‘അവന് വെറും തീവ്രവാദിയല്ലേ, അല്ലാതെ ദേശീയ പതാക ഉയര്ത്തിയതൊന്നുമല്ലല്ലോ’: അമേരിക്കന്‍ പൗരന്റെ ജാമ്യം നീട്ടിയതില്‍ അഭിജീത് ദിപ്കെ
ന്യൂഡൽഹി: മ്യാന്മറിൽ ഭീകരവാദ പരിശീലനം നൽകിയ കേസിൽ പ്രതിയായ അമേരിക്കൻ പൗരന് ജാമ്യം നൽകിയ സംഭവത്തിൽ എൻഐഎ നിലപാടിനെയും കേന്ദ്ര സർക്കാരിനെയും രൂക്ഷമായി വിമർശിച്ച് സിജെപി നേതാവ് അഭിജീത് ദിപ്കെ. കേസിൽ അറസ്റ്റിലായ അമേരിക്കൻ പൗരൻ മാത്യു വാൻഡൈക് അടുത്ത വാദം കേൾക്കുന്ന ഫെബ്രുവരി 24 വരെ യുഎസിൽ തുടരുന്നതിൽ എതിർപ്പില്ലെന്ന എൻഐഎ നിലപാടിനെതിരെയാണ് ദിപ്കെ പരിഹാസവുമായി രംഗത്തെത്തിയത്.
“അയാൾ വെറും തീവ്രവാദ പ്രവർത്തനമല്ലേ ചെയ്തത്, അല്ലാതെ ദേശീയ പതാകയൊന്നും ഉയർത്താൻ ശ്രമിച്ചതല്ലല്ലോ” എന്ന് ദിപ്കെ പങ്കുവെച്ച വീഡിയോ സന്ദേശത്തിൽ പരിഹസിച്ചു. രാജ്യത്തിന്റെ ത്രിവർണ പതാക ഉയർത്താനാണ് അയാൾ ശ്രമിച്ചതെങ്കിൽ അത് വലിയൊരു ദേശീയ സുരക്ഷാ ഭീഷണിയായേനേ എന്നാൽ കുറച്ചു ഭീകരർക്ക് പരിശീലനം നൽകിയത് വലിയ വിഷയമല്ലെന്ന രീതിയിലാണ് അധികൃതരുടെ സമീപനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യയിൽ അനധികൃതമായി അതിർത്തി കടന്ന് മ്യാന്മറിലെ ആയുധ പരിശീലന ക്യാമ്പിൽ പങ്കെടുത്തതിന് മാത്യു വാൻഡൈകിനെയും ആറ് ഉക്രൈൻ സ്വദേശികളെയും 2026 മാർച്ച് മാസത്തിലാണ് എൻ.ഐ.എ അറസ്റ്റ് ചെയ്തത്. തിഹാർ ജയിലിൽ കഴിഞ്ഞിരുന്ന ഇവർക്ക് 2026 സെപ്റ്റംബർ 24-ന് ഒരു മാസത്തേക്ക് സ്വന്തം രാജ്യത്തേക്ക് പോകാൻ എൻ.ഐ.എ കോടതി അനുമതി നൽകിയിരുന്നു. കാലാവധി കഴിഞ്ഞ് തിരിച്ചെത്തിയ വാൻഡൈകിന് തുടർന്നും യു.എസിൽ തുടരാൻ അനുമതി നൽകിയ പശ്ചാത്തലത്തിലാണ് ദിപ്കെയുടെ പ്രതികരണം.
ഇതോടൊപ്പം, ഇന്ത്യ-ചൈന അതിർത്തിയിലെ ആക്രമണങ്ങളെക്കുറിച്ചുള്ള ഐ.ടി.ബി.പി മേധാവിയുടെ പ്രസ്താവന ചൂണ്ടിക്കാട്ടി, അതിർത്തിയിൽ നിന്ന് സൈന്യത്തെ മുഴുവൻ പിൻവലിച്ച് ഡൽഹിയിൽ വിന്യസിച്ചതാണ് പ്രതിസന്ധിക്ക് കാരണമെന്നും ദിപ്കെ ആരോപിച്ചു. ജന്തർ മന്തറിൽ ദേശീയ പതാകയേന്തി പ്രതിഷേധിച്ച സി.ജെ.പി നേതാക്കളായ അശുതോഷ് രങ്ക, സൗരവ് ദാസ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ച സംഭവം പരാമർശിച്ച അദ്ദേഹം, താൻ ‘ശക്തനായ നേതാവ്’ ആണെന്ന് വരുത്തിത്തീർക്കാനാണ് പ്രധാനമന്ത്രി പ്രതിഷേധിക്കുന്നവരെ മർദിക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്യുന്നതെന്ന് കുറ്റപ്പെടുത്തി.