25/07/2026
[fontresizer_tawhidurrahmandear_widget]

‘കാർ നന്നാക്കാൻ ചെലവായത് 1.93 ലക്ഷം, ഇ.ഡി നൽകിയ പണം ആശ്വാസമായി; സി.പി.എം വാഗ്ദാനം ഇതുവരെ ലഭിച്ചില്ല’; ഇനി സർക്കാർ ഓട്ടത്തിനില്ലെന്ന് ഡ്രൈവർ ശ്യാംരാജ്

 ‘കാർ നന്നാക്കാൻ ചെലവായത് 1.93 ലക്ഷം, ഇ.ഡി നൽകിയ പണം ആശ്വാസമായി; സി.പി.എം വാഗ്ദാനം ഇതുവരെ ലഭിച്ചില്ല’; ഇനി സർക്കാർ ഓട്ടത്തിനില്ലെന്ന് ഡ്രൈവർ ശ്യാംരാജ്

കോട്ടയം: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഉദ്യോഗസ്ഥർക്കെതിരായ സിപിഎം പ്രതിഷേധത്തിനിടെ തകർക്കപ്പെട്ട കാർ നന്നാക്കിയെടുത്തത് സുഹൃത്തിൽ നിന്നും കടം വാങ്ങിയ പണം കൊണ്ടാണെന്ന് ഡ്രൈവർ ആർ. ശ്യാംരാജ്. അറ്റകുറ്റപ്പണികൾക്കായി 1.93 ലക്ഷം രൂപയാണ് ചിലവായത്. ഇതിൽ ഇ.ഡി 1.75 ലക്ഷം രൂപ സഹായമായി നൽകി. ഈ തുക കാർ പുറത്തിറക്കാൻ കടം തന്ന സുഹൃത്തിന് തിരികെ നൽകിയതായും ശ്യാംരാജ് മാധ്യമങ്ങളോട് പറഞ്ഞു.

സംഭവത്തിന് ശേഷം സിപിഎം സാമ്പത്തിക സഹായം വാഗ്ദാനം ചെയ്തിരുന്നുവെങ്കിലും ഇതുവരെ ലഭിച്ചിട്ടില്ല. ആ പണം കൂടി ലഭിച്ചാൽ വലിയ ആശ്വാസമാകുമെന്നും, ഇതിനോടകം രണ്ട് മാസത്തെ വാഹനവായ്പാ അടവുകൾ മുടങ്ങിയതായും അദ്ദേഹം പറഞ്ഞു. ഇനി ഇ.ഡി വിളിച്ചാൽ വീണ്ടും ഓട്ടത്തിന് പോകുമോ എന്ന ചോദ്യത്തിന് ഒരിക്കലുമില്ല എന്നായിരുന്നു ശ്യാംരാജിന്റെ മറുപടി. സർക്കാർ ആവശ്യങ്ങൾക്കായി എത്ര വിളിച്ചാലും ഇനി പോകില്ലെന്നും, ഈ ഒരൊറ്റ ഓട്ടം കൊണ്ട് അത്രത്തോളം അനുഭവിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അറുപത് ദിവസത്തിലധികമാണ് തൊഴിലില്ലാതെ ശ്യാംരാജിന് വീട്ടിലിരിക്കേണ്ടി വന്നത്. ഇതിനിടെ ഉപജീവനത്തിനായി സിമൻ്റ് വണ്ടി ഓടിക്കാനും പെയിൻ്റിങ് പണികൾക്കും പോയിരുന്നു.

കഴിഞ്ഞ മേയ് 27-ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ വീടിനു മുന്നിൽ വെച്ചാണ് ഇ.ഡി ഉദ്യോഗസ്ഥർക്കു നേരെ സിപിഎം പ്രവർത്തകരുടെ പ്രതിഷേധമുണ്ടായത്. അന്ന് നടന്ന അക്രമത്തിൽ മൂന്ന് കാറുകളാണ് തകർക്കപ്പെട്ടത്. കാറിൻ്റെ ചില്ല് തകർന്ന് തെറിച്ചുവീണ് ശ്യാംരാജിന്റെ കണ്ണിനും പരിക്കേറ്റിരുന്നു. തൊഴിലാളിയുടെ ഉപജീവനമാർഗം ഇല്ലാതാക്കിയതിൽ പാർട്ടിക്ക് ധാർമിക ഉത്തരവാദിത്തമുണ്ടെന്നും ശ്യാംരാജിന്റെ ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ ഇടപെടാമെന്നും സിപിഎം ജില്ലാ ആക്ടിങ് സെക്രട്ടറിയായിരുന്ന എ.എ. റഹീം എംപി അന്ന് വ്യക്തമാക്കിയിരുന്നു. എന്നാൽ സി.ഐ.ടി.യു ഓട്ടോ ടാക്സി യൂണിയൻ യൂണിറ്റ് പ്രസിഡൻ്റ് കൂടിയായ ശ്യാംരാജിനെ സഹായിക്കാൻ ഒന്നര മാസം കഴിഞ്ഞിട്ടും പാർട്ടി നേതൃത്വം തയ്യാറാകാത്തതിനെതിരെ വലിയ വിമർശനങ്ങളാണ് ഉയർന്നുവന്നിരുന്നത്.

Also read: