‘ഏതവൻ വിമർശിച്ചാലും ഞാൻ അവർക്കൊപ്പം, പ്രളയത്തിൽ നാട് മുങ്ങിയപ്പോൾ രക്ഷിക്കാൻ എത്തിയവരാണ്’: അബിൻ വർക്കി
പത്തനംതിട്ട: പ്രളയ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്ത ഓഫ് റോഡ് വാഹനത്തിന് നിയമലംഘനത്തിന്റെ പേരിൽ മോട്ടോർ വാഹന വകുപ്പ് കൂടുതൽ പിഴ ഈടാക്കാൻ ഹൈക്കോടതി ഉത്തരവിട്ട സംഭവത്തിൽ വിശദീകരണവുമായി ആറന്മുള എംഎൽഎ അബിൻ വർക്കി. സമൂഹമാധ്യമങ്ങളിൽ വിമർശനം കടുക്കുന്നതിനിടെ, പ്രളയകാലത്ത് ജനങ്ങളെ രക്ഷിക്കാൻ മുന്നിട്ടിറങ്ങിയ വാഹനാുടമകളായ അമലിനും ഭാര്യ ആർദ്രയ്ക്കും പൂർണ പിന്തുണ പ്രഖ്യാപിച്ച് എംഎൽഎ രംഗത്തെത്തി.
ആറന്മുളയിലെ വെള്ളപ്പൊക്ക സമയത്ത് ക്ഷേത്ര പരിസരത്തുനിന്നുൾപ്പെടെ നിരവധിയാളുകളെ സ്വന്തം ജീപ്പിൽ സുരക്ഷിത കേന്ദ്രങ്ങളിലെത്തിച്ചവരാണ് ഈ ദമ്പതികളെന്ന് അബിൻ വർക്കി ഓർമിപ്പിച്ചു. ദുരന്തമുഖത്ത് അടിയന്തര ആവശ്യങ്ങൾക്കായി അടൂർ ടൗണിലെത്തിയപ്പോൾ എംവിഡി വാഹനം തടഞ്ഞ് പിഴയിടുകയായിരുന്നു. ഇത്തരം അടിയന്തര സാഹചര്യത്തിൽ ചെക്കിങ് നടത്തിയ ഉദ്യോഗസ്ഥരുടെ നടപടി അനാവശ്യവും അനൗചിത്യവുമാണെന്നും, അതിനാലാണ് വിഷയത്തിൽ ജനപ്രതിനിധി എന്ന നിലയിൽ മുൻപ് ഇടപെട്ടതെന്നും അദ്ദേഹം പറഞ്ഞു.
കോടതി വിധി പൂർണമായും ബഹുമാനിക്കുന്നു എന്ന് വ്യക്തമാക്കിയ എംഎൽഎ, മുൻപ് ചുമത്തിയ 5,250 രൂപ പിഴ യൂത്ത് കോൺഗ്രസ് കമ്മിറ്റി അടയ്ക്കുകയും വാഹനത്തിലെ അധിക ലൈറ്റുകൾ നീക്കം ചെയ്യുകയും ചെയ്തിരുന്നതായി അറിയിച്ചു. എന്നാൽ പ്രളയത്തിൽപ്പെട്ട് ഭയന്നുനിന്ന ഹൈക്കോടതി അഭിഭാഷകരുടെ കുടുംബങ്ങളെ വരെ രക്ഷിക്കാൻ മുൻപന്തിയിലുണ്ടായിരുന്നത് ഈ യുവാക്കളായിരുന്നു. ദുരന്ത സമയത്ത് ജനങ്ങളെ സംരക്ഷിച്ചവർക്ക് കൂടെ നിൽക്കേണ്ടത് തന്റെ കടമയാണെന്നും, സോഷ്യൽ മീഡിയയിൽ ആര് വിമർശിച്ചാലും അമലിനും ആർദ്രയ്ക്കും ഒപ്പം ഉറച്ചുനിൽക്കുമെന്നും എംഎൽഎ വ്യക്തമാക്കി.