03/06/2026
[fontresizer_tawhidurrahmandear_widget]

ട്രംപിനോട് പ്രതികാരം ചെയ്യാൻ മകളെ കൊല്ലും’;ഇവാൻക ട്രംപിനെ വധിക്കാൻ പദ്ധതിയിട്ട പ്രതി അറസ്റ്റിൽ

 ട്രംപിനോട് പ്രതികാരം ചെയ്യാൻ മകളെ കൊല്ലും’;ഇവാൻക ട്രംപിനെ വധിക്കാൻ പദ്ധതിയിട്ട പ്രതി അറസ്റ്റിൽ

ന്യൂയോർക്ക്: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മകൾ ഇവാൻക ട്രംപിനെ വധിക്കാൻ പദ്ധതിയിട്ട ഇറാഖി പൗരൻ മുഹമ്മദ് ബാഖിർ സാദ് ദാവൂദ് അൽസാദി പിടിയിൽ. മെയ് 15ന് തുർക്കിയിൽ വെച്ചാണ് ഇയാൾ അറസ്റ്റിലായത്. മുൻ ഇറാനിയൻ സൈനിക തലവൻ ഖാസിം സുലൈമാനിയെ യുഎസ് വ്യോമാക്രമണത്തിലൂടെ കൊലപ്പെടുത്തിയതിന് പ്രതികാരം ചെയ്യാനാണ് ഇവാൻകയെ കൊലപ്പെടുത്താൻ പദ്ധതിയിട്ടത്. ട്രംപിന്റെ മകളെ കൊല്ലുമെന്ന് ഇയാൾ പരസ്യമായി പ്രതിജ്ഞയെടുത്തതായും രഹസ്യാന്വേഷണ ഏജൻസികളെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സിന്റെ കീഴിൽ പരിശീലനം നേടിയ ഇയാളുടെ കയ്യിൽ നിന്ന് ഇവാൻകയുടെ മകളുടെ വീടിന്റെ ബ്ലൂപ്രിന്റും പ്രദേശത്തിന്റെ ഭൂപടവും കണ്ടെത്തിയിട്ടുണ്ട്. നേരത്തെ ഇയാൾ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ ഈ ഭൂപടം പങ്കുവെച്ചുകൊണ്ട്, അമേരിക്കക്കാരുടെ കൊട്ടാരങ്ങൾക്കോ അവിടുത്തെ രഹസ്യ സുരക്ഷാ വിഭാഗത്തിനോ അവരെ സംരക്ഷിക്കാൻ കഴിയില്ലെന്നും പ്രതികാരം ചെയ്യാനുള്ള സമയം അടുത്തെത്തിയെന്നും ഭീഷണി മുഴക്കിയിരുന്നു. 2020 ൽ ബാഗ്ദാദ് എയർപോർട്ടിന് സമീപം ഡൊണാൾഡ് ട്രംപിന്റെ ഉത്തരവനുസരിച്ച് നടന്ന ഡ്രോൺ ആക്രമണത്തിലാണ് ഖാസിം സുലൈമാനി കൊല്ലപ്പെട്ടത്. ഇതിന് പിന്നാലെ ട്രംപിന്റെ കുടുംബത്തെ തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് അൽസാദി ഇവാൻകയെ ലക്ഷ്യമിട്ടത്.

‘കതാഇബ് ഹിസ്ബുള്ള’ എന്ന ഇറാൻ അനുകൂല ഇറാഖി ഷിയാ സായുധ ഗ്രൂപ്പിലെ മുതിർന്ന കമാൻഡറാണ് അൽസാദി. ഇവാൻക ട്രംപിനെതിരെയുള്ള വധശ്രമത്തിന് പുറമെ യൂറോപ്പിലും വടക്കേ അമേരിക്കയിലുമായി നടത്തിയ 18ഓളം ആക്രമണങ്ങൾ ആസൂത്രണം ചെയ്തതിന് പിന്നിലും ഇയാളാണെന്ന് യുഎസ് നീതിന്യായ വകുപ്പ് വ്യക്തമാക്കുന്നു. ആംസ്റ്റർഡാമിലെ ബാങ്ക് ഓഫ് ന്യൂയോർക്ക് മെല്ലൻ ശാഖയ്ക്ക് നേരെയുണ്ടായ ആക്രമണം, ലണ്ടനിൽ രണ്ട് ജൂതന്മാരെ കുത്തിപ്പരിക്കേൽപ്പിച്ച സംഭവം, ടൊറന്റോയിലെ യുഎസ് കോൺസുലേറ്റിന് നേരെയുണ്ടായ വെടിവെയ്പ്പ് എന്നിവയിലെല്ലാം ഇയാൾക്ക് പങ്കുണ്ടെന്നാണ് റിപ്പോർട്ട്. നിലവിൽ ന്യൂയോർക്കിലെ ബ്രൂക്ലിനിലുള്ള മെട്രോപൊളിറ്റൻ ഡിറ്റൻഷൻ സെന്ററിൽ അതീവ സുരക്ഷയോടെ ഏകാന്ത തടവിൽ കഴിയുന്ന ഇയാൾക്കെതിരെ അമേരിക്കൻ അധികൃതർ വിപുലമായ അന്വേഷണം തുടരുകയാണ്.

Also read: