ചായകുടിക്കാനിറങ്ങിയ യുവതികൾക്ക് നേരെ ആക്രമണം; വസ്ത്രങ്ങൾ വലിച്ചു കീറി, നാല് പേർ പിടിയിൽ
ന്യൂഡൽഹി: പുലർച്ചെ ചായ കുടിക്കാനിറങ്ങിയ യുവതികൾക്ക് നേരെ ആക്രമണം. തെക്കൻ ഡൽഹിയിലെ നെഹ്‌റു പ്ലേസിൽ ഞായറാഴ്ച പുലർച്ചെയാണ് നടുക്കുന്ന സംഭവം അരങ്ങേറിയത്. താമസിച്ചിരുന്ന ഹോട്ടലിന് സമീപത്തെ ചായക്കടയിലേക്ക് എത്തിയ അസം, ബിഹാർ സ്വദേശിനികളായ യുവതികൾക്ക് നേരെയാണ് ആക്രമണമുണ്ടായത്. സംഭവത്തിൽ നാല് യുവാക്കളെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തു.
മുഹമ്മദ് ഫഹദ്, മുഹമ്മദ് സാവേജ്, മുഹമ്മദ് ആരിഫ്, അമാൻ എന്നിവരാണ് പിടിയിലായത്. ഞായറാഴ്ച രാവിലെ ഏഴുമണിയോടെ ചായ കുടിച്ചുകൊണ്ടിരുന്ന യുവതികൾക്ക് നേരെ പ്രതികൾ അശ്ലീല പരാമർശങ്ങൾ നടത്തുകയായിരുന്നു. ഇത് ചോദ്യം ചെയ്തതോടെ സംഘം മടങ്ങിപ്പോകുകയും പിന്നീട് കൂടുതൽ ആളുകളുമായി എത്തി ആക്രമിക്കുകയുമായിരുന്നു. യുവതികളെ വംശീയമായി അധിക്ഷേപിച്ച പ്രതികൾ ഇവരുടെ വസ്ത്രങ്ങൾ വലിച്ചുകീറുകയും ചെയ്തു.
ആക്രമണം മൊബൈലിൽ പകർത്താൻ ശ്രമിച്ചെങ്കിലും പ്രതികൾ അത് തടഞ്ഞു. നിരവധി പേർ സംഭവത്തിന് സാക്ഷികളായെങ്കിലും ആരും സഹായത്തിനെത്തിയില്ലെന്ന് യുവതികൾ പറഞ്ഞു. താൻ കരുത്തുള്ളവളാണെന്നും എന്നാൽ സുരക്ഷിതത്വം കൂടി വേണമെന്നും ആക്രമണത്തിനിരയായ അസം സ്വദേശിനി പ്രതികരിച്ചു.
പരിക്കേറ്റ യുവതികളെ എയിംസിൽ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. കൽക്കാജി പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. പ്രദേശത്ത് പോലീസ് പെട്രോളിങ് കാര്യക്ഷമമല്ലെന്ന ആക്ഷേപവും ശക്തമാണ്.