10/06/2026
[fontresizer_tawhidurrahmandear_widget]

‘മൊബൈൽ മോഷ്ടിച്ചുവെന്ന് ആരോപിച്ച് ആക്രമിച്ചു’; ഇമാമിന്റെ കൊലക്കേസിലെ മുഖ്യപ്രതി പങ്കജ് ലോധി അറസ്റ്റിൽ

 ‘മൊബൈൽ മോഷ്ടിച്ചുവെന്ന് ആരോപിച്ച് ആക്രമിച്ചു’; ഇമാമിന്റെ കൊലക്കേസിലെ മുഖ്യപ്രതി പങ്കജ് ലോധി അറസ്റ്റിൽ

ലക്‌നൗ: ബറേലിക്ക് സമീപം ഓടുന്ന ട്രെയിനിൽ നിന്ന് വീണ് മൗലാന തൗസീഫ് റാസ മസ്ഹാരി മരണപ്പെട്ട സംഭവത്തിൽ മുഖ്യപ്രതിയായ പങ്കജ് ലോധിയെ പോലീസ് അറസ്റ്റ് ചെയ്തു. മദ്യലഹരിയിലായിരുന്ന പ്രതി മൊബൈൽ ഫോൺ മോഷ്ടിച്ചുവെന്ന് ആരോപിച്ച് തൗസീഫ് റാസയുമായി തർക്കത്തിലേർപ്പെടുകയും തുടർന്ന് ഇദ്ദേഹത്തെ ക്രൂരമായി മർദിച്ച് ഓടുന്ന ട്രെയിനിൽ നിന്ന് പുറത്തേക്ക് തള്ളിയിടുകയുമായിരുന്നുവെന്ന് പോലീസ് സ്ഥിരീകരിച്ചു. ഉത്തർപ്രദേശിലെ ബറേലിയിൽ ഉറൂസിൽ പങ്കെടുത്ത ശേഷം യോഗി നഗരി എക്‌സ്പ്രസ് ട്രെയിനിൽ മടങ്ങുകയായിരുന്ന തൗസീഫ് റാസ, മരണത്തിന് തൊട്ടുമുമ്പ് ഭാര്യയെ ഫോണിൽ വിളിച്ച് താൻ നേരിടുന്ന മർദ്ദനത്തെക്കുറിച്ച് പറയുകയും രക്ഷിക്കണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തിരുന്നു. പിന്നീട് ബറേലി ജംഗ്ഷന് സമീപമുള്ള റെയിൽവേ ട്രാക്കിൽ നിന്നാണ് ശരീരത്തിൽ ഒന്നിലധികം ഒടിവുകളോടെ ഇദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയത്.

ആദ്യഘട്ടത്തിൽ ഇതൊരു ട്രെയിൻ അപകടമായിട്ടാണ് അധികൃതർ കണക്കാക്കിയിരുന്നതെങ്കിലും ശരീരത്തിലെ പരിക്കുകൾ വ്യക്തമാക്കുന്ന പോസ്റ്റ്‌മോർട്ടം റിപ്പോർട്ടും കുടുംബത്തിന്റെ പരാതിയും മുൻനിർത്തി പോലീസ് അന്വേഷണം ഊർജിതമാക്കുകയായിരുന്നു. തുടർന്ന് സിസിടിവി ദൃശ്യങ്ങളുടെയും മറ്റ് ശാസ്ത്രീയ അന്വേഷണങ്ങളുടെയും അടിസ്ഥാനത്തിൽ ഉത്തർപ്രദേശിലെ മുറാദാബാദ് സ്വദേശിയായ മുപ്പതുകാരൻ പങ്കജ് ലോധിയെ ജൂൺ ആദ്യവാരത്തോടെ റെയിൽവേ പോലീസ് പിടികൂടി. കുറ്റകൃത്യത്തിന് ശേഷം തെളിവുകൾ നശിപ്പിക്കാനും അന്വേഷണസംഘത്തെ തെറ്റിദ്ധരിപ്പിക്കാനും പ്രതി ശ്രമിച്ചിരുന്നു.

കേസന്വേഷണം ശരിയായ രൂപത്തിൽ അല്ലെന്ന് ചൂണ്ടിക്കാട്ടി നിരവധിയാളുകൾ പ്രതിഷേധവുമായി രംഗത്തെത്തിയതോടെയാണ് സംഭവം ദേശീയ ശ്രദ്ധ നേടിയത്. ഇരയുടെ മതവും വേഷവിധാനവും ചൂണ്ടിക്കാട്ടിയുള്ള ആൾക്കൂട്ട ആക്രമണമാണോയെന്ന ആശങ്കയും കുടുംബം പ്രകടിപ്പിച്ചിരുന്നു. സംഭവത്തിൽ ഇക്കാരണങ്ങളൊന്നും കണ്ടെത്തിയിട്ടില്ലെന്നാണ് പോലീസ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കേസിന്റെ നിയമനടപടികൾ പുരോഗമിക്കുകയാണ്.

Also read: