ടെന്ന് ഹരജിക്കാരൻ ചൂണ്ടിക്കാട്ടിയിരുന്നു.
എന്നാൽ, ഉത്സവങ്ങളുമായി ബന്ധപ്പെട്ട ക്രമസമാധാന പരിപാലനം, ഗതാഗത നിയന്ത്രണം, ജനക്കൂട്ടത്തെ നിയന്ത്രിക്കൽ തുടങ്ങിയ എല്ലാ ഔദ്യോഗിക നിയമപരമായ ചുമതലകളും പൊലീസ് തുടർന്നും കൃത്യമായി നിർവഹിക്കുമെന്ന് അസിസ്റ്റന്റ് ഐജി ജി. ജയദേവ് നൽകിയ സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.