‘ഐഎഎസും ടീച്ചറും ആകുന്നതിന് മുൻപ് മികച്ച അമ്മമാരാകൂ’; സർവകലാശാല ബിരുദദാന ചടങ്ങിൽ യുപി ഗവർണറുടെ ഉപദേശം
കാൻപൂർ: സ്ത്രീകൾ ഐ.എ.എസോ അധ്യാപികയോ ഒക്കെ ആകുന്നതിന് മുൻപ് ആദ്യം സമർത്ഥയായ ഒരു അമ്മയാകാൻ ശ്രദ്ധിക്കണമെന്ന് ഉത്തർപ്രദേശ് ഗവർണർ ആനന്ദിബെൻ പട്ടേൽ. കാൻപൂർ യൂണിവേഴ്സിറ്റിയിൽ നടന്ന ബിരുദദാന ചടങ്ങിൽ സംസാരിക്കവെയാണ് ഔദ്യോഗിക ജീവിതം തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് വിദ്യാർത്ഥിനികൾക്ക് ഗവർണർ ഈ ഉപദേശം നൽകിയത്.
കുടുംബപരമായ ഉത്തരവാദിത്തങ്ങൾ പൂർണ്ണമായി ബലികഴിച്ചുകൊണ്ടാകരുത് സ്ത്രീകൾ പ്രൊഫഷണൽ വിജയം കൈവരിക്കേണ്ടതെന്ന് സംസ്ഥാന സർവകലാശാലകളുടെ ചാൻസലർ കൂടിയായ ആനന്ദിബെൻ പട്ടേൽ ഓർമ്മിപ്പിച്ചു. വിവാഹശേഷവും പെൺകുട്ടികൾ തങ്ങളുടെ വിദ്യാഭ്യാസവും ഔദ്യോഗിക ജീവിതവും മുന്നോട്ട് കൊണ്ടുപോകണം. അതോടൊപ്പം തന്നെ കുടുംബത്തിനും സമൂഹത്തിനും ആവശ്യമായ സംഭാവനകൾ നൽകാൻ തയ്യാറാകണമെന്നും അവർ കൂട്ടിച്ചേർത്തു.
വിവാഹം കഴിഞ്ഞെന്ന് കരുതി പെൺകുട്ടികൾ വിദ്യാഭ്യാസം പാതിവഴിയിൽ ഉപേക്ഷിക്കരുത്. തങ്ങൾ ആർജ്ജിച്ച അറിവും നൈപുണ്യവും രാഷ്ട്രനിർമ്മാണത്തിനായി വിനിയോഗിക്കണം. കുട്ടികൾ സ്കൂളുകളിലും കോളേജുകളിലും ചേർന്ന ശേഷവും അവരുടെ ജീവിതത്തിൽ സജീവമായി ഇടപെടാൻ മാതാപിതാക്കൾ എപ്പോഴും ശ്രദ്ധിക്കണമെന്നും ഗവർണർ ആവശ്യപ്പെട്ടു. സമൂഹത്തിൽ ബിരുദധാരികളുടെ എണ്ണം വർദ്ധിക്കുമ്പോഴും ലഹരി പോലുള്ള കുറ്റകൃത്യങ്ങൾ തുടരുകയാണെങ്കിൽ, അത് നമ്മുടെ വിദ്യാഭ്യാസത്തിന്റെ യഥാർത്ഥ അവസ്ഥയെയാണ് പ്രതിഫലിപ്പിക്കുന്നത്. അതിനാൽ അക്കാദമിക് അറിവുകൾക്കൊപ്പം തന്നെ ധാർമ്മിക മൂല്യങ്ങൾക്കും തുല്യ പ്രാധാന്യമുണ്ടെന്ന് അവർ ചൂണ്ടിക്കാട്ടി.
കാൻപൂർ സർവകലാശാലയിലെ ചടങ്ങിൽ 1,07,713 വിദ്യാർത്ഥികൾക്കാണ് ബിരുദങ്ങൾ സമ്മാനിച്ചത്. ഇതിൽ വിതരണം ചെയ്ത മെഡലുകളിൽ 82 ശതമാനവും നേടിയത് പെൺകുട്ടികളാണ് എന്നത് ശ്രദ്ധേയമായി. ഒരു ദിവസം മുൻപ് ലഖ്‌നൗവിലെ ഡോ. എ.പി.ജെ. അബ്ദുൾ കലാം സാങ്കേതിക സർവകലാശാലയുടെ ബിരുദദാന ചടങ്ങിലും ഗവർണർ സമാനമായ ഉപദേശം നൽകിയിരുന്നു. വിവാഹത്തിന് മുൻപ് വിദ്യാർത്ഥികൾ സാമ്പത്തികമായി സ്വയംപര്യാപ്തത കൈവരിക്കണമെന്നായിരുന്നു അന്ന് അവർ പറഞ്ഞത്. “നിങ്ങൾക്ക് ആരെയെങ്കിലും ഇഷ്ടമാണെങ്കിൽ ആദ്യം സ്വന്തം കാലിൽ നിൽക്കുക, അതിനുശേഷം മാത്രം വിവാഹത്തെക്കുറിച്ച് ചിന്തിക്കുക,” എന്നായിരുന്നു ഗവർണറുടെ വാക്കുകൾ. താൻ പ്രണയവിവാഹങ്ങൾക്ക് എതിരല്ലെന്ന് വ്യക്തമാക്കിയ അവർ, യുവാക്കൾ ജീവിതത്തിൽ കൃത്യമായ അറിവോടെയുള്ള തീരുമാനങ്ങൾ എടുക്കണമെന്നും അഭ്യർത്ഥിച്ചു.