ഇൻസ്റ്റഗ്രാമിൽ ആഡംബര ജീവിതം കാണിച്ച് തട്ടിപ്പ്; വിവാഹ വാഗ്ദാനം നൽകി വലയിലാക്കിയത് 20 വനിതാ കോൺസ്റ്റബിൾമാരെ; ലക്ഷങ്ങൾ തട്ടിയ 23-കാരൻ പിടിയിൽ
ന്യൂഡൽഹി: ആഡംബര ജീവിതം കാണിച്ച് പ്രണയം നടിച്ച് ഇരുപതോളം വനിതാ കോൺസ്റ്റബിൾമാരിൽ നിന്ന് ലക്ഷങ്ങൾ തട്ടിയ യുവാവ് അറസ്റ്റിൽ. ഡൽഹി ബുരാരി സ്വദേശി വിക്രാന്ത് തോമർ (23) ആണ് ഡൽഹി പൊലീസിന്റെ പിടിയിലായത്. വിവാഹവാഗ്ദാനം നൽകി 24 ലക്ഷത്തോളം രൂപ കബളിപ്പിച്ചെടുത്ത കേസിലാണ് നടപടി. കരോൾബാഗ് പൊലീസ് സ്റ്റേഷനിലെ വനിതാ കോൺസ്റ്റബിൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയത്.
ആഡംബര ഹോട്ടലുകളുടെയും വിലകൂടിയ കാറുകളുടെയും ചിത്രങ്ങളും വീഡിയോകളും ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച് വൻകിട ബിസിനസുകാരനാണെന്ന് ധരിപ്പിച്ചായിരുന്നു ഇയാളുടെ തട്ടിപ്പ്. മണിക്കൂറുകൾക്ക് ലക്ഷങ്ങൾ വാടക നൽകി ആഡംബര കാറുകൾ എടുത്ത് വനിതാ കോൺസ്റ്റബിൾമാരുമായി യാത്രകൾ നടത്തി വിശ്വസ്തത നേടിയെടുക്കലാണ് ഇയാളുടെ ശൈലി. ഇതിനുശേഷമാണ് വിവിധ ആവശ്യങ്ങൾ പറഞ്ഞ് പണം കൈക്കലാക്കിയിരുന്നത്.
ഇങ്ങനെ തട്ടിയെടുക്കുന്ന പണം ‘വൺ എക്സ്’ ബെറ്റിങ് ആപ്പുമായി ബന്ധപ്പെട്ട അക്കൗണ്ടുകളിലേക്കാണ് പ്രതി മാറ്റിയിരുന്നത്. മുൻപ് ഡൽഹി പൊലീസിലെ ഒരു വനിതാ കോൺസ്റ്റബിളുമായി ഇയാൾ ലിവിങ് ഇൻ റിലേഷനിലായിരുന്നു. ഇവരിൽ നിന്നാണ് മറ്റ് ഉദ്യോഗസ്ഥരെക്കുറിച്ചുള്ള വിവരങ്ങൾ ഇയാൾ ശേഖരിച്ചതെന്നാണ് സംശയം.
മായാപുരി, ഹരി നഗർ, ഇന്ദർപുരി, ഈസ്റ്റ് ഡിസ്ട്രിക്റ്റ് സൈബർ പൊലീസ് സ്റ്റേഷനുകളിലായി ഇയാൾക്കെതിരെ നിലവിൽ അഞ്ചോളം എഫ്.ഐ.ആറുകൾ ഉണ്ട്. മുൻപ് സമാന കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷമാണ് വീണ്ടും തട്ടിപ്പ് തുടർന്നത്. നിലവിൽ സെൻട്രൽ ഡിസ്ട്രിക്റ്റ് സൈബർ പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതിയെ ചോദ്യം ചെയ്തുവരികയാണ്. മാനഹാനി ഭയന്ന് പല ഇരകളും ഔദ്യോഗികമായി പരാതി നൽകാൻ മടിക്കുന്നതായി പൊലീസ് വ്യക്തമാക്കി.