22/07/2026
[fontresizer_tawhidurrahmandear_widget]

ഡൽഹി പൊലീസിനെ വട്ടംകറക്കി ജെൻസി പിള്ളേർ; ഇന്റർനെറ്റ് വിലക്കിനെ മറികടക്കാൻ ‘ബിറ്റ്ചാറ്റ്’ ഉപയോ​ഗിച്ച് ആശയവിനിമയം നടത്തി പ്രതിഷേധക്കാർ

 ഡൽഹി പൊലീസിനെ വട്ടംകറക്കി ജെൻസി പിള്ളേർ; ഇന്റർനെറ്റ് വിലക്കിനെ മറികടക്കാൻ ‘ബിറ്റ്ചാറ്റ്’ ഉപയോ​ഗിച്ച് ആശയവിനിമയം നടത്തി പ്രതിഷേധക്കാർ

ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കും വിദ്യാഭ്യാസ മേഖലയിലെ മറ്റ് പ്രശ്നങ്ങൾക്കുമെതിരെ കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) നടത്തുന്ന പ്രതിഷേധത്തിൽ രാജ്യതലസ്ഥാനം പ്രക്ഷുബ്ധമായി തുടരുകയാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് വിദ്യാർത്ഥികൾ പങ്കെടുക്കുന്ന സമരം അടിച്ചമർത്താനുള്ള തീവ്രശ്രമത്തിലാണ് ഡൽഹി പൊലീസ്. ഇതിന്റെ ഭാഗമായി സെൻട്രൽ ഡൽഹിയിലടക്കം ഇന്റർനെറ്റ് സേവനങ്ങൾ താറുമാറാക്കിയിരുന്നെങ്കിലും, സന്ദേശങ്ങൾ കൈമാറാൻ പ്രതിഷേധക്കാർ മറ്റ് നൂതന സാങ്കേതികവിദ്യകൾ ഉപയോഗപ്പെടുത്തുന്നുണ്ടോ എന്ന സംശയത്തിലാണ് ഇപ്പോൾ പൊലീസ്.

കൊണാട്ട് പ്ലേസ്, ജന്തർ മന്തർ എന്നിവിടങ്ങളിൽ തടിച്ചുകൂടിയ സി.ജെ.പി പ്രവർത്തകർ ഇന്റർനെറ്റിന് പകരമായി ബ്ലൂടൂത്ത് അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഓഫ്‌ലൈൻ മെസ്സേജിങ് ആപ്പുകൾ ഉപയോഗിക്കുന്നുണ്ടെന്നാണ് ഡൽഹി പൊലീസ് സംശയിക്കുന്നത്. ഇത് സംബന്ധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചതായി റിപ്പോർട്ടുകളുണ്ട്.

4G, 5G നെറ്റ്‌വർക്കുകൾ ഇല്ലാത്തയിടങ്ങളിൽ പോലും പ്രവർത്തിക്കുന്ന ഇത്തരം സംവിധാനങ്ങളാണ് നിലവിൽ പ്രതിഷേധക്കാരുടെ പ്രധാന ആശ്രയം. മൊബൈൽ ഇന്റർനെറ്റ് നിരോധനം ഏർപ്പെടുത്തിയ പ്രദേശങ്ങളിൽ ഇത്തരം ആപ്പുകളുടെ ഉപയോഗം വ്യാപകമായി നടക്കുന്നുണ്ടെന്ന നിഗമനത്തിലാണെങ്കിലും പൊലീസ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. വാട്‌സ്‌ആപ്പ്, സിഗ്നൽ, ടെലഗ്രാം പോലുള്ള സാധാരണ മെസ്സേജിങ് ആപ്പുകൾ മൊബൈൽ ഡാറ്റയോ വൈഫൈയോ ഉപയോഗിച്ച് പ്രവർത്തിക്കുമ്പോൾ, ഈ ഓഫ്‌ലൈൻ ആപ്പുകൾ പ്രധാനമായും ബ്ലൂടൂത്ത്, വയർലെസ് ടെക്നോളജികളെയാണ് ആശ്രയിക്കുന്നത്.

ഇന്നത്തെ മിക്ക സ്മാർട്ട്ഫോണുകളിലും ഈ സാങ്കേതികവിദ്യ ലഭ്യമാണ്. ഇത്തരം ഓഫ്‌ലൈൻ മെസ്സേജിങ് ആപ്പുകളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ‘ബിറ്റ്ചാറ്റ്’. 2025 ജൂലൈയിൽ ട്വിറ്റർ സ്ഥാപകൻ ജാക്ക് ഡോർസിയാണ് ഈ ആപ്പ് അവതരിപ്പിച്ചത്. പ്ലേ സ്റ്റോറിൽ ഇതിനോടകം ഒരു മില്യണിലധികം പേർ ഡൗൺലോഡ് ചെയ്തിട്ടുള്ള ഈ ആപ്പിൽ സ്വന്തമായി അക്കൗണ്ട് നിർമ്മിക്കാതെ തന്നെ സന്ദേശങ്ങൾ കൈമാറാൻ സാധിക്കും. പ്ലേസ്റ്റോറിൽ സമാനമായ മറ്റ് പല ആപ്പുകളും ലഭ്യമാണ്.

മൊബൈൽ ടവറുകളെയോ വൈഫൈ റൂട്ടറുകളെയോ ആശ്രയിക്കാതെ, തൊട്ടടുത്തുള്ള ഫോണിലെ ആപ്പിലേക്ക് ബ്ലൂടൂത്ത് വഴി സന്ദേശം കൈമാറുകയാണ് ബിറ്റ്ചാറ്റ് പോലുള്ള ആപ്പുകൾ ചെയ്യുന്നത്. തുടർന്ന് ഈ ഡിവൈസുകൾ തമ്മിൽ ബന്ധിപ്പിച്ച് ഒരു മെഷ് നെറ്റ്‌വർക്ക് സൃഷ്ടിക്കപ്പെടുകയും, ഉദ്ദേശിച്ച വ്യക്തിയിലേക്ക് എത്തുംവരെ സന്ദേശം മറ്റ് ഫോണുകളിലൂടെ കൈമാറ്റം ചെയ്യപ്പെടുകയും ചെയ്യുന്നു. ഒരു പ്രദേശത്ത് ഈ ആപ്പ് ഉപയോഗിക്കുന്നവരുടെ എണ്ണം വർദ്ധിക്കുന്നതിനനുസരിച്ച് നെറ്റ്‌വർക്കിന്റെ വലിപ്പവും സന്ദേശങ്ങൾ കൈമാറുന്നതിന്റെ വേഗതയും വർദ്ധിക്കും.

ഇന്റർനെറ്റിനെ മാത്രം ആശ്രയിക്കുന്ന ആപ്പുകളിൽ നിന്നും വ്യത്യസ്തമായി പ്രവർത്തിക്കുന്നതിനാൽ, ഇന്റർനെറ്റ് ഷട്ട് ഡൗൺ ഉള്ള സമയങ്ങളിലും ഈ സംവിധാനം പ്രവർത്തനസജ്ജമായിരിക്കും. ദൂരപരിധിയെന്ന ചെറിയ പോരായ്മയുണ്ടെങ്കിൽ പോലും ഇത്തരം മെഷ് നെറ്റ്‌വർക്കുകൾ രൂപംകൊള്ളുന്നത് ഇന്റർനെറ്റ് ഇല്ലാത്ത സാഹചര്യങ്ങളിൽ പ്രതിഷേധക്കാർക്ക് വലിയ സഹായമാണ് നൽകുന്നത്.

Also read: