‘ഹിഡൻ സ്‌പോട്ടുകൾ കണ്ടെത്തി റീൽസ് ഇടേണ്ട’; ഉൾവനത്തിലെ വെള്ളച്ചാട്ടത്തിന്റെ വീഡിയോ പ്രചരിപ്പിച്ച വ്‌ളോഗർക്കെതിരെ കേസെടുത്ത് വനംവകുപ്പ്
നിലമ്പൂർ: വനത്തിൽ അതിക്രമിച്ചു കയറി റീൽസ് ചിത്രീകരിച്ച വ്‌ളോഗർക്കും സംഘത്തിനുമെതിരെ കേസെടുത്തു. മലപ്പുറം പള്ളൂർ വളപ്പിൽ ജാസി ആഷിക്, പാലക്കാട് ചക്കിലി കടവത്ത് ആഷിക്, മാങ്ങോടൻ ഉമ്മുൽ ഹൈറ, അരീക്കോട് തെക്കെത്തൊടി കെ.ടി ഷബാബ് എന്നിവർക്കെതിരെയാണ് വനംവകുപ്പ് കേസെടുത്തത്. റിസർവ് വനത്തിൽ നിയമവിരുദ്ധമായി പ്രവേശിച്ചതിനും ചിത്രീകരണം നടത്തിയതിനം നിയമപ്രകാരം 6 മാസം മുതൽ 3 വർഷം വരെ തടവും 25,000 രൂപ പിഴയും ചുമത്താവുന്ന വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. എടവണ്ണ റേഞ്ചിലെ ഓടക്കയം കൂരകല്ല് ഭാഗത്ത് ഉൾവനത്തിലാണ് റീൽസ് ചിത്രീകരിച്ചത്.
ഇവർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വെള്ളച്ചാട്ടത്തിന്റെ ദൃശ്യങ്ങൾ വൈറലായതോടെ ഈ പ്രദേശത്തേക്ക് സഞ്ചാരികളുടെ വൻ തിരക്കായി. വന്യജീവി സാന്നിധ്യമുള്ളതും അപകടസാധ്യതയേറിയതുമായ അതീവ പരിസ്ഥിതി ലോല മേഖലയിലേക്ക് ആളുകൾ കൂട്ടത്തോടെ എത്തുന്നതും വഴിതെറ്റി അപകടങ്ങളിൽപ്പെടുന്നതും തടയാൻ പ്രദേശത്ത് വനംവകുപ്പ് പരിശോധന ശക്തമാക്കിയിട്ടുണ്ട്.
മുൻകരുതലുകളോ ഗൈഡുകളോ ഇല്ലാതെ ഉൾക്കാട്ടിലേക്ക് എത്തുന്നത് വഴിതെറ്റാനും വന്യജീവി ആക്രമണങ്ങൾക്കും കാരണമാകും. ഇത്തരം പ്രവൃത്തികൾ തടയുന്നതിന്റെ ഭാഗമായി പ്രദേശത്ത് നിരീക്ഷണം ശക്തമാക്കിയ വനംവകുപ്പ്, വനനിയമം ലംഘിച്ച് ഉൾക്കാടുകളിൽ കയറുന്നവർക്കെതിരെയും ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെയും കർശന നടപടി തുടരുമെന്ന് അറിയിച്ചു.
ജൂലൈ 14നാണ് കൊടുമ്പുഴ സ്റ്റേഷനിൽ കേസെടുത്തത്. നിലമ്പൂർ നോർത്ത് ഡിഎഫ്ഒ പി. ധനേഷ് കുമാറിനു മുന്നിൽ പ്രതികളുടെ മൊഴി രേഖപ്പെടുത്തി വിട്ടയച്ചു. റേഞ്ച് ഓഫിസർ എം. എൻ ഷംനാസിന്റെ മേൽനോട്ടത്തിൽ എസ്എഫ്ഒ സി. ദിജിലും സംഘവും ആണ് അന്വേഷണം നടത്തിയത്.