‘എന്റെ അമ്മ റിട്ടയേർഡ് ഐഎഎസ് ഓഫീസറാണ്’; വിവാഹാഭ്യർത്ഥന നിരസിച്ച സ്ത്രീയെ അക്രമിച്ച കേസിൽ പോലീസിനെ ഭീഷണിപ്പെടുത്തി പ്രതി
കാൺപൂർ: വിവാഹാഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് ഐഐടി കാൺപൂർ ജീവനക്കാരിയെ ഇഷ്ടിക കൊണ്ട് ക്രൂരമായി മർദിച്ച യുവാവ് അറസ്റ്റിൽ. മുൻ ഐഎഎസ് ഉദ്യോഗസ്ഥയുടെ മകനായ ദേവാശിഷ് നിഗം(38) എന്നയാളാണ് അറസ്റ്റിലായത്. മർദനമേറ്റ സ്ത്രീ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്.
സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട ഇരുവരും ഏറെ നാളായി അടുത്ത സുഹൃത്തുക്കളായിരുന്നു. കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരം ദേവാശിഷ് ഇവരെ ജോലി കഴിഞ്ഞ് മടങ്ങുമ്പോൾ കാൺപൂരിൽ നിന്ന് കാറിൽ കയറ്റി യാത്ര ചെയ്യുന്നതിനിടെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. താൻ ഭാര്യയുമായി വേർപിരിഞ്ഞു കഴിയുകയാണെന്നും വിവാഹം കഴിക്കണമെന്നും ഇയാൾ സ്ത്രീയോട് ആവശ്യപ്പെട്ടു. എന്നാൽ തനിക്ക് 16 വയസ്സുള്ള ഒരു മകളുണ്ടെന്നും തങ്ങൾ തമ്മിൽ നല്ലൊരു സൗഹൃദം മാത്രമേ സാധ്യമാകൂ എന്നും പറഞ്ഞ് സ്ത്രീ ഈ അഭ്യർത്ഥന നിരസിച്ചു.
ഇതിൽ പ്രകോപിതനായ ദേവാശിഷ് കാറിനുള്ളിൽ വെച്ച് സ്ത്രീയെ മർദിക്കാൻ തുടങ്ങി. ഭയന്നുപോയ സ്ത്രീ രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ ഇയാൾ കാറിന്റെ ഡോർ ലോക്ക് ചെയ്യുകയും പുറത്തിറങ്ങിയ ദേവാശിഷ് റോഡരികിൽ കിടന്ന ഇഷ്ടികയെടുത്ത് കാറിന്റെ ചില്ല് തകർക്കുകയായിരുന്നു. അതിനുശേഷം സ്ത്രീയെ കാറിൽ നിന്ന് പുറത്തേക്ക് വലിച്ചിറക്കി തലയ്ക്കും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലും ഇഷ്ടിക കൊണ്ട് ക്രൂരമായി അടിച്ചു.
സ്ത്രീയുടെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് ദേവാശിഷിനെ തടഞ്ഞതും പോലീസിൽ വിവരമറിയിച്ചതും. സംഭവസ്ഥലത്തെത്തിയ പോലീസ് ചോരയിൽ കുളിച്ചു കിടന്ന സ്ത്രീയെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി. പിടിയിലാകുന്ന സമയത്ത് ‘എന്റെ അമ്മ റിട്ടയേർഡ് ഐഎഎസ് ഓഫീസറാണ്, എന്നെ ഒന്നും ചെയ്യാൻ കഴിയില്ല’ എന്ന് പറഞ്ഞ് പ്രതി പോലീസുകാരെ ഭീഷണിപ്പെടുത്താനും ശ്രമിച്ചു. സ്ത്രീയുടെ സഹോദരി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് പോലീസ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്.