23/07/2026
[fontresizer_tawhidurrahmandear_widget]

പെരുമ്പാവൂരിൽ ക്രൂരമായ ആൾക്കൂട്ട വിചാരണ; കഞ്ചാവ് മാഫിയ എന്ന് ആരോപിച്ച് ജോലി അന്വേഷിച്ചെത്തിയ യുവാക്കളെ തല മൊട്ടയടിച്ച് മർദിച്ചു

 പെരുമ്പാവൂരിൽ ക്രൂരമായ ആൾക്കൂട്ട വിചാരണ; കഞ്ചാവ് മാഫിയ എന്ന് ആരോപിച്ച് ജോലി അന്വേഷിച്ചെത്തിയ യുവാക്കളെ തല മൊട്ടയടിച്ച് മർദിച്ചു

കൊച്ചി: പെരുമ്പാവൂരിൽ ലഹരി വിൽപനക്കാരെന്ന് ആരോപിച്ച് മൂന്ന് യുവാക്കൾക്ക് നേരെ അതിക്രൂരമായ ആൾക്കൂട്ട അക്രമം. യുവാക്കളെ നടുറോഡിൽ മുട്ടുകുത്തി നിർത്തി തല മുണ്ഡനം ചെയ്യുകയും, വസ്ത്രങ്ങൾ അഴിച്ചുമാറ്റി മുറിയിലടച്ച് ക്രൂരമായി മർദ്ദിക്കുകയും ചെയ്തു. പെരുമ്പാവൂർ കണ്ടന്തറയിൽ ഇന്നലെ വൈകിട്ട് നാലരയോടെയാണ് സംഭവം. മർദനമേറ്റ വാഴക്കുളം മഞ്ഞപ്പെട്ടി സ്വദേശികളായ നീറികാണിക്കൽ ഗോകുൽ (18), കണ്ടന്തറ പുത്തൻപുരയ്ക്കൽ ആൽബി (20), മഞ്ഞപ്പെട്ടി കളപ്പോത്ത് അൽഫാസ് (20) എന്നിവർ പെരുമ്പാവൂർ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയതോടെയാണ് വിവരം പുറംലോകമറിഞ്ഞത്. പരാതിയുടെ അടിസ്ഥാനത്തിൽ കണ്ടാലറിയാവുന്ന ആറു പേർക്കെതിരെ പൊലീസ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തു.

കണ്ടന്തറയിലെ സോഡാ ഫാക്ടറിയിൽ ജോലി അന്വേഷിച്ചെത്തിയ യുവാക്കൾക്ക് നേരെയാണ് അപ്രതീക്ഷിത ആക്രമണമുണ്ടായത്. ഫാക്ടറിയിലെ സൂപ്പർവൈസർ വിളിച്ചതുപ്രകാരം ബൈക്കിലെത്തിയ മൂവരെയും ഒരു സംഘം ആളുകൾ തടഞ്ഞുനിർത്തുകയായിരുന്നു. ‘നിങ്ങൾ കഞ്ചാവ് വിൽപനക്കാരല്ലേ’ എന്ന് ചോദിച്ച് തർക്കമാരംഭിച്ച സംഘം, യുവാക്കളുടെ മൊബൈൽ ഫോണുകൾ ബലമായി പിടിച്ചുവാങ്ങി.

തുടർന്ന് യുവാക്കളെ നടുറോഡിൽ മുട്ടുകുത്തി ഇരുത്തി തലമുണ്ഡനം ചെയ്യുകയായിരുന്നു. ഇതിനുശേഷം ഫാക്ടറിയിലെ സൂപ്പർവൈസറെ ഭീഷണിപ്പെടുത്തി അകറ്റി നിർത്തിയ അക്രമികൾ, യുവാക്കളെ ഫാക്ടറിക്കുള്ളിലെ മുറിയിലടച്ചു. അവിടെവെച്ച് വസ്ത്രങ്ങൾ അഴിച്ചുമാറ്റി വീണ്ടും ക്രൂരമായി മർദ്ദിച്ച ശേഷം സ്ഥലത്തുനിന്ന് ഓടിച്ചുവിടുകയായിരുന്നുവെന്ന് യുവാക്കളുടെ പരാതിയിൽ പറയുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Also read: