‘മതം മാറ്റാൻ ശ്രമിച്ചു, ശരീരത്തിലുടനീളം മർദ്ദനമേറ്റ പാടുകൾ’; ആരോപണവുമായി ഉസ്‌ബക്കിസ്ഥാനിൽ കൊല്ലപ്പെട്ട സാവരിയയുടെ ബന്ധുക്കൾ
ആലപ്പുഴ: ഉസ്‌ബെക്കിസ്ഥാനിൽ മലയാളി എം.ബി.ബി.എസ് വിദ്യാർത്ഥിനി സാവരിയ ലാപ്‌ടോപ്പ് കൊണ്ട് തലയ്ക്കടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം രംഗത്ത്. കൊല്ലപ്പെട്ട പെൺകുട്ടിയുടെ ശരീരത്തിലുടനീളം അതിക്രൂരമായ മർദ്ദനമേറ്റ പാടുകളും മുറിവുകളുമുണ്ടെന്ന് ബന്ധുക്കൾ വെളിപ്പെടുത്തി. കേസിൽ നിലവിൽ ഉസ്‌ബെക്കിസ്ഥാൻ പൊലീസിന്റെ കസ്റ്റഡിയിലുള്ള മലപ്പുറം പുലാമന്തോൾ സ്വദേശിയും സാവരിയയുടെ സഹപാഠിയുമായ സദറുൾ അനമിനെതിരെയാണ് കുടുംബത്തിന്റെ ഗുരുതര ആരോപണം.
സാവരിയയെ മതപരിവർത്തനം നടത്തുന്നതിനായി സദറുൾ അനം നിരന്തരം നിർബന്ധിച്ചിരുന്നുവെന്നും എന്നാൽ പെൺകുട്ടി അതിന് വഴങ്ങിയിരുന്നില്ലെന്നും ബന്ധുക്കൾ മാധ്യമങ്ങളോട് പറഞ്ഞു. പ്രതി അതിക്രൂരമായാണ് സാവരിയയെ ഉപദ്രവിച്ചിരുന്നത്. പെൺകുട്ടിയുടെ കാൽ മുതൽ തല വരെ ചതവുകളുണ്ടായിരുന്നുവെന്ന് വ്യക്തമാക്കിയ കുടുംബം, എന്നാൽ കൊലപാതകത്തിലേക്ക് നയിച്ച യഥാർത്ഥ കാരണം എന്താണെന്ന് ഇപ്പോഴും വ്യക്തമല്ലെന്നും കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസമാണ് സാവരിയയുടെ മൃതദേഹം വിദേശത്തുനിന്നും നാട്ടിലെത്തിച്ചത്. മൃതദേഹത്തിൽ കൂടുതൽ മുറിവുകൾ കണ്ടതിനെ തുടർന്ന് സംശയം തോന്നിയ പിതാവ് ബസന്ത്, റീ-പോസ്റ്റ്‌മോർട്ടം ആവശ്യപ്പെട്ട് ജില്ലാ പൊലീസ് മേധാവിക്ക് (SP) പരാതി നൽകുകയായിരുന്നു. പ്രതി മുൻപും സാവരിയയെ ഉപദ്രവിച്ചിരുന്നതായി കുടുംബം സംശയിക്കുന്നുണ്ട്. ഈ പരാതിയുടെ അടിസ്ഥാനത്തിൽ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ ഇന്ന് രാവിലെ 11 മണിയോടെ മൃതദേഹം വീണ്ടും പോസ്റ്റ്‌മോർട്ടം ചെയ്യുന്നതിനുള്ള നടപടികൾ ആരംഭിച്ചു. സംഭവത്തിൽ സദറുൾ അനമിനെതിരെ കൊലക്കുറ്റം ചുമത്തി ഹരിപ്പാട് പൊലീസ് ഔദ്യോഗികമായി കേസെടുത്തിട്ടുണ്ട്.
കൊലപാതകത്തിന് ശേഷം സാവരിയ താഴെ വീണതാണെന്ന് കള്ളം പറഞ്ഞാണ് പ്രതി അവരെ ആശുപത്രിയിൽ എത്തിച്ചതെന്ന് ഇപ്പോൾ വ്യക്തമായിട്ടുണ്ട്. ആദ്യഘട്ടത്തിൽ കുറ്റം സമ്മതിക്കാൻ ഇയാൾ തയ്യാറായിരുന്നില്ല. എന്നാൽ, ഹോസ്റ്റലിലെ മറ്റ് സഹപാഠികൾ ബുഖാറ പൊലീസിന് നൽകിയ മൊഴിയിൽ പ്രതി മുൻപും സാവരിയയെ ക്രൂരമായി ദേഹോപദ്രവം ഏൽപ്പിച്ചിരുന്നതായി വെളിപ്പെടുത്തിയിരുന്നു. ഇതോടെയാണ് പ്രതി കുടുങ്ങിയത്.
ഇന്ത്യയും ഉസ്‌ബെക്കിസ്ഥാനും തമ്മിലുള്ള നയതന്ത്ര കരാർ അനുസരിച്ച് ഇരയും പ്രതിയും ഇന്ത്യൻ പൗരന്മാരായതിനാൽ കേസ് വിട്ടുകിട്ടാൻ ഇന്ത്യയ്ക്ക് ഔദ്യോഗികമായി ആവശ്യപ്പെടാൻ സാധിക്കും. അതുകൊണ്ടുതന്നെ കേസിന്റെ വിചാരണ ഉൾപ്പെടെയുള്ള തുടർനടപടികൾ ഇന്ത്യയിലാകാനാണ് കൂടുതൽ സാധ്യത. വിചാരണ കേരളത്തിലേക്ക് മാറ്റണമെന്ന് പ്രതിയുടെ കുടുംബവും ആവശ്യപ്പെട്ടിട്ടുണ്ട്.