ഭർത്താവ് നാട്ടിലേക്ക് വരാനിരിക്കെ മകനെയും കൂട്ടി വീട്ട് വിട്ടിറങ്ങി യുവതി; കാണാനില്ലെന്ന പരാതിയുമായി പ്രവാസി യുവാവ്
കോഴിക്കോട്: രണ്ട് വർഷത്തിനു ശേഷം നാട്ടിലേക്ക് വരാനിരിക്കെ ഭാര്യയെയും മകനെയും കാണാനില്ലെന്ന ഞെട്ടലിലാണ് പ്രവാസി യുവാവ്. സൗദിയിൽ ജോലി ചെയ്തിരുന്ന ബാലുശ്ശേരി സ്വദേശി ജയ്സലാണ് ഭാര്യ ഷഹല ഷെറിനെയും മകൻ മുഹമ്മദ് ഐമൻ (7) എന്നിവരെ പതിനാറാം തീയതി മുതൽ കാണാനില്ലെന്ന പരാതിയുമായി രംഗത്തെത്തിയത്.
ഈ മാസം 21ാം തീയതി നാട്ടിലേക്ക് വരാൻ ടിക്കറ്റ് എടുത്ത് നിൽക്കവെയാണ് അപ്രതീക്ഷിത സംഭവം ഉണ്ടാകുന്നത്. അന്നുതന്നെ ബാലുശ്ശേരി പോലീസിലും വടകര ഡിവൈഎസ്പിക്കും കുടുംബം പരാതി നൽകിയിരുന്നെങ്കിലും ഇതുവരെ യാതൊരു വിവരവും ലഭിച്ചിട്ടില്ല. തന്റെ മകനെയും ഭാര്യയെയും എത്രയും പെട്ടെന്ന് കണ്ടെത്താൻ പോലീസ് അടിയന്തിരമായി അന്വേഷണം നടത്തണമെന്ന് യുവാവ് ആവശ്യപ്പെട്ടു.
വസ്ത്രങ്ങളും ആഭരണങ്ങളും എടുത്താണ് യുവതി ഏഴു വയസ്സുകാരനെയും കൂട്ടി വീട് വിട്ടിറങ്ങിയതെന്ന് ജയ്സൽ പോലീസിനെ അറിയിച്ചു. കുടുംബത്തിൽ യാതൊരുവിധ പ്രശ്നങ്ങളും ഉണ്ടായിരുന്നില്ലെന്നും ഫോണിൽ സംസാരിക്കുമ്പോഴെല്ലാം സന്തോഷത്തോടെയാണ് കാര്യങ്ങൾ പങ്കുവെച്ചിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. അവർക്ക് എന്താണ് സംഭവിച്ചതെന്ന് അറിയില്ല. ഇതിന്റെ പിന്നിലെ സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്നും ഭാര്യയെയും മകനെയും കണ്ടെത്തണമെന്നുമാണ് ജയ്സലിന്റെ ആവശ്യം.
കഴിഞ്ഞ നാല് വർഷമായി പ്രവാസിയായ ഇദ്ദേഹം, വിവാഹം കഴിഞ്ഞ് എട്ട് വർഷത്തോളം കുടുംബത്തോടൊപ്പം നാട്ടിൽ തന്നെ ആയിരുന്നു. തുടർന്ന് ചില സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണമാണ് വീണ്ടും വിദേശത്തേക്ക് പോവേണ്ടി വന്നത്. ജൈസലിന്റെ പരാതിയിൽ ബാലുശ്ശേരി പോലീസ് അന്വേഷണം ആരംഭിച്ചു.