04/09/2026
[fontresizer_tawhidurrahmandear_widget]

‘സോഷ്യൽ മീഡിയ വരുന്നതിന് മുൻപ് സ്ത്രീകൾക്ക് ഇൻഡസ്ട്രിയിൽ കടുത്ത കാലമായിരുന്നു; മാതാപിതാക്കൾ എപ്പോഴും കൂടെയുള്ളതുകൊണ്ട് അന്നാരും അതിന് ധൈര്യപ്പെട്ടില്ല’; കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച് തുറന്നുപറഞ്ഞ് ശ്രേയ ഘോഷാൽ

 ‘സോഷ്യൽ മീഡിയ വരുന്നതിന് മുൻപ് സ്ത്രീകൾക്ക് ഇൻഡസ്ട്രിയിൽ കടുത്ത കാലമായിരുന്നു; മാതാപിതാക്കൾ എപ്പോഴും കൂടെയുള്ളതുകൊണ്ട് അന്നാരും അതിന് ധൈര്യപ്പെട്ടില്ല’; കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച് തുറന്നുപറഞ്ഞ് ശ്രേയ ഘോഷാൽ

മുംബൈ: സിനിമാ-സംഗീത രംഗത്തെ കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ചും സ്ത്രീകൾ നേരിടുന്ന മറ്റ് പ്രതിസന്ധികളെക്കുറിച്ചും മനസ്സ് തുറന്ന് പ്രശസ്ത ഗായിക ശ്രേയ ഘോഷാൽ. സോഷ്യൽ മീഡിയ സജീവമാകുന്നതിന് മുൻപുള്ള കാലത്ത് വിനോദ മേഖലയിൽ സ്ത്രീകൾക്ക് വളരെ ബുദ്ധിമുട്ടേറിയ സമയമായിരുന്നുവെന്നും, എന്നാൽ ഇപ്പോൾ ആ സാഹചര്യങ്ങളിൽ മാറ്റങ്ങൾ വന്നിട്ടുണ്ടെന്നും അവർ വ്യക്തമാക്കി.

‘ഹോട്ടുർഫ്ലൈ’ എന്ന മാധ്യമത്തിന് നൽകിയ പുതിയ അഭിമുഖത്തിലാണ് ശ്രേയയുടെ ഈ വെളിപ്പെടുത്തൽ. പതിമൂന്നാം വയസ്സിൽ കരിയർ ആരംഭിച്ച തനിക്ക് ഇൻഡസ്ട്രിയിൽ കാസ്റ്റിംഗ് കൗച്ചോ സമാനമായ മറ്റ് മോശം അനുഭവങ്ങളോ ഒരിക്കലും നേരിടേണ്ടി വന്നിട്ടില്ലെന്നും, എന്നാൽ തനിക്ക് അനുഭവമില്ലെങ്കിലും ഇൻഡസ്ട്രിയിൽ കാസ്റ്റിംഗ് കൗച്ച് നിലനിൽക്കുന്നുണ്ടെന്ന് താൻ സമ്മതിക്കുന്നതായും അവർ പറഞ്ഞു. താൻ വളരെ ചെറിയ പ്രായത്തിൽ തന്നെ പാടിത്തുടങ്ങിയതുകൊണ്ട് പരിപാടികൾക്ക് പോകുമ്പോൾ മാതാപിതാക്കളും എപ്പോഴും കൂടെയുണ്ടായിരുന്നു. അതുകൊണ്ടുതന്നെ തന്നോട് മോശമായി എന്തെങ്കിലും പറയാൻ ആരും അന്ന് ധൈര്യപ്പെട്ടിരുന്നില്ലെന്നും ശ്രേയ വ്യക്തമാക്കി.

ഗായകർക്ക് ലഭിക്കുന്ന പ്രതിഫലത്തിലെ വിവേചനങ്ങളെക്കുറിച്ചുള്ള തെറ്റിദ്ധാരണകളെക്കുറിച്ചും അഭിമുഖത്തിൽ ശ്രേയ ഘോഷാൽ വിശദീകരിച്ചു. പ്രതിഫലത്തിന്റെ കാര്യത്തിലുള്ള ഇത്തരം വിവേചനങ്ങൾ ലിംഗാധിഷ്ഠിതമല്ലെന്നും പുരുഷന്മാർക്കും ഇത്തരം അനുഭവങ്ങൾ നേരിടേണ്ടി വരാറുണ്ടെന്നും അവർ പറഞ്ഞു. തന്റെ കരിയറിന്റെ തുടക്കത്തിൽ യാതൊരു പ്രതിഫലവുമില്ലാതെ നിരവധി ഗാനങ്ങൾ പാടിയിട്ടുണ്ട്. പ്രതിഫലവുമായി ബന്ധപ്പെട്ട് നിരവധി തെറ്റിദ്ധാരണകൾ ആളുകൾക്കിടയിലുണ്ട്. അർജിത് സിങ്ങിന് ഇത്ര വലിയ തുക ലഭിക്കുന്നുണ്ടെന്ന് പറയുന്നത് പൂർണ്ണമായും ശരിയല്ല. ഇൻഡസ്ട്രിയിലെ മികച്ച ഗായകരെല്ലാം തന്നെ ഇപ്പോൾ യാതൊരു പ്രതിഫലവുമില്ലാതെ ധാരാളം വർക്കുകൾ ചെയ്യാറുണ്ട്. എന്നാൽ കൃത്യവും ന്യായവുമായ ആവശ്യങ്ങൾ വരുമ്പോൾ അവർ വലിയ തുക ഈടാക്കാറുമുണ്ടെന്ന് ശ്രേയ പറഞ്ഞു.

അതിനിടെ, ശ്രേയ ഘോഷാലും കുടുംബാംഗങ്ങളായ ശർമ്മിഷ്ഠ ഘോഷാൽ, ബിശ്വജിത് ഘോഷാൽ എന്നിവരും ചേർന്ന് മുംബൈയിലെ സാന്താക്രൂസ് വെസ്റ്റിൽ 20.88 കോടി രൂപയുടെ ഒരു ആഡംബര അപ്പാർട്ട്മെന്റ് സ്വന്തമാക്കിയതായി പ്രോപ്പർട്ടി രജിസ്ട്രേഷൻ വിവരങ്ങൾ നൽകുന്ന സി.ആർ.ഇ മാട്രിക്സിൽ നിന്നുള്ള രേഖകൾ വ്യക്തമാക്കുന്നു. സഞ്ജയ് ലീല ബൻസാലിയുടെ ‘ദേവദാസ്’ എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ച ശ്രേയയുടെ ആദ്യത്തെ ഔദ്യോഗിക ബോളിവുഡ് ഗാനം ഐശ്വര്യ റായിയും ഷാരൂഖ് ഖാനും അഭിനയിച്ച ‘ബേരി പിയ’ ആയിരുന്നു. 2015 ഫെബ്രുവരി 5 ന് മുംബൈയിൽ നടന്ന ഒരു സ്വകാര്യ ചടങ്ങിൽ വെച്ച് തന്റെ ഹൈസ്കൂൾ കാലത്തെ പ്രണയിതാവായ ശിലാദിത്യ മുഖോപാധ്യായയെയാണ് ശ്രേയ വിവാഹം കഴിച്ചത്. 2021 ൽ ഇവർക്ക് ഒരു ആൺകുഞ്ഞ് ജനിക്കുകയും, കുട്ടിക്ക് ദേവ്യാൻ എന്ന് പേരുനൽകുകയും ചെയ്തു.

Also read: