20/07/2026
[fontresizer_tawhidurrahmandear_widget]

ബംഗാളിൽ 11 വയസ്സുകാരിയെ പീഡിപ്പിച്ചു കൊന്ന കേസ്; മുഖ്യപ്രതി പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു

 ബംഗാളിൽ 11 വയസ്സുകാരിയെ പീഡിപ്പിച്ചു കൊന്ന കേസ്; മുഖ്യപ്രതി പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ബറയിപൂരിൽ പതിനൊന്നുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി പ്രവാഷ് മൊണ്ടൽ പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. കഴിഞ്ഞ ദിവസം രാത്രി തെളിവെടുപ്പിനായി സംഭവസ്ഥലത്ത് എത്തിച്ചപ്പോഴാണ് സംഭവം. പൊലീസിന്റെ തോക്ക് തട്ടിപ്പറിച്ച് ആക്രമിക്കാൻ ശ്രമിച്ച പ്രതി, ഓടി രക്ഷപ്പെടാൻ നോക്കുന്നതിനിടെ വെടിയുതിർക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.

കഴിഞ്ഞ ശനിയാഴ്ചയാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. സുഹൃത്തിന്റെ ജന്മദിന സമ്മാനം വാങ്ങാൻ വൈകുന്നേരം വീട്ടിൽ നിന്നിറങ്ങിയ പെൺകുട്ടി രാത്രിയായിട്ടും തിരിച്ചെത്തിയില്ല. തുടർന്ന് വീട്ടുകാർ നടത്തിയ തിരച്ചിലിനൊടുവിൽ, ഞായറാഴ്ച രാവിലെ സൂര്യപൂർ ഹാട്ട് പ്രദേശത്തെ ഒരു കുളത്തിൽ നിന്ന് ചാക്കിൽ കെട്ടിയ നിലയിൽ കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. നാലംഗ സംഘം കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു കൊലപ്പെടുത്തിയെന്നാണ് ബന്ധുക്കളുടെ ആരോപണം.

കേസുമായി ബന്ധപ്പെട്ട് പ്രവാഷ് മൊണ്ടൽ ഉൾപ്പെടെ മൂന്ന് പ്രതികളെയാണ് പൊലീസ് തിരിച്ചറിഞ്ഞിരുന്നത്. ആനന്ദ സർദാർ, ദിബാകർ സർദാർ എന്നിവരാണ് മറ്റ് പ്രതികൾ. പെൺകുട്ടിയുടെ കൊലപാതക വിവരം പുറത്തറിഞ്ഞതിന് പിന്നാലെ പ്രകോപിതരായ നാട്ടുകാർ ഞായറാഴ്ച തന്നെ പ്രതികളിൽ ഒരാളെ പിടികൂടി മർദ്ദിച്ച് കൊലപ്പെടുത്തിയിരുന്നു. ഇയാളാണ് പെൺകുട്ടിയുടെ മൃതദേഹം എവിടെയുണ്ടെന്ന വിവരം ആദ്യം വെളിപ്പെടുത്തിയത്. പ്രദേശത്ത് നിലവിൽ കനത്ത സംഘർഷാവസ്ഥ തുടരുകയാണ്.

Also read: