‘ക്ലാസിൽ അശ്ലീല പരാമർശം, ലൈംഗികച്ചുവയോടെ പെരുമാറ്റം’; ജെഎൻയു പ്രൊഫസർക്കെതിരെ പരാതിയുമായി 10 വിദ്യാർത്ഥികൾ
ന്യൂഡൽഹി: ഡൽഹി ജവഹർലാൽ നെഹ്റു സർവകലാശാലയിലെ (ജെഎൻയു) പ്രൊഫസർക്കെതിരെ ഗുരുതര ലൈംഗികാതിക്രമ ആരോപണങ്ങളുമായി വിദ്യാർത്ഥികൾ. പത്തോളം വിദ്യാർത്ഥികളാണ് പ്രൊഫസർക്കെതിരെ സർവകലാശാലയിലെ ആഭ്യന്തര പരാതി പരിഹാര സമിതിക്ക് പരാതി നൽകിയത്. ഒരു മാസം മുൻപ് ലഭിച്ച പരാതികളിൽ സമിതി ഇതിനകം തന്നെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ക്ലാസ് മുറികളിലും പുറത്തുവെച്ചും പ്രൊഫസർ നിരന്തരം ലൈംഗികച്ചുവയോടെ സംസാരിക്കുകയും മോശമായി പെരുമാറുകയും ചെയ്തുവെന്നാണ് പ്രധാന ആരോപണം. കാമ്പസിലെ തന്റെ വീട്ടിൽ നടക്കുന്ന സൗഹൃദ ഒത്തുചേരലുകളിലേക്ക് വിദ്യാർത്ഥികളെ വിളിച്ചുവരുത്തി ലൈംഗികാതിക്രമത്തിന് ശ്രമിച്ചതായും, ക്ലാസെടുക്കുന്ന സമയത്ത് അനുചിതമായ അശ്ലീല പരാമർശങ്ങൾ നടത്തിയതായും വിദ്യാർത്ഥികൾ നൽകിയ പരാതിയിൽ വ്യക്തമാക്കുന്നു.
സമിതിക്ക് മുൻപാകെ ആദ്യ പരാതി എത്തിയതിന് പിന്നാലെ, പരാതിക്കാർക്ക് പൂർണ്ണ പിന്തുണയുമായി കൂടുതൽ സീനിയർ വിദ്യാർത്ഥികളും രംഗത്തെത്തിയിട്ടുണ്ട്. ഈ പ്രൊഫസറിൽ നിന്ന് മുൻപ് തങ്ങൾക്കും സമാനമായ ദുരനുഭവങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഇവർ രംഗത്തുവന്നത്. പത്തോളം വിദ്യാർത്ഥികൾ ഗുരുതര ആരോപണങ്ങളുമായി മുന്നോട്ടുവന്നിട്ടും സംഭവത്തിൽ ജെ.എൻ.യു അധികൃതർ ഇതുവരെ ഔദ്യോഗികമായി യാതൊരു വിശദീകരണവും നൽകിയിട്ടില്ല.