കുഞ്ഞുസമ്പാദ്യം ഇനി നേപ്പാളിന് തണൽ; പിഗ്ഗി ബാങ്ക് കൈമാറി ആറുവയസ്സുകാരൻ അർബാസ് ഷെയ്ഖ്
ലഖ്നൗ: ടെലിവിഷനിലും മൊബൈൽ ഫോണിലും കണ്ട നേപ്പാളിലെ വെള്ളപ്പൊക്ക ദൃശ്യങ്ങളിൽ മനസ്സ് നൊന്ത് തന്റെ സമ്പാദ്യം മുഴുവൻ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത് ആറുവയസ്സുകാരൻ. കുശിനഗറിലെ വിഷ്ണുപുര സ്വദേശിയായ അർബാസ് ഷെയ്ഖ് (അൽഫാസ്) ആണ് സ്വന്തം ആഗ്രഹങ്ങൾക്കായി മാറ്റിവെച്ച പിഗ്ഗി ബാങ്കിലെ തുക അയൽരാജ്യത്തെ ദുരന്തബാധിതർക്കായി കൈമാറിയത്.
തന്റെ ജന്മനാടായ കുശിനഗറിനോട് ചേർന്നുള്ള നേപ്പാളിൽ വെള്ളപ്പൊക്കത്തിൽ ആളുകൾ കുടുങ്ങിക്കിടക്കുന്ന ഹൃദയഭേദകമായ കാഴ്ചകളാണ് അർബാസിനെ ഈ തീരുമാനത്തിലേക്ക് നയിച്ചത്. കുഞ്ഞു ആഗ്രഹങ്ങൾക്കായി നാണയങ്ങളും നോട്ടുകളുമായി സൂക്ഷിച്ചുവെച്ച പിഗ്ഗി ബാങ്കുമായി കുട്ടി നേരിട്ട് ജില്ലാ മജിസ്ട്രേറ്റ് ഓഫീസിലെത്തുകയായിരുന്നു.
ജില്ലാ മജിസ്ട്രേറ്റ് മഹേന്ദ്ര സിങ് തൻവാറിന് മുന്നിൽ പിഗ്ഗി ബാങ്ക് സമർപ്പിച്ച അർബാസ്, ഈ പണം നേപ്പാളിലെ വെള്ളപ്പൊക്ക ദുരിതബാധിതരെ സഹായിക്കാനായി അയച്ചുനൽകണമെന്ന് അഭ്യർത്ഥിച്ചു. ഭരണനിർവ്വഹണ തിരക്കുകൾക്കിടയിൽ കുട്ടിയുടെ സഹാനുഭൂതിയും പക്വതയും ജില്ലാ മജിസ്ട്രേറ്റിനെയും കളക്ടറേറ്റിലെ ഉദ്യോഗസ്ഥരെയും വികാരഭരിതരാക്കി.
ഇന്ത്യയും നേപ്പാളും തമ്മിലുള്ള ആഴത്തിലുള്ള സാംസ്കാരിക, സാമൂഹിക ബന്ധത്തിന്റെ വിളംബരം കൂടിയാണ് ഈ കുഞ്ഞിന്റെ പ്രവർത്തി. അതിർത്തികൾക്കപ്പുറമുള്ള കാരുണ്യത്തിന്റെ സന്ദേശം നൽകുന്ന അർബാസിന്റെ ഈ കൊച്ചു സംഭാവന സമൂഹമാധ്യമങ്ങളിലും വലിയ പ്രശംസ നേടുകയാണ്.