15/06/2026
[fontresizer_tawhidurrahmandear_widget]

‘അധികാര ദുർവിനിയോഗം നടക്കുന്നു’, പ്രസിഡന്റ് വെറും സ്റ്റാമ്പ് മാത്രം’; ‘അമ്മ’ ഭാരവാഹികൾക്കെതിരെ ടിനി ടോം

 ‘അധികാര ദുർവിനിയോഗം നടക്കുന്നു’, പ്രസിഡന്റ് വെറും സ്റ്റാമ്പ് മാത്രം’; ‘അമ്മ’ ഭാരവാഹികൾക്കെതിരെ ടിനി ടോം

ടിനി ടോം

താരസംഘടനയായ അമ്മയുടെ നിലവിലെ ഭാരവാഹികൾക്കെതിരേ ഗുരുതരമായ ആരോപണവുമായി നടൻ ടിനി ടോം രംഗത്ത്. സംഘടനയെ എങ്ങനെ നയിക്കണമെന്ന് അറിയാത്തവരുടെ ഇടപെടലുകളെത്തുടർന്നാണ് പുതിയ വിവാദങ്ങളുണ്ടായതെന്ന് കൊച്ചിയിൽ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ ടിനി ടോം വിമർശിച്ചു. മുൻ ജനറൽ സെക്രട്ടറി ഇടവേള ബാബു, എക്‌സിക്യൂട്ടീവ് അംഗം കൈലാഷ് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

സംഘടനയുടെ ഫ്രണ്ട് ഓഫീസിൽ ജോലി ചെയ്തിരുന്ന ജീവനക്കാരി ട്രഷറർ ഉണ്ണി ശിവപാലിനെതിരേ തൊഴിൽ പീണനപരാതി നൽകിയ പശ്ചാത്തലത്തിലാണ് ഈ പ്രതികരണം. തുടർന്ന് ട്രഷററോട് നിർബന്ധിത അവധിയിൽപോവാൻ പ്രസിഡന്റ് ഉൾപ്പെടെയുള്ളവർ നിർദേശിച്ചിരുന്നു. ട്രഷറർ ഭരണപരമായ കാര്യങ്ങളിലേക്ക് കടന്നുവെന്നും അദ്ദേഹത്തിന്റെ ജോലിയെന്താണെന്ന് മനസിലായിട്ടുണ്ടാവില്ലെന്നും ടിനി ടോം പറഞ്ഞു. ഇടവേള ബാബുവിനെപ്പോലെയുള്ളവർ മാറിയ ശേഷം സംഘടന മുന്നോട്ടുകൊണ്ടുപോവാനുള്ള ബുദ്ധിമുട്ട് മനസിലായെന്നും ഞങ്ങൾ ചക്രശ്വാസം വലിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തുടർന്നുള്ള രണ്ടുവർഷം പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ടുപോവാൻ സീനിയേഴ്സിന്റെ സഹായം അഭ്യർഥിച്ചിട്ടുണ്ട്.

ജോയിന്റ് സെക്രട്ടറി സ്ഥാനത്തുനിന്ന് അൻസിബ രാജിവെച്ചതിനെക്കുറിച്ച് വ്യക്തിപരമായ തിരക്കുകൾകൊണ്ട് പിന്മാറുന്നു എന്നാണ് പറഞ്ഞതെന്ന് ടിനി ടോം വ്യക്തമാക്കി. ജീവനക്കാരി ഉന്നയിച്ച പരാതികളിൽ തെളിവുസഹിതം കണ്ടെത്തിയ കാര്യങ്ങളിലാണ് നടപടിയെന്നും എക്സിക്യൂട്ടീവ് അംഗങ്ങൾ ഒന്നിച്ചെടുത്ത തീരുമാനത്തിലാണ് ജീവനക്കാരിയെ നിയമിച്ചതെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ പിരിച്ചുവിടുമ്പോൾ അതുണ്ടായില്ല. പ്രസിഡന്റ് ഉൾപ്പെടെ തീരുമാനം അറിഞ്ഞിരുന്നില്ല. അത് നിയമവിരുദ്ധമാണ് എന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് യോഗം ചേർന്ന് പിരിച്ചുവിടൽ തീരുമാനം റദ്ദാക്കിയത്.

ബൈലോ പ്രകാരം അധികാരം പൂർണ്ണമായും ജനറൽ സെക്രട്ടറിക്കാണ്. ആ അധികാരം ദുരുപയോഗം ചെയ്തു. ഇടവേള ബാബു ജനറൽ സെക്രട്ടറിയായിരുന്നപ്പോൾ, ഒരു ബൾബ് മാറ്റിയാൽപ്പോലും യോഗത്തിൽ അറിയിക്കുമായിരുന്നു. അതില്ലാതെ വരികയും പലതും സ്വന്തം ഇഷ്ടപ്രകാരം ചെയ്യാൻ തുടങ്ങുകയും ചെയ്തതോടെയാണ് പലരും പ്രതികരിക്കാൻ തുടങ്ങിയത്. ചില തീരുമാനങ്ങൾ ആരാണ് എടുക്കുന്നതെന്ന് അറിയില്ല. പ്രസിഡന്റിന് അധികാരമില്ല, വെറും സ്റ്റാമ്പ് മാത്രമാണെന്ന് ബോധ്യപ്പെട്ടു.

ഇടവേള ബാബുവും സിദ്ധിഖും ഉൾപ്പെടെയുള്ളവർ ആവശ്യപ്പെട്ടതിനെത്തുടർന്നാണ് താൻ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് മത്സരിച്ചത്. അധികാര ദുർവിനിയോഗം നടന്നു എന്ന് മനസിലായപ്പോഴാണ് ട്രഷററോട് ലീവിൽ പോവാൻ ആവശ്യപ്പെട്ടത്. അമ്മ നിലനിൽക്കേണ്ടത് ഒരുപാട് നിരാലംബരായ ആളുകൾക്ക് വേണ്ടിയാണ്, അവർ സംഘടനയിൽനിന്ന് സംരക്ഷണം പ്രതീക്ഷിക്കുന്നുണ്ടെന്നും ടിനി കൂട്ടിച്ചേർത്തു.

Also read: