‘മതസ്ഥാപനത്തിന്റെ പണം അവർക്കുള്ളതാണ്, അവിടെ വരുന്ന ഭക്തർക്കുള്ളതാണ്’; ചലച്ചിത്ര മേഖലക്ക് സംഭാവന ചെയ്യേണ്ടതല്ലെന്ന് അൻസിബ
കൊച്ചി: താരസംഘടനയായ ‘അമ്മ’യുടെ ക്ഷേത്ര സ്പോൺസർഷിപ്പ് വിവാദത്തിൽ തൻ്റെ നിലപാട് വ്യക്തമാക്കി നടി അൻസിബ ഹസൻ. ഏതൊരു മതസ്ഥാപനത്തിൻ്റെയും പണം അവിടെയെത്തുന്ന ഭക്തർക്കുള്ളതാണെന്നും അത് ചലച്ചിത്ര മേഖലയ്ക്ക് സംഭാവന ചെയ്യേണ്ടതല്ലെന്നുമുള്ള ഉറച്ച ബോധ്യത്തിലാണ് താൻ സംസാരിച്ചതെന്ന് അൻസിബ പറഞ്ഞു. എന്നാൽ, ഇതിൻ്റെ പേരിൽ തനിക്കെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങളിലും വർഗീയ അധിക്ഷേപങ്ങളിലും നടി ശക്തമായ വിഷമം രേഖപ്പെടുത്തി. ക്യൂ സ്റ്റുഡിയോക്ക് നൽകിയ അഭിമുഖത്തിലാണ് താരം മനസ്സ് തുറന്നത്.
മുസ്‌ലിമായതുകൊണ്ടാണ് താൻ ഇങ്ങനെ പറയുന്നതെന്ന രീതിയിലുള്ള പ്രചാരണങ്ങൾ വേദനിപ്പിക്കുന്നതാണെന്ന് അൻസിബ വ്യക്തമാക്കി. പാകിസ്താനിലേക്ക് പോകാൻ ആവശ്യപ്പെടുന്ന തരത്തിലുള്ള കമൻ്റുകൾ കാണാറുണ്ടെന്നും, ഇന്ത്യയിൽ ജനിച്ചുവളർന്ന എല്ലാവരും ഇന്ത്യക്കാരാണെന്നും താരം ഓർമ്മിപ്പിച്ചു. ഒരു അഭിനേത്രിയെ വളരെ എളുപ്പത്തിൽ വർഗീയവാദിയാക്കാൻ ശ്രമിക്കുന്ന ഇന്നത്തെ സാമൂഹിക വ്യവസ്ഥിതി ആശങ്കാജനകമാണ്. അമ്മയുടെ ജനറൽ ബോഡി സ്റ്റേജിൽ കയറി സംസാരിച്ചത് തൻ്റെ ആത്മാഭിമാനം സംരക്ഷിക്കാനും സത്യാവസ്ഥ ബോധ്യപ്പെടുത്താനുമായിരുന്നുവെന്നും അൻസിബ കൂട്ടിച്ചേർത്തു.
സംഘടനയിൽ നിന്ന് പുറത്തുപോയ അതിജീവിത ഉൾപ്പെടെയുള്ളവരെ തിരിച്ചുകൊണ്ടുവരണമെന്നാണ് തൻ്റെ ആഗ്രഹമെന്നും അൻസിബ വ്യക്തമാക്കി. ഇതിനോട് ചില അംഗങ്ങൾക്ക് താൽപര്യമില്ലെന്ന് മുൻപ് പ്രസിഡൻ്റ് പറഞ്ഞിരുന്നു. എന്നാൽ ആ ചിലർ ആരാണെന്ന് വ്യക്തമാക്കാൻ നേതൃത്വം തയ്യാറാകണം. വരും കമ്മിറ്റികൾ അവരെ തിരിച്ചുകൊണ്ടുവരാൻ മുൻകൈ എടുക്കണമെന്നാണ് അഭ്യർഥനയെന്നും താരം പറഞ്ഞു. ‘അമ്മ’ സാമ്പത്തികമായി ഏറെ ആസ്തിയുള്ള സംഘടനയാണെന്നും, ജനറൽ ബോഡിയിൽ വച്ചാണ് തനിക്ക് പിന്തുണ ലഭിച്ചതെന്നും പറഞ്ഞ അൻസിബ, മോഹൻലാൽ വ്യക്തിപരമായി ആരുടെയും ഭാഗം പിടിച്ചിട്ടില്ലെന്നും ഭൂരിപക്ഷത്തിൻ്റെ തീരുമാനത്തിനൊപ്പം നിൽക്കുമെന്നാണ് അദ്ദേഹം വ്യക്തമാക്കിയതെന്നും കൂട്ടിച്ചേർത്തു.