23/07/2026
[fontresizer_tawhidurrahmandear_widget]

വിദ്യാർത്ഥി പ്രക്ഷോഭകരുടെ പാസ്‌പോർട്ടുകൾ റദ്ദാക്കാൻ നീക്കം; സിസിടിവി, ഡ്രോൺ ദൃശ്യങ്ങൾ പരിശോധിക്കും

 വിദ്യാർത്ഥി പ്രക്ഷോഭകരുടെ പാസ്‌പോർട്ടുകൾ റദ്ദാക്കാൻ നീക്കം; സിസിടിവി, ഡ്രോൺ ദൃശ്യങ്ങൾ പരിശോധിക്കും

ന്യൂഡൽഹി: ജന്തർ മന്ദറിലെ വിദ്യാർത്ഥി പ്രതിഷേധങ്ങൾക്കിടയിൽ ഉണ്ടായ അക്രമസംഭവങ്ങളിൽ പങ്കെടുത്തവരുടെ പാസ്‌പോർട്ടുകൾ റദ്ദാക്കാനൊരുങ്ങി ഡൽഹി പോലീസ്. നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് നടന്ന പ്രതിഷേധത്തിനിടെ പോലീസുകാരെ ആക്രമിച്ചവരെയും പൊതുമുതൽ നശിപ്പിച്ചവരെയും തിരിച്ചറിയുന്നതിനായി പോലീസ് വിപുലമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

മേഖലയിൽ സ്ഥാപിച്ചിട്ടുള്ള എ.ഐ സി.സി.ടി.വി ക്യാമറകൾ, ഡ്രോൺ ദൃശ്യങ്ങൾ, വീഡിയോ റെക്കോർഡിങ്ങുകൾ, മൊബൈൽ ദൃശ്യങ്ങൾ എന്നിവ ഉപയോഗിച്ചാണ് അക്രമികളെ തിരിച്ചറിയുന്നത്. സംഘർഷത്തിൽ പങ്കെടുത്തതായി വ്യക്തമാകുന്ന ആളുകളുടെ വിവരങ്ങൾ പോലീസ് ഡാറ്റാബേസ് ഉപയോഗിച്ച് പരിശോധിച്ച് നിയമനടപടികൾ സ്വീകരിക്കുകയും, ബന്ധപ്പെട്ട നിയമ വ്യവസ്ഥകൾ അനുസരിച്ച് ഇവരുടെ പാസ്‌പോർട്ടുകൾ റദ്ദാക്കുന്നതിനുള്ള നടപടികൾ ആരംഭിക്കുകയും ചെയ്യുമെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു.

പ്രതിഷേധത്തിനിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥരെയും റാപ്പിഡ് ആക്ഷൻ ഫോഴ്‌സ് (ആർ.എ.എഫ്) ജവാന്മാരെയും അക്രമികൾ വടികളും മൂർച്ചയുള്ള ആയുധങ്ങളും കല്ലുകളും ഉപയോഗിച്ച് ആക്രമിച്ചതായി പോലീസ് പറഞ്ഞു. ഇത്തരത്തിൽ ആക്രമണത്തിൽ പരിക്കേറ്റ ഇൻസ്‌പെക്ടർ നന്ദ് കിഷോർ സിങ് ഉൾപ്പെടെ നിരവധി പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റിട്ടുണ്ട്.

കലാപം, പൊതുമുതൽ നശിപ്പിക്കൽ, സർക്കാർ ഉദ്യോഗസ്ഥരെ ആക്രമിക്കൽ എന്നിവയടക്കം വിവിധ കുറ്റങ്ങൾ ചുമത്തി ഇതുവരെ പത്തോളം എഫ്.ഐ.ആറുകൾ പോലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അതേസമയം, അക്രമങ്ങളിൽ പങ്കാളികളാകാതെ സമാധാനപരമായി പ്രതിഷേധിച്ചവർ ഭയക്കേണ്ടതില്ലെന്നും, കുറ്റക്കാരെ കണ്ടെത്താൻ പൊതുജനങ്ങൾ നൽകുന്ന വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്നും ഡൽഹി പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.

Also read: