08/09/2026
[fontresizer_tawhidurrahmandear_widget]

‘അച്ഛൻ കെഎസ്ഇബി ചെയർമാനായ ശേഷമാണ് പവർകട്ടെന്ന് സ്വന്തം മക്കൾ പോലും പറഞ്ഞു’- എം.ജി രാജമാണിക്യം

 ‘അച്ഛൻ കെഎസ്ഇബി ചെയർമാനായ ശേഷമാണ് പവർകട്ടെന്ന് സ്വന്തം മക്കൾ പോലും പറഞ്ഞു’- എം.ജി രാജമാണിക്യം

തിരുവനന്തപുരം: സംസ്ഥാനത്ത് ദിവസങ്ങളായി തുടരുന്ന വൈദ്യുതി നിയന്ത്രണത്തിൽ വിശദീകരണവുമായി കെഎസ്‌ഇബി ചെയർമാൻ എം.ജി രാജമാണിക്യം ഐഎഎസ്. എൽ-നിനോ പ്രതിഭാസത്തെ തുടർന്ന് ചൂട് വർധിച്ചതും വൈദ്യുതി ഉപഭോഗം കുത്തനെ കൂടിയതുമാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്ന് അദ്ദേഹം ഒരു മലയാള മാധ്യമത്തോട് പറഞ്ഞു. ഉപഭോഗം വർധിച്ചെങ്കിലും അതിനനുസരിച്ച് ഉത്പാദനം കൂട്ടാൻ കഴിയാത്ത സാഹചര്യമാണുള്ളതെന്നും എല്ലാവരും വൈദ്യുതി ഉപയോഗം പരമാവധി കുറയ്ക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

“ജനങ്ങളുടെ പരിഭവം പൂർണമായി മനസിലാക്കുന്നു. ഞാനും ജനങ്ങളിൽ ഒരാളാണ്. എൽ നിനോ വർഷമായതിനാൽ ചൂട് കൂടുകയും മഴ കുറയുകയും ചെയ്യുന്ന അവസ്ഥ തുടരുകയാണ്. കഴിഞ്ഞ ഒരാഴ്ചയായി ശരാശരി ഉപഭോഗം 5000 മെഗാവാട്ടാണ്. എന്നാൽ ഡാമുകളിൽ നിന്ന് പരമാവധി ഉത്പാദിപ്പിക്കാൻ കഴിയുന്നത് 1750 മെഗാവാട്ട് മാത്രമാണ്,” അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യയിലാകെ 12,000 മെഗാവാട്ടിന്റെ കുറവുള്ളതിനാൽ ലോഡ് നിയന്ത്രിക്കണമെന്ന് കേന്ദ്രത്തിൽ നിന്ന് സ്റ്റേറ്റ് ലോഡ് ഡെസ്‌പാച്ച്‌ സെന്ററിന് (SLDC) നിർദേശം ലഭിച്ചിട്ടുണ്ടെന്ന് ചെയർമാൻ പറഞ്ഞു. വൈകുന്നേരം 6 മണി മുതൽ രാത്രി 12 വരെയുള്ള പീക്ക് സമയത്ത് 10 രൂപ നൽകി വാങ്ങാൻ തയ്യാറായാൽ പോലും വൈദ്യുതി ലഭ്യമാകാത്ത സാഹചര്യമാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വീട്ടിലെ അനുഭവവും പങ്കുവെച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു: “അച്ഛൻ കെഎസ്‌ഇബി ചെയർമാനായ ശേഷമാണ് പവർ കട്ടെന്ന് സ്വന്തം മക്കൾ പോലും തന്നോട് പറഞ്ഞു. ഞാൻ ചെയർമാനായ സമയത്താണ് എൽ നിനോ പ്രതിഭാസവും ഉപഭോഗവർധനവും വൈദ്യുതി ലഭ്യതക്കുറവും ഒരുമിച്ച് വന്നത്. എല്ലാവരും കൂട്ടായി പരിശ്രമിച്ച് ഉപഭോഗം കുറയ്ക്കുകയാണ് പോംവഴി.”

അതേസമയം, ഇന്നും സംസ്ഥാനത്ത് ഭാഗികമായി വൈദ്യുതി നിയന്ത്രണം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് കെഎസ്ഇബി അറിയിച്ചു. 800 മുതൽ 900 മെഗാവാട്ട് വരെ ഉപഭോഗം കൂടാനിടയുള്ളതിനാൽ വൈകുന്നേരം 6.30 മുതൽ രാത്രി 12.30 വരെയുള്ള സമയങ്ങളിലായിരിക്കും നിയന്ത്രണം ഏർപ്പെടുത്തുക.

Also read: